ജാതിവാല് പേരില്‍ നിന്നു മുറിച്ചു മാറ്റിയവള്‍;മലയാളിക്ക് ആരാണ് പാർവതി തിരുവോത്ത്?

കൂടെയില്‍ അഭിനയിച്ചതിനു ശേഷമുള്ള സമയത്ത് തനിക്ക് എട്ടുമാസത്തോളം നേരിടേണ്ടി വന്നത് ‘അവഗണ’നയാണെന്ന് പാര്‍വതി തന്നെ ഈയിടെ ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നുണ്ട് .”അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത കൂടെയില്‍ അഭിനയിക്കും വരെ സിനിമകള്‍ക്കിടയിലുള്ള ഇടവേള ഞാന്‍ സ്വയം തെരെഞ്ഞടുത്തതായിരുന്നു. സിനിമകളിലേക്കുള്ള വിളികള്‍ യഥേഷ്ടം വന്നിരുന്നു. എന്നാല്‍ കൂടെയില്‍ അഭിനയിച്ച ശേഷമുണ്ടായ എട്ടു മാസത്തെ ഇടവേള അങ്ങനെയല്ല. സിനിമയില്‍ നിന്നു വിളികള്‍ കുറഞ്ഞു”- അവര്‍ ആ അഭിമുഖത്തില്‍ പറയുന്നു.

ചെയ്യുന്ന സിനിമകളോട് പൂര്‍ണമായി നീതി പുലര്‍ത്തുന്നതിനൊപ്പമാണ് സിനിമ മേഖലയിലെ സ്ത്രീവിരുദ്ധതയ്ക്കും പുരുഷാധിപത്യത്തിനുമെതിരെ പാര്‍വതി പ്രതികരിക്കുന്നതെന്നും കാണാം
2018-ജൂലൈയിലാണ് പ്രഥ്വിരാജിനും നസ്രിയയ്ക്കുമൊപ്പം പാര്‍വതി അഭിനയിച്ച അഞ്ജലി മേനോന്റെ കൂടെ എന്ന സിനിമ റിലീസാകുന്നത്. അതുകഴിഞ്ഞ് ഒമ്ബതു മാസത്തെ ഇടവേളയ്ക്കു ശേഷമാണ് മനു അശോകന്‍ സംവിധാനം ചെയ്ത പാര്‍വതിയുടെ ഉയരെ റിലീസാകുന്നത്. ഉയരെ മികച്ച അഭിപ്രായങ്ങള്‍ നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്.

നടി ആക്രമിക്കപ്പെട്ട സംഭവവും വിമന്‍ ഇന്‍ സിനിമ കളക്ടീവിന്റെ രൂപീകരണവും മുതല്‍ കസബ സിനിമയില്‍ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിലെ സ്ത്രീവിരുദ്ധയെ ചൂണ്ടിക്കാട്ടി പറഞ്ഞ അഭിപ്രായവും വരെ നീളുന്ന വലിയ വിവാദങ്ങളിലൂടെ കടന്നുപോയ ആ സമയത്തായിരുന്നു പാര്‍വതിയും ഈ അപ്രഖ്യാപിത വിലക്കിനെ നേരിട്ടത്. എന്നാല്‍ അതില്‍ നിന്ന് ഫീനിക്‌സിനെ പോലെ ഉയര്‍ത്തെഴുന്നേറ്റ പാര്‍വതിയാണ് ഉയരെ എന്ന സിനിമയിലെ നട്ടെല്ല്, അല്ലെങ്കില്‍ ഉയരെ പാര്‍വതിയുടെ സിനിമയാണ്.

മലയാളത്തിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന വിളിപ്പേര് ആദ്യം വീണത് മഞ്ജു വാര്യര്‍ക്കാണ്. ഇന്ന് മലയാള സിനിമയില്‍ ആണ്‍ താരങ്ങളെ മാറ്റി നിര്‍ത്തിയാല്‍ സ്വന്തം പ്രസന്‍സ് കൊണ്ട് സിനിമകള്‍ വിജയിപ്പിക്കാന്‍ കഴിയുന്ന രണ്ടു നടിമാരേ മലയാളത്തിലുള്ളൂ. അതില്‍ തന്നെ പാര്‍വതിയുടെ വഴികള്‍ കുറെക്കൂടി കഠിനമാകുന്നത് അവര്‍ ഓരോ വിഷയത്തിലും എടുക്കുന്ന നിലപാടുകളുടെ പേരില്‍ കൂടിയാണ്. അതാകട്ടെ, നടപ്പുശീലങ്ങളെ മുഴുവന്‍ വെല്ലുവിളിക്കുന്നവയും.

പാര്‍വതിയെ മുന്നില്‍ കണ്ട് റോളുകള്‍ ഉണ്ടാകുന്നു എന്നതൊക്കെ തന്നെയാണ് ഈ മിക്ക സിനിമകളുടേയും വിജയരഹസ്യം. അത് അവരില്‍ സംവിധായര്‍ക്കുള്ള വിശ്വാസത്തിന്റെ കൂടി ഭാഗമാണ്. അതാകട്ടെ, എല്ലാ സമയത്തും പാര്‍വതിയില്‍ ഭദ്രവുമായിരുന്നു. അതാണ് ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തില്‍ തുടങ്ങി ഇപ്പോള്‍ ഉയരെയില്‍ എത്തി നില്‍ക്കുന്ന കരിയറിന്റെ അടിസ്ഥാനവും എന്ന് പറയാം.

പാര്‍വതിയുടെ സിനിമ കരിയര്‍ ആരംഭിച്ചിട്ട് 14 വര്‍ഷങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. ഇതിനിടയില്‍ ചെയ്തതാകട്ടെ, വെറും 12 മലയാള സിനിമകള്‍, നാല് കന്നഡ സിനിമകള്‍, അഞ്ച് തമിഴ് സിനികള്‍, ഒരു ഹിന്ദി സിനിമ- ആകെ 22 സിനിമകള്‍. ഇനി അടുത്തു തന്നെ പുറത്തിറങ്ങാന്‍ പോകുന്നത് രണ്ടു സിനിമകള്‍ കൂടി. 2006-ല്‍ ആരംഭിച്ച സിനിമ കരിയറില്‍ ചിത്രങ്ങളുടെ തെരഞ്ഞെടുപ്പു കൊണ്ടും അതിലെ കഥാപാത്രങ്ങള്‍ക്കായുള്ള അര്‍പ്പണ മനോഭാവം കൊണ്ടും ഏറെ നിരൂപക പ്രശംസ നേടിയവയാണ് മിക്ക സിനിമകളും. പ്രത്യേകിച്ച്‌ തമിഴ്, കന്നഡ സിനിമകള്‍ മിക്കതും പാര്‍വതിയുടെ മികച്ച അഭിനയത്തിന്റെ പേരില്‍ വാഴ്ത്തപ്പെട്ടവയാണ്.

പ്രഥ്വിരാജിനൊപ്പമഭിനയിച്ച മൈ സ്‌റ്റോറി എന്ന സിനിമയുടെ പാട്ട് റിലീസ് ചെയ്തപ്പോള്‍ മുതല്‍ പാര്‍വതിക്കു നേരെയുണ്ടായ സോഷ്യല്‍ മീഡിയ ആക്രമണം എല്ലാ പരിധിയും ലംഘിച്ചു കൊണ്ടായിരുന്നു. അത്രയേറെ അസഭ്യവര്‍ഷമാണ് അവര്‍ക്ക് നേര്‍ക്കുണ്ടായത്. കസബ സിനിമയിലെ സ്ത്രീവിരുദ്ധതയെക്കുറിച്ച്‌ സംസാരിച്ചതിന് താരരാജാക്കന്മാരുടെ ഫാന്‍ക്ലബുകളായിരുന്നു പാര്‍വതിയെ ചട്ടം പഠിപ്പിക്കാനിറങ്ങിയത്.

എല്ലാ സര്‍ക്കസ് മുതലാളിമാരോടും ഓട് മലരേ കണ്ടം വഴി (ഒഎംകെവി) എന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടു കൊണ്ടാണ് തന്നെ സര്‍ക്കസ് കൂടാരത്തിലെ കുരങ്ങിനോട് ഉപമിച്ച സംവിധായകന്‍ ജൂഡ് ആന്തണിയെ പാര്‍വതി നേരിട്ടത്. മലയാള സിനിമയിലെ ആണ്‍ താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊക്കെയുള്ള അപ്രമാദിത്യത്തെ വകവയ്ക്കാതെ തുറന്നടിച്ചുള്ള പാര്‍വതിയുടെ ഈ പ്രതികരണം അന്ന് ഏറെ ചര്‍ച്ചയാവുകയും വലിയൊരു ഭാഗം മലയാളികള്‍ അവര്‍ക്ക് പിന്തുണയുമായി രംഗത്തുവരികയും ചെയ്തിരുന്നു. ഇതിനെക്കുറിച്ച്‌ കഴിഞ്ഞ ദിവസത്ത മനോരമ അഭിമുഖത്തില്‍ പാര്‍വതി പ്രതികരിച്ചിട്ടുണ്ട്. ഏതെങ്കിലും പ്രസ്താവനകളും പ്രതികരണങ്ങളും വേണ്ടായിരുന്നു എന്നു പിന്നീട് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് അവര്‍ പറയുന്ന മറുപടി ഇങ്ങനെ: “ഇല്ല. തിരുവനന്തപുരം ഫിലിം ഫെസ്റ്റിവല്‍ വേദിയിലെ പരാമര്‍ശം (കസബയിലെ സ്ത്രീവിരുദ്ധതയെക്കുറിച്ച്‌) അടക്കം ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് പറഞ്ഞത്. പക്ഷേ പലരും തെറ്റായാണ് അത് വ്യാഖ്യാനിച്ചതും വിവാദമാക്കിയതും. ഒഎംകെവി പ്രതികരണവും ആലോചിച്ച്‌ ഇട്ടതു തന്നെയാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ ആ പ്രതികരണം അര്‍ഹിക്കുന്നുണ്ട്”.

മലയാളിക്ക് ആരാണ് പാര്‍വതി തിരുവോത്ത്? ജാതിവാല് പേരില്‍ നിന്നു മുറിച്ചു മാറ്റിയവള്‍, ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ മുഖം നോക്കാതെ തുറന്നടിച്ചു പറയുന്ന ആര്‍ട്ടിസ്റ്റ്, പറയുന്നത് ബോധ്യത്തോടെയും ധാരണയോടെയുമാണെന്നും വ്യക്തമാക്കി പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്ന സ്ത്രീ, മലയാള സിനിമയിലെ മാത്രമല്ല, പൊതു സമൂഹത്തിലെ പല പുഴുക്കുത്തലുകളും ശരിയല്ലെന്ന് തുറന്നടിക്കുന്നവള്‍, പറഞ്ഞ കാര്യങ്ങള്‍ കൊണ്ട് അവസരങ്ങള്‍ ഇല്ലാതായാല്‍ തനിക്ക് വേറെ ജോലി ചെയ്യാനറിയാം എന്നു വിളിച്ചു പറഞ്ഞ അഭിനേത്രി, തനിക്ക് നേരെയുള്ള ഓരോ ആക്രമണവും അധിക്ഷേപങ്ങളും കൂസാതെ ശരിയെന്ന് ബോധ്യമുള്ള കാര്യങ്ങള്‍ക്കൊപ്പം നില്‍ക്കുന്നയാള്‍, സിനിമയിലെ നടപ്പുശീലമായിരുന്ന ‘ഒത്തുതീര്‍പ്പു’കള്‍ക്ക് വഴങ്ങാതെ തന്റെ ധാരണകള്‍ക്കും ടേംസ് ആന്‍ഡ് കണ്ടീഷന്‍സിനും അനുസരിച്ച്‌ മാത്രം സിനിമ ചെയ്യുന്ന കറതീര്‍ന്ന പ്രൊഫഷണല്‍, ജോലി ചെയ്യുന്ന മേഖലയിലെ ആണ്‍ പ്രമാണിമാരുടെ വിലക്കുകള്‍ക്കും മാറ്റി നിര്‍ത്തലുകള്‍ക്കും ചെവി കൊടുക്കാതെ തന്റേതായ സിനിമകള്‍ കൊണ്ട് ഓരോ നിമിഷവും വിസ്മയിപ്പിക്കുന്ന പ്രതിഭ, കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി ഏതറ്റം വരെയുമുള്ള ത്യാഗങ്ങള്‍ ചെയ്യാനും പ്രവര്‍ത്തിക്കാനും മടികാണിക്കാത്ത മികച്ച അഭിനേതാവ്, സൗഹൃദങ്ങളെ അങ്ങേയറ്റം വിലമതിക്കുന്നയാള്‍, സ്ത്രീ എന്നാല്‍ സിനിമയിലെ വാണീജ്യ ചരക്കല്ലെന്ന് വിളിച്ചു പറയുന്ന, അതിനു വേണ്ടി പോരാടുന്ന തെളിച്ചമുള്ള അഭിപ്രായങ്ങളുടെ ഉടമ, ഫെമിനിസ്റ്റ്.

ഇതെല്ലാം ആണ് പാർവതി എന്ന് ഇക്കഴിഞ്ഞ വർഷങ്ങളിലൂടെ മലയാളികൾ കണ്ടുകൊണ്ടിരിക്കുന്നത് .പാർവതിയെ എതിർക്കുന്നവർക്കും വെറുക്കുന്നവർക്കും അവരുടേതായ ഈ പ്രവർത്തികൾ കണ്ടില്ലെന്നു നടിക്കാൻ ആവില്ല .മറിച്ചു ചിലതെങ്കിലും ശരിയാണെന്ന് അംഗീകരിച്ചേ മതിയാകൂ .

who is parvathi thiruvoth to malayalees?

Abhishek G S :