കേരളത്തിലെ പ്രധാന ചർച്ച വിഷയമാണ് വേടൻ. റാപ്പറായാ വേടനെന്ന ഹിരൺദാസ് മുരളി ഇന്ന് മലയാളികളുടെ ഇടയിൽ നല്ലതും ചീത്തയുമായ ഒരു ഇമേജിലൂടെയാണ് കടന്ന് പോകുന്നത്. അത്തരത്തിൽ പറയുമ്പോൾ തീർച്ചയായും , മലയാള സിനിമയിലെ ഇന്നത്തെ ലഹരി കേസ് കൂടി നോക്കേണ്ടതുണ്ട് . കഞ്ചാവ് കേസുമായി ബന്ധപെട്ട് ഷൈൻ ടോം ചാക്കോയും ശ്രീനാഥ് ഭാസി എന്നിവരും നിയമ കുരുക്കിലാണ്.
വിവാദമായ ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിനെ ചുറ്റിപ്പറ്റിയുള്ള സംഭവങ്ങളാണ് സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. കഞ്ചാവ് കേസിലും പുലിപ്പല്ല് കൈവശം വെച്ച കേസിലും പിടിയിലായ റാപ്പർ വേടന് നിരവധിപേരാണ് പിന്തുണയുമായി രംഗത്തുന്നത്.
എന്നാൽ സത്യത്തിൽ ആരാണ് ഈ വേടൻ. തൃശൂർ സ്വദേശിയായ വേടനെന്ന ”ഹിരൺദാസ് മുരളി” ജനങ്ങൾക്കിടയിലേക്ക് റാപ്പറായി എത്തിയതോടെ വളരെപ്പെട്ടന്ന് തന്നെ പുതുതലമുറയ്ക്കാവേശമായി മാറുകയും ചെയ്‌തു. വേടന്റെത് വെറും പാട്ടുകളായിരുന്നില്ല, വേടന്റെ ഓരോ വാക്കുകളും വേദവാക്യമായിരുന്നു ആരാധകർക്ക് എന്നുവേണം പറയാൻ. ഏത് കാര്യങ്ങളിലും വ്യക്തമായ അഭിപ്രായമുണ്ടായിരുന്ന വേടന് ഓരോ വരികളിലും ഈ സമൂഹത്തോട് വിളിച്ചു പറയാൻ ഒരുപാടുണ്ടായിരുന്നു, അതിൽ തന്നെ രാഷ്ട്രീയവും സമകാലിക വിഷയങ്ങളും ഇഴചേരും.
അതേസമയം വേടൻ തന്റെ ആദ്യ മ്യൂസിക് വീഡിയോ യൂട്യൂബിൽ പുറത്തിറക്കിയത് 2020ൽ ആയിരുന്നു. അന്ന് 25 വയസ്സായിരുന്നു ഹിരൺദാസിന്. ‘ വോയ്‌സ് ഓഫ് ദി വോയ്‌സ്‌ലെസ്’ എന്ന ഗാനം പുറത്തിറങ്ങിയതോടെയാണ് വേടൻ ശ്രദ്ധേയനായി മാറിയത്. ആ വര്ഷം തന്നെയാണ് ഭൂമി ഞാൻ വാഴുനിടം എന്ന തന്റെ രണ്ടാമത്തെ മ്യൂസിക് വീഡിയോയും പുറത്തിറക്കി വേടൻ. 2024 ൽ തന്നെ സിനിമയിലേക്കും സാന്നിധ്യം അറിയിച്ചു. ” മഞ്ഞുമ്മേൽ ബോയ്‌സ്” എന്ന സിനിമയിൽ ” കുതന്ത്രം ” എന്ന ട്രാക്കിന്റെ വരികൾ എഴുതി സിനിമയിലും വേടൻ താരമായി മാറി പ്രേക്ഷകരെ ഞെട്ടിച്ചു.
എന്നാൽ വേടനെതിരെ 2021ൽ ലൈംഗികാരോപണങ്ങളും ഉയർന്നിരുന്നു. പക്ഷേ ആ വാർത്തകളൊന്നും വേടന്റെ ഉയർച്ചയെ ബാധിച്ചിരുന്നില്ലെങ്കിലും ഇന്ന് ലഹരിക്കേസിൽ പിടിയിലായ വാർത്ത പുറത്തെത്തുമ്പോൾ വലിയ വിമർശനങ്ങളാണ് വേടനെതിരെ ഉയരുന്നത്.
അതേസമയം കഞ്ചാവ് കേസിൽ ജാമ്യം കിട്ടിയതിന് പിന്നാലെ, വനം വകുപ്പ് കസ്റ്റഡിയിലെടുത്ത വേടൻറെ അറസ്റ്റ് രേഖപ്പെടുത്തി. രണ്ടു ദിവസത്തേക്ക് വേടനെ കസ്റ്റഡിയിൽ വിട്ടു. മൃഗവേട്ടയടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് വനം വകുപ്പ് കേസ്. അതേസമയം, പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകവെ താൻ കഞ്ചാവ് വലിക്കുകയും കള്ള് കുടിക്കുകയും ചെയ്യുന്ന ആളാണെന്ന് വേടൻ പറഞ്ഞിരുന്നു.
മാധ്യമങ്ങളോട് ആയിരുന്നു വേടന്റെ പ്രതികരണം. ഇക്കാര്യം എല്ലാവർക്കും അറിയാമെന്നും വേടൻ പ്രതികരിച്ചു. രാസലഹരി ഉപയോഗിക്കാറുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഇല്ല എന്നും വേടൻ മറുപടി പറഞ്ഞു. അതേസമയം, പുലിപ്പല്ല് കൈവശം വെച്ച കേസിൽ നേരത്തേ വേടനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം വനംവകുപ്പ് കേസെടുത്തിരുന്നു.
തമിഴ്നാട്ടിലെ ഒരു ആരാധകനാണ് തനിക്ക് പുലിപ്പല്ല് സമ്മാനിച്ചതെന്നാണ് വേടൻ പറയുന്നത്. എന്നാൽ നേരത്തെ പുലിപ്പല്ല് തായ്‌ലാൻഡിൽ നിന്നാണ് ലഭിച്ചതെന്ന് വേടൻ മൊഴി നൽകിയതായും റിപ്പോർട്ടുകൾ വരുന്നുണ്ട്. കഴിഞ്ഞ ദിവസം ഫ്ളാറ്റിൽ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പോലീസ് പരിശോധന.
തുടർന്നാണ് വേടന്റെ കൊച്ചിയിലെ ഫ്‌ളാറ്റിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവ് ഉപയോഗിച്ചതായി പൊലീസിനോട് സമ്മതിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പുലിയുടെ പല്ല് കൂടി വേടനിൽ നിന്ന് കണ്ടെത്തിയത്. തമിഴ്നാട്ടിൽ നിന്നാണ് പുലിപ്പല്ല് ലഭിച്ചതെന്ന മൊഴിക്ക് പിന്നാലെ കേസിൽ തമിഴ്നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് വനംവകുപ്പ്.