കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു നടന് ഷൈന്‍ ടോം ചാക്കോക്കെതിരെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്. എന്നാല്‍ ഇപ്പോഴിതാ ഇത് അസത്യമെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന് വികെ പ്രകാശ്. ഷൈന്‍ കൃത്യ സമയത്ത് വരികയും കഥാപാത്രത്തെ മനോഹരമായി അവതരിപ്പിക്കുകയും ചെയ്യും. ഇത്തരം അസത്യ പ്രചരണങ്ങള്‍ എന്തു ലക്ഷ്യം വെച്ചാണെന്ന് തനിക്ക് മനസിലാകുന്നില്ല എന്നും വികെ പ്രകാശ് പറഞ്ഞു.
‘ഞാന്‍ സംവിധാനം ചെയ്യുന്ന ലൈവ് സിനിമയുടെ ക്രൂവിന്റെ ഭാഗമല്ലാത്ത ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റ്, നമ്മുടെ സിനിമയില്‍ വളരെ സഹകരിച്ച് വര്‍ക്ക് ചെയ്യുന്ന ഷൈന്‍ ടോം ചാക്കോ എന്ന ആര്‍ട്ടിസ്റ്റ്നെ പറ്റി ഇല്ലാത്തതും അപകീര്‍ത്തി പെടുത്തുന്നതും ആയ പ്രചരണം നടത്തുന്നതായി കേട്ടറിഞ്ഞു. ഇത് തികച്ചും അസത്യ പ്രചരണം ആണ്.
നമുക്ക് തന്ന സമയത്ത് കൃത്യമായി വരികയും, കഥാപാത്രത്തെ കൃത്യമായ രീതിയില്‍ ആവിഷ്കരിക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണ് ഈ നടന്. അനവസരത്തിലുളള അസത്യ പ്രചരണങ്ങള്‍ എന്തു ലക്ഷ്യം വെച്ചാണെന്ന് എനിക്കു മനസ്സിലായിട്ടില്ല. ഇതൊന്നും ആരെയും ബാധിക്കാതെ ഇരിക്കട്ടെ’, എന്നും വികെ പ്രകാശ് ഫേസ്ബുക്കില്‍ കുറിച്ചു.
ഒരു ചാനല്‍ ചര്‍ച്ചയില്‍ സംസാരിക്കവെയായിരുന്നു രഞ്ജു രഞ്ജിമാര്‍ ഷൈന്‍ ടോം ചാക്കോക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. ‘ഈയൊരു നടന് കാരണം സിനിമാ സെറ്റില്‍ ഞാന്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഈ നടന് കൃത്യസമയത്ത് വരാതിരിക്കുകയും കോ ആര്‍ടിസ്റ്റുമാരോട് വളരെ മോശമായി പെരുമാറുകയും ഷോട്ടിനിടയില്‍ ഓടിപ്പോവുകയും ചെയ്തിട്ടുണ്ട്.
ഒമ്പത് മണിക്ക് തീര്‍ക്കേണ്ട സീനുകള്‍ പുലര്‍ച്ചെ അഞ്ച് മണിവരെ നീണ്ടുപോയിട്ട് ഞങ്ങള്‍ക്ക് ഉറക്കം ഒഴിച്ച് കാത്തിരിക്കേണ്ടി വരികയാണ്. നടന്മാരെ നിയന്ത്രിക്കാന്‍ അസോസിയേഷനുകള്‍ മുന്നിട്ടിറങ്ങിയേ പറ്റൂ. കൂടെ അഭിനയിക്കുന്നത് സ്ത്രീയാണെന്ന മാന്യതപോലും കല്‍പ്പിക്കാതെ സെറ്റില്‍ നിന്നും ഓടുക. അല്‍പ്പവസ്ത്രം ഇട്ട് ഓടി ചാടി കളിക്കുക. ഷോട്ട് പറഞ്ഞാല്‍ വരാതിരിക്കുക തുടങ്ങി അപമര്യാദയായിട്ടാണ് സെറ്റില്‍ പെരുമാറുന്നത് എന്നുമാണ് രഞ്ജു വ്യക്തമാക്കി.
മാത്രമല്ല, ആരോപണം ഉയര്‍ന്ന നടന്റെ പേര് പരാമര്‍ശിക്കാന്‍ ധൈര്യമില്ലേയെന്ന് ചര്‍ച്ചക്കിടെ പ്രൊഡ്യൂസര്‍ സജി നന്ത്യാട്ട് ചോദിച്ചതോടെ, ‘മലയാള സിനിമാ ചരിത്രത്തില്‍ 137 റീടേക്ക് എടുത്ത നിമിഷമായിരിക്കും അന്ന്. നടന്റെ പേര് സാറ് തന്നെ പറഞ്ഞു. വിമാനത്തില്‍ ചാടി കയറാന്‍ പോയിട്ടുണ്ട്’ എന്നും രഞ്ജു രഞ്ജിമാര്‍ പറഞ്ഞു.