കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയത്. പല പ്രമുഖ നടിമാരും കമ്മീഷന് മുമ്പാകെ നൽകിയിട്ടുള്ള മൊഴി ഞെട്ടിക്കുന്നതാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് വലിയ വിവാദങ്ങൾക്കാണ് വഴി തെളിയിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തിയത്. സിനിമാ മേഖലയിൽ മാത്രമല്ല, രാഷ്ട്രീയത്തും വൻ ചർച്ചകൾക്കാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് വഴിതെളിച്ചിരിക്കുന്നത്.
ഡബ്ല്യുസിസിയുടെ സ്ഥാപക അംഗങ്ങളിൽ ഒരു നടി തന്നെ തന്റെ സ്വാർത്ഥ താൽപര്യങ്ങൾക്കായി പ്രവർത്തിച്ചുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇത് വലിയ ചർച്ചയായി മാറിയിരുന്നു. നടിയുടെ പേര് എടുത്ത് പറയുന്നില്ലെങ്കിലും സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവമാണ്. ഈ വിഷയത്തിലാണ് ഡബ്ലുസിസിയുടെ പ്രതികരണം. കുറിപ്പ് ഇങ്ങനെ;
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിൽ ഞങ്ങൾ ഏറെ സന്തോഷിക്കുമ്പോഴും ചില പ്രധാനപ്പെട്ട കാര്യങ്ങൾ ഞങ്ങളോടൊപ്പം ഈ ആഹ്ലാദത്തിൽ കൂടെ നിന്ന നിങ്ങളെ അറിയിക്കണമെന്ന് കരുതുന്നു. 250 ഓളം പേജുകൾ ഉള്ള ഈ പഠനം സിനിമാ രംഗത്ത് ഗൗരവമായി ഇടപെടുന്ന എല്ലാവരും തുറന്ന മനസ്സോടെ വായിക്കുകയും തങ്ങൾക്കിടയിൽ ചർച്ച ചെയ്യുകയും, ഈ തൊഴിലിടത്തെ സ്ത്രീ വിരുദ്ധതയുടെ ചരിത്രപരമായ കാരണങ്ങൾ മനസ്സിലാക്കി അവ പരിഹരിക്കുവാൻ മുൻകൈ എടുക്കുമെന്നുമാണ് ഞങ്ങൾ പ്രതീക്ഷിച്ചത്.
എന്നാൽ മാധ്യമങ്ങളുടെ ഹൈലറ്റുകളിൽ ‘WCC മുൻ സ്ഥാപക അംഗത്തിന്റെത് ‘ എന്ന് പറയുന്ന മൊഴികൾക്ക് പുറകെ പോയി സ്ത്രീകൾക്കെതിരെ സ്ത്രീകളെ പ്രതിഷ്ഠിക്കുന്നതിനും മുതിർന്ന കലാകാരികളെ അപമാനിക്കുന്നതുമായ തരത്തിൽ ഒട്ടേറെ ഓൺലൈൻ റിപ്പോർട്ടുകൾ കാണുകയുണ്ടായി. അതിജീവിതക്കൊപ്പം ഉറച്ച് നിന്ന ഞങ്ങളുടെ ‘ഇപ്പോഴത്തേയും’ സ്ഥാപക അംഗത്തിനെതിരെ നടക്കുന്ന ഈ സൈബർ അറ്റാക്കുകൾക്കെതിരെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു.
ഓരോ അംഗത്തിനും അവരുടെ സ്വന്തം അനുഭവങ്ങളെക്കുറിച്ച് ഭയം കൂടാതെ സംസാരിക്കാൻ അവകാശമുണ്ടെന്ന് ഡബ്ല്യുസിസി കരുതുന്നു. മറിച്ചു പറയുന്നത് പുരുഷാധിപത്യത്തിന്റെ പൊതു രീതിയാണ്. ഒരു സിവിൽ സമൂഹം, സ്ത്രീകൾ അവരുടെ ജോലിസ്ഥലത്ത് ഇരകളാക്കപ്പെടുന്നതിനെക്കുറിച്ച് തിരിച്ചറിഞ്ഞ് പരിഹരിക്കാൻ ശ്രമിക്കുമ്പോൾ, അതേ സമൂഹത്തിലെ അപരിഷ്‌കൃത ഘടകങ്ങൾ, പ്രസ്തുത വിവരങ്ങൾ കലാകാരികളെ കല്ലെറിയാനും അപമാനിക്കാനും ഉപയോഗിക്കുന്നത് കണ്ടു കൊണ്ടിരിക്കാൻ ആവില്ല.
ഈ വ്യവസായത്തിൽ സ്ത്രീകളോട് പൊതുവേ നിലനിൽക്കുന്ന പിന്തിരിപ്പൻ മനോഭാവം തന്നെയാണ് ഇത് വീണ്ടും തെളിയിക്കുന്നത്. കഴിവുകൊണ്ടും കഠിനാധ്വാനം കൊണ്ടും സ്വന്തമായി ഇടം ഉണ്ടാക്കിയ ഒട്ടനവധി സ്ത്രീകൾ എക്കാലത്തും സിനിമാരംഗത്ത് ഉണ്ടായിരുന്നു.നിരവധി പ്രതിബന്ധങ്ങൾക്കിടയിലും തീജ്വാല പോലെ ഈ സ്ത്രീകൾ തിളങ്ങി നിൽക്കുന്ന, നിന്നിരുന്ന ഒരു ഇടമാണിത്. അവരെ അപമാനിക്കാനല്ല ഈ പഠനം ഉപയോഗിക്കേണ്ടത്. പരിഹരിക്കേണ്ടവ മനസ്സിലാക്കി തിരുത്തി മുന്നോട്ടു പോകാനുള്ള ആർജ്ജവമാണ് വേണ്ടത് എന്നും പറയുന്നു.
ഡബ്ല്യുസിസി രൂപീകരണത്തിന് മുമ്പ് നിരവധി അവസരങ്ങൾ ലഭിച്ച ഒരു നടിയ്ക്ക് ഡബ്ല്യുസിസി അംഗമായ ശേഷം അവസരങ്ങൾ ഇല്ലാതായെന്നും റിപ്പോർട്ടിൽ പറയുന്നു. മാത്രമല്ല, ഡബ്ല്യുസിസി സ്ഥാപക അംഗമായ ഒരേയൊരു അംഗത്തിന് മാത്രം കൈനിറയെ നിരവധി അവസരങ്ങൾ ലഭിക്കുന്നുണ്ടെന്നും റിപ്പോർട്ട് പറയുന്നു. ഇവർ മാത്രമാണ് സിനിമാ രംഗത്ത് സ്ത്രീകൾക്ക് പ്രശ്നമില്ലെന്ന് ആവർത്തിച്ച് പറഞ്ഞത്.
സിനിമാ രംഗത്ത് സ്ത്രീകൾക്കെതിരെ അതിക്രമം നടന്നത് താൻ കേട്ടിട്ട് പോലുമില്ലെന്നാണ് ഈ നടി പറഞ്ഞത്. എന്നാൽ അത് സത്യമല്ല. തെളിവുകൾ പരിശോധിക്കേണ്ടി വന്നാൽ ഇൻഡസ്ട്രിയിലെ പുരുഷൻമാർക്കെതിരെ ഈ നടി മനപ്പൂർവം സംസാരിക്കാതിരിക്കുകയാണ്. മലയാള സിനിമാ രംഗത്ത് നിന്നും പുറത്താകാതിരിക്കാനുള്ള സ്വാർത്ഥ ലക്ഷ്യം മാത്രമാണ് ഇതിന് കാരണം എന്നുമാണ് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.