എന്താണ് ഡ്യൂപ്പ് ?! എന്താണ് ബോഡി ഡബിൾ ?! സൂപ്പർ താരങ്ങൾ ഡ്യൂപ്പിനെ ഉപയോഗിക്കാറുണ്ടോ ?! നിങ്ങൾക്ക് അറിയേണ്ടതെല്ലാം….

എന്താണ് ഡ്യൂപ്പ് ?! എന്താണ് ബോഡി ഡബിൾ ?! സൂപ്പർ താരങ്ങൾ ഡ്യൂപ്പിനെ ഉപയോഗിക്കാറുണ്ടോ ?! നിങ്ങൾക്ക് അറിയേണ്ടതെല്ലാം….

പലപ്പോഴും സിനിമ പ്രേക്ഷകർ പറഞ്ഞു കേൾക്കാറുള്ളതാണ് ‘അത് ഡ്യൂപ്പാണ്, അവർ സ്വന്തമായി ചെയ്യുന്നതല്ല’ എന്നൊക്കെ. പല നടന്മാരും ഇത്തരം വിമർശനങ്ങൾ ഏറ്റു വാങ്ങാറുമുണ്ട്. ഏതെങ്കിലും ഒരു സിനിമയിൽ ഡ്യൂപ്പിനെ ഉപയോഗിച്ചതിന്റെ പേരിൽ കരിയറിൽ മുഴുവൻ പഴി കേൾക്കേണ്ടി വരുന്നവരാണ് കൂടുതലും. കഷ്ടപ്പെട്ട് സംഘട്ടന രംഗങ്ങൾ ചെയ്‌താൽ പോലും ക്രെഡിറ്റ് കിട്ടുന്നത് ഡ്യൂപ്പുകൾക്കായിരിക്കും. നേരെ തിരിച്ചും സംഭവിക്കാറുണ്ട്.

എന്നാൽ ഡ്യൂപ്പും ബോഡി ഡബിളും തമ്മിലുള്ള വ്യത്യാസം നിങ്ങൾക്കറിയാമോ ?! ഇരട്ട വേഷം ചെയ്യുന്ന സിനിമകളിലും മറ്റും ബോഡി ഡബിളിനെ ഉപയോഗിക്കുന്നതിനെ ഡ്യൂപ്പ് എന്ന് വിളിച്ചധിക്ഷേപിക്കുന്നതിന് മുൻപ് ഇതൊന്ന് വായിച്ചു നോക്കൂ….

സിനിമകളിൽ സംഘട്ടനം ഒരുക്കാൻ വലിയ ആക്ഷൻ കൊറിയോഗ്രാഫർമാരെ വിളിക്കുമ്പോൾ അവർ ആദ്യം ചെയ്യുന്നത് ചിത്രത്തിലെ മെയിൻ ഹീറോക്ക് വേണ്ടി ഒരു ബോഡി ഡബിൾ നെ ഒരുക്കുകയാണ്. കാരണം, അവരെ സംഘട്ടന സംവിധാനത്തിന് വിളിക്കുന്നത്‌ തന്നെ ഏറ്റവും നല്ല രീതിയിലും ഏറ്റവും സുരക്ഷിതമായ രീതിയിലും സംഘട്ടനം ഒരുക്കാൻ ആണ്. അതൊരു സിനിമ മാത്രമാണ്. അതിൽ അഭിനയിക്കുന്ന താരങ്ങൾക്ക് അപകടം ഉണ്ടാകാതെ വിദഗ്ധ പരിശീലനം നേടിയവർ വന്നു ആ രംഗങ്ങൾ ഒരുക്കും.

ഇനി ബോഡി ഡബിൾ എന്നാൽ എന്താണെന്നു നോക്കാം. പൂർണ്ണമായ അർഥത്തിൽ ഡ്യൂപ്പ് എന്ന് അവരെ വിളിക്കുവാൻ കഴിയില്ല. കാരണം ഒരു സിനിമയിലെ നായക നടൻ ചിലപ്പോൾ ഡ്യൂപ്പ് ഇല്ലാതെ തന്നെ സംഘട്ടനം ചെയ്യാൻ താല്പര്യം ഉള്ളവരും തയ്യാറുള്ളവരും ആയിരിക്കും. പക്ഷെ അങ്ങനെ ചെയ്യുമ്പോൾ എപ്പോൾ വേണമെങ്കിലും പരിക്കുകളും പ്രതീക്ഷിക്കാത്ത അപകടങ്ങളും ഉണ്ടാകാം. ആ സമയത്ത് ഷൂട്ടിംഗ് മുഴുവൻ നിർത്തി വെക്കേണ്ടി വന്നാൽ ലക്ഷങ്ങളുടെ നഷ്ടം ഉണ്ടാകുകയും ചെയ്യും. അത് കൊണ്ട് അങ്ങനെ ഒരു സാഹചര്യം വന്നാൽ ബോഡി ഡബിളിനെ ഉപയോഗിച്ച് നായകന്റെ മുഖം വരാത്ത രംഗങ്ങൾ പൂർത്തീകരിക്കും.

പരിശീലനം ലഭിച്ച,സംഘട്ടന രംഗങ്ങൾ പരിക്കുകളില്ലാതെ കൈകാര്യം ചെയ്യാൻ കഴിയുന്നവരെയാണ് ബോഡി ഡബിൾ ആയി ഉപയോഗിക്കാറുള്ളത്. സീൻ റിഹേഴ്സലിനു വേണ്ടിയും ബോഡി ഡബിളുകളെ ഉപയോഗിക്കാറുണ്ട്. ചില സംഘട്ടന രംഗങ്ങൾ കുറെ തവണ റിഹേർസൽ ചെയ്‌തു നോക്കിയാൽ മാത്രമേ എങ്ങനെ ക്യാമറയിൽ പകർത്താൻ കഴിയും എന്ന് വരെ തീരുമാനിക്കാൻ പറ്റു. ഫ്രയിമിൽ ഒരുപാട് ചലനങ്ങളും ഒന്നിലധികം വ്യക്തികളും ഒക്കെ ഉണ്ടാകാം എന്നത് കൊണ്ട് കൃത്യമായി ആ രംഗം ചിത്രീകരിക്കാൻ എങ്ങനെ ക്യാമറ സെറ്റ് ചെയ്യണമെന്നും, ഏത് രീതിയിലാണ് പ്രധാന താരത്തെ ക്യാമറ ഫോളോ ചെയ്യേണ്ടത് എന്നും തീരുമാനിക്കേണ്ടതായുണ്ട്. അതിനു വേണ്ടിയാണ് ഇത്രയധികം റിഹേഴ്സലുകൾ വേണ്ടി വരുന്നത്.

ആ സമയങ്ങളിലൊക്കെ പ്രധതരത്തിന്റെ അതെ വേഷത്തിലുള്ള ബോഡി ഡബിളിനെ ഉപയോഗിച്ചാണ് റിഹേഴ്‌സൽ നടത്താറുള്ളത്. ഒരുപാട് ഗുണങ്ങളാണ് ഈ റിഹേഴ്സൽ കൊണ്ട് ലഭിക്കുന്നത്. നായകനടൻ സെറ്റിൽ എത്തുമ്പോഴേക്കും ഷോട്ട് പ്ലാൻ ചെയ്‌ത്‌ ക്യാമറ ആംഗിൾ, മൂവ്മെന്റ് ഒക്കെ ഫിക്സ് ചെയ്‌ത്‌ സമയം ലാഭിക്കാം എന്നതാണ് ഒന്നാമത്തേത്. ഒരുപാട് റിഹേർസലുകൾ നായക നടനെ കൊണ്ട് ചെയ്യിച്ചു അവർ ക്ഷീണിക്കുന്നത് ഒഴിവാക്കാം എന്നതാണ് രണ്ടാമത്തെ ഉപകാരം.

ഇനി നിങ്ങൾക്കുള്ള മറ്റൊരു സംശയമാണ് ‘റിഹേർസൽ നോക്കുന്ന ആളിന് എന്തിനാണ് നായക നടന്റെ അതേ വേഷം’ എന്നുള്ളത്. അതിനും കാരണമുണ്ട്. ഫ്രയിമിൽ ഒരുപാട് ചലനങ്ങളും ഒന്നിലധികം ആളുകളും ഉണ്ടാകും എന്ന മുൻപേ സൂചിപ്പിച്ചിരുന്നു. അപ്പോൾ അതിന്റെ റിഹേർസൽ നോക്കുമ്പോൾ നായക നടന്റെ അതെ വേഷത്തിൽ ഒരാൾ ഉണ്ടെങ്കിൽ മാത്രമേ ഈ ഒന്നിലധികം ആളുകളിൽ നിന്ന് പ്രധാന നടന്റെ ചലനങ്ങൾ ഏതു രീതിയിലായിരിക്കുമെന്നും, അയാളെ എങ്ങനെ കൃത്യമായി ഫോളോ ചെയ്യണം എന്നും മനസ്സിലാക്കാൻ സാധിക്കുകയുള്ളു. അങ്ങനെയുള്ള ഒരു ബോഡി ഡബിളിനെയാണ് ഇപ്പോൾ കൊച്ചുണ്ണിയുടെ ലൊക്കേഷൻ ഫോട്ടോകളിലും പണ്ട് പുലിമുരുകൻ ലൊക്കേഷൻ ഫോട്ടോയിലും നമ്മൾ കണ്ടത്.

ബോഡി ഡബിളുകളെ എല്ലാ ഭാഷകളിലും ചിത്രീകരണത്തിനായി ഉപയോഗിക്കാറുണ്ട്. ഹിന്ദിയിൽ അക്ഷയ് കുമാർ, ഹൃതിക് റോഷൻ തുടങ്ങി ഒട്ടു മിക്ക താരങ്ങളും ബോഡി ഡബിളിന്റെ സഹായം തേടുന്നവരാണ്. അതിന്റെ അർത്ഥം അവരൊക്കെ ഫൈറ്റ് ചെയ്യുന്നത് ഡ്യൂപ്പിനെ വെച്ചാണ് എന്നല്ല. മാർഷ്യൽ ആർട്സിൽ അഗ്രഗണ്യനാണ് അക്ഷയ് കുമാർ.അദ്ദേഹം പോലും ഷൂട്ടിംഗ് സെറ്റിൽ ബോഡി ഡബിളിനെ ഉപയോഗിക്കുന്നവരാണ്.

മോഹൻലാൽ എന്ന നടൻ സിനിമയിൽ വന്ന കാലം മുതലേ ഡ്യൂപ്പ് ഇല്ലാതെ ഫൈറ്റ് സീനുകളിൽ അഭിനയിക്കുന്ന ഒരു താരമാണ്. ഒരിക്കൽ ത്യാഗരാജൻ മാസ്റ്റർ പറഞ്ഞിട്ടുണ്ട് “മോഹൻലാൽ ഒരു നടൻ ആയിരുന്നില്ലെങ്കിൽ ഉറപ്പായും ഒരു സംഘട്ടന സംവിധായകൻ ആയേനെ” എന്ന്. അത്രമാത്രം താൽപര്യവും കഴിവുമാണ് മോഹൻലാൽ സംഘട്ടന രംഗങ്ങളിൽ കാണിക്കാറുള്ളത്. കളരിപ്പയറ്റ്, ഗുസ്‌തി, കരാട്ടെ തുടങ്ങിയ പലതും സിനിമയ്ക്കു വേണ്ടിയും അല്ലാതെയും മോഹൻലാൽ അഭ്യസിച്ചിട്ടുമുണ്ട്. 58 വയസ്സായ അല്ലെങ്കിൽ 68 വയസ്സായ താരങ്ങൾക്ക് എത്ര ആഗ്രഹം ഉണ്ടായാലും, എത്ര മാത്രം ശ്രമിച്ചാലും ഈ പ്രായത്തിൽ ചെയ്യാൻ കഴിയാത്ത ചില മൂവ്‌മെന്റുകൾ ഉണ്ടാകും. അതൊക്കെ വളരെ അധികം പരിശീലനം സിദ്ധിച്ച ഡ്യൂപ്പിനെ ഉപയോഗിച്ചേ ചെയ്യാൻ കഴിയൂ.

അത് കൊണ്ട് പരിഹസിക്കുന്നതിനു മുൻപ് സിനിമ എന്താണെന്നും. അവിടെ നടക്കുന്നതെന്താണെന്നും അറിയാനും പഠിക്കാനും ശ്രമിക്കുകയാണ് വേണ്ടത്. അല്ലാതെ വ്യാജപ്രചരണങ്ങൾ നടത്തുകയല്ല.

What is a dupe and what is a body double ?!

Abhishek G S :