വായയിൽ വെളുത്ത പാടുകളുണ്ടോ ? ക്യാൻസറാവാം !!!

വായയിൽ വെളുത്ത പാടുകളുണ്ടോ ? ക്യാൻസറാവാം !!!

പുകയില, മദ്യം, പാന്‍മസാല, മയക്കുമരുന്നുകള്‍,വെറ്റിലമുറുക്ക് തുടങ്ങിയവ ശരീരത്തിന് ഏറെ അനാരോഗ്യകരമായ ശീലങ്ങളാണ്. ഇവ ശാരീരിക പ്രവര്‍ത്തനങ്ങളിലെന്ന പോലെ വായിലും പലതരത്തിലുള്ള വ്യതിയാനങ്ങളാണ് ഉണ്ടാക്കുന്നത്. അത് വായിലെ ചര്‍മത്തിന്റെ നിറംമാറ്റം മുതല്‍ വായിലെ അര്‍ബുദം വരെ ആകാം.

ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് ഇന്ത്യയുള്‍പ്പെടുന്ന തെക്കുകിഴക്കന്‍ ഏഷ്യയിലെ വായിലെ അര്‍ബുദങ്ങളില്‍, തൊണ്ണൂറ് ശതമാനവും പുകവലിയും വെറ്റിലമുറുക്കും മൂലം ഉണ്ടാകുന്ന സ്വാമസ് സെല്‍കാര്‍ഡിനോമയാണ്. ഇന്ത്യയില്‍ വായിലെ അര്‍ബുദം പുരുഷന്മാരില്‍ ഒന്നാം സ്ഥാനത്തും സ്ത്രീകളില്‍ മൂന്നാം സ്ഥാനത്തും ആണെന്ന വസ്തുത, ഇതിന്റെ ഉയര്‍ന്ന തോതിന്റെ സൂചനയാണ്. നമ്മുടെ രാജ്യത്ത് കാണപ്പെടുന്ന വായിലെ അര്‍ബുദങ്ങളില്‍, എണ്‍പത് ശതമാനത്തിനും മുന്നോടിയായി അര്‍ബുദ മുന്‍ഗാമികള്‍ (ലക്ഷണങ്ങള്‍, രോഗങ്ങള്‍) എന്ന അവസ്ഥയുണ്ടാകുന്നു എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇവയെ ഫലപ്രദമായി ചികിത്സിച്ചാല്‍ വായിലെ അര്‍ബുദമായി പരിണമിക്കുന്നത് തടയാം.

കാരണങ്ങള്‍

1. പുകവലിയും വെറ്റിലമുറുക്കും: ബീഡി, സിഗരറ്റ് എന്നീ രൂപത്തില്‍ പുകയില ഉപയോഗിക്കുമ്പോള്‍ ഉത്പാദിപ്പിക്കപ്പെടുന്ന നിരവധി രാസപദാര്‍ഥങ്ങള്‍ വിഷമയവും അര്‍ബുദകാരണങ്ങളും ആണ്. വെറ്റില മുറുക്കുമ്പോള്‍ ഉപയോഗിക്കുന്ന അടയ്ക്കയും പ്രാദേശികമായ മറ്റു ചേരുവകളും അര്‍ബുദം ഉണ്ടാക്കും.

2. ഗുഡ്കയും പാന്‍ മസാലയും: പാക്കറ്റുകളില്‍ വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പാദിപ്പിച്ച് വില്പന നടത്തുന്ന ഗുഡ്ക്കയും പാന്‍മസാലയും പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന വെറ്റില മുറുക്കിനേക്കാള്‍ അപകടകാരികളാണ്. ഇവയുടെ വ്യാപകമായ ഉപയോഗമാണ്, യുവജനങ്ങളില്‍ വായ് അര്‍ബുദത്തിന്റെ തോത് ഉയരാനുള്ള മുഖ്യകാരണം.

3. മദ്യപാനം: മദ്യം അര്‍ബുദകാരണങ്ങളായ പദാര്‍ഥങ്ങളെ അലിയിച്ച് വായിലെ ചര്‍മത്തിലേക്ക് ആഗിരണം ചെയ്യുന്നതിന് സഹായിക്കുന്നു. വായിലെ ചര്‍മത്തിലുണ്ടാക്കുന്ന നിര്‍ജലീകരണവും ഈ പ്രക്രിയയെ സഹായിക്കുന്നു.

4. വായിലെ നിരന്തര മുറിവുകള്‍: പുകവലിയും മുറുക്കുമല്ലാതെ വായിലെ അര്‍ബുദമുണ്ടാക്കുന്ന മറ്റൊരു കാരണമിതാണ്. മിക്കവാറും തേയ്മാനമോ, കേടോ വന്ന് മൂര്‍ച്ചയുള്ള ഭാഗങ്ങള്‍ ഉള്ള പല്ലുകള്‍ ആണ് ഇത്തരം മുറിവുകള്‍ ഉണ്ടാക്കുന്നത്. വായിലെ ചര്‍മവുമായുള്ള ഇവയുടെ നിരന്തരമായ ഉരസല്‍ കാരണം ഈ മുറിവുകള്‍ ഭേദമാവില്ല. ക്രമേണ ഈ മുറിവുകള്‍ വലുതാവുകയും അരികുകളില്‍ വളര്‍ച്ചയുണ്ടാവുകയും അര്‍ബുദമായി മാറുകയും ചെയ്യുന്നു.

white patches in mouth

Sruthi S :