‘ഗുരുവായൂര്‍ അമ്പലനടയില്‍’ മനസുരുകി പ്രാര്‍ത്ഥിക്കുന്ന സ്ത്രീ; വീഡിയോയുമായി ‘ഗുരുവായൂര്‍ അമ്പലനടയില്‍’ സംവിധായകന്‍

പൃഥ്വിരാജ്-ബേസില്‍ ജോസഫ് എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ഗുരുവായൂര്‍ അമ്പലനടയില്‍. മികച്ച കളക്ഷനാണ് ചിത്രം നേടുന്നത്. കേരളത്തില്‍ നിന്ന് 2024ലെ ഓപ്പണിംഗ് കളക്ഷനില്‍ ഗുരുവായൂര്‍ അമ്പലനടയില്‍ മൂന്നാം സ്ഥാനത്താണെന്നാണ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍. അതേ സമയം ചിത്രത്തിന്റെ സംവിധായകന്‍ വിപിന്‍ ദാസ് പങ്കുവച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

ഗുരുവായൂര്‍ അമ്പലനടയില്‍ സിനിമയുടെ പേര് പോലെ തന്നെ ചിത്രത്തിന്റെ പ്രധാന ഭാഗം നടക്കുന്നത് ഗുരുവായൂര്‍ ക്ഷേത്രത്തിലാണ്. എന്നാല്‍ ഗുരുവായൂര്‍ ക്ഷേത്രം സെറ്റിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇതിനായി മാത്രം 3 കോടിയോളം രൂപ മുടക്കിയെന്നാണ് ചിത്രത്തിന്റെ കലാസംവിധായകന്‍ സുനില്‍ കുമാരന്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.

ഇപ്പോഴിതാ ചിത്രത്തിനായി സെറ്റിട്ട ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നോക്കി പ്രാര്‍ത്ഥിക്കുന്ന സ്ത്രീയുടെ വീഡിയോയാണ് വൈറലാകുന്നത്. സംവിധായകന്‍ വിപിന്‍ദാസ് തന്നെ സോഷ്യല്‍ മീഡിയ വഴി പുറത്തുവിട്ട വീഡിയോ പകര്‍ത്തിയത് കലാസംവിധായകന്‍ സുനില്‍ കുമാരനാണ്. എന്തായാലും രസകരമായ കമന്റുകളാണ് ഇതിന് അടിയില്‍ വരുന്നത്.

ഗുരുവായൂര്‍ അമ്പലനടയില്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും, ഇ4 എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. കല്യാണം നടക്കുന്നതുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിനി ദിവാകര്‍, സംഗീതം അങ്കിത് മേനോന്‍, മേക്കപ്പ് സുധി സുരേന്ദ്രന്‍, ആര്‍ട്ട് ഡയറക്ടര്‍ സുനില്‍ കുമാര്‍. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് അനീഷ് നന്ദിപുലം. അരുണ്‍ എസ് മണി ആണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനര്‍. പൃഥ്വിരാജിന്റെ ഗുരുവായൂര്‍ അമ്പലനടയില്‍ സെക്കന്റ് യൂണിറ്റ് ക്യാമറ അരവിന്ദ് പുതുശ്ശേരി, വിനോഷ് കൈമള്‍, സ്റ്റില്‍സ് ജസ്റ്റിന്‍, ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് ടെന്‍ ജി.

Vijayasree Vijayasree :