ഞങ്ങള്‍ കുറച്ചുമുമ്പ് ജനിച്ചവരായതുകൊണ്ട് പുതിയ തലമുറ സൂക്ഷിക്കുന്നതുപോലെ ചിലപ്പോള്‍ സൂക്ഷിക്കാന്‍ കഴിഞ്ഞെന്നുവരില്ല; മന്ത്രി വി എന്‍ വാസവനൊപ്പം വേദി പങ്കിട്ട് ഇന്ദ്രന്‍സ്

കുറച്ച് നാളുകള്‍ക്ക് മുമ്പ് മന്ത്രി വി എന്‍ വാസവന്റെ പരാമര്‍ശം ഏറെ വിവാദമായിരുന്നു. എന്നാല്‍ ഇപ്പോഴിതാ നാളുകള്‍ക്ക് ശേഷം വേദി പങ്കിട്ടിരിക്കുകയാണ് മന്ത്രി വി എന്‍ വാസവനും നടന്‍ ഇന്ദ്രന്‍സും. കോട്ടയം പാമ്പാടിയില്‍ സ്വകാര്യ സ്‌കൂളിന്റെ വാര്‍ഷികാഘോഷ ചടങ്ങിലാണ് ഇരുവരും ഒന്നിച്ചെത്തിയത്.

മന്ത്രിയുടെ ക്ഷണപ്രകാരമായിരുന്നു ഇന്ദ്രന്‍സ് പരിപാടിയില്‍ പങ്കെടുത്തത്. ചടങ്ങിന് അരമണിക്കൂര്‍ മുമ്പേ എത്തിയ മന്ത്രിക്കരികിലേയ്ക്ക് ഇന്ദ്രന്‍സെത്തി. പിന്നാലെ സുഹൃത്തുക്കളേപ്പോലെ കൈകോര്‍ത്തുപിടിച്ച് ഇരുവരും വേദിയിലേക്ക് നടന്നു. മന്ത്രിയോട് തനിക്ക് ഒരു പിണക്കവുമില്ലെന്ന് ഇന്ദ്രന്‍സ് പറഞ്ഞു. ഇന്ദ്രന്‍സിനെ മഹാനടനെന്നാണ് വി എന്‍ വാസവന്‍ വിശേഷിപ്പിച്ചത്.

കലാകേരളത്തിന് അഭിമാനമാണ് ഇന്ദ്രന്‍സ് എന്ന് വി എന്‍ വാസവന്‍ പറഞ്ഞു. അദ്ദേഹം അഭിനയിച്ച, മറക്കാനാകാത്ത എത്രയോ ചിത്രങ്ങളാണുള്ളതെന്നും മന്ത്രി ഓര്‍ത്തു. നാട്ടിലെ പരിപാടിയില്‍ മന്ത്രി നേരിട്ട് ക്ഷണിച്ച സന്തോഷം ഇന്ദ്രന്‍സും പങ്കുവച്ചു. മന്ത്രിയോട് തനിക്ക് ഒരു പിണക്കവുമില്ല.

ഞങ്ങള്‍ കുറച്ചുമുമ്പ് ജനിച്ചവരായതുകൊണ്ട് പുതിയ തലമുറ സൂക്ഷിക്കുന്നതുപോലെ ചിലപ്പോള്‍ സൂക്ഷിക്കാന്‍ കഴിഞ്ഞെന്നുവരില്ല. ഒരുകാലത്ത് അങ്ങനെയൊക്കെയല്ലേ നമ്മള്‍ ഓരോന്നും അടയാളപ്പെടുത്തിയിരുന്നതും പറഞ്ഞതുമൊക്കെ. ഇനി നമുക്ക് സൂക്ഷിക്കാം, ശ്രദ്ധിക്കാമെന്നും ഇന്ദ്രന്‍സ് പറഞ്ഞു.

നിയമസഭയില്‍ മന്ത്രി വിഎന്‍ വാസവന്‍ നടത്തിയ ‘കോണ്‍ഗ്രസിന് ഇപ്പോള്‍ ഇന്ദ്രന്‍സിന്റെ വലിപ്പം’ പരാമര്‍ശമാണ് വിവാദത്തിലായത്. 2022ലെ കേരള സഹകരണ സംഘം മൂന്നാം ഭേദഗതി ബില്‍ നിയമസഭയില്‍ അവതരിപ്പിക്കവെയായിരുന്നു പരാമര്‍ശം. വാസവന്‍ പറഞ്ഞത് ഇങ്ങനെ:

‘സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം ഭരണം കൈമാറി തന്നതാണ് കോണ്‍ഗ്രസിന്. ഇപ്പോള്‍ എവിടെയെത്തി? യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥിതി പൊതുവിലെടുത്താല്‍ ഹിന്ദി സിനിമയിലെ അമിതാബ് ബച്ചന്റെ പൊക്കത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ മലയാള സിനിമയിലെ ഇന്ദ്രന്‍സിന്റെ വലിപ്പത്തില്‍ എത്തിനില്‍ക്കുന്നു.’

Vijayasree Vijayasree :