ബോളിവുഡിലെ ഒട്ടുമിക്ക സെലിബ്രിറ്റി വിവാഹങ്ങളുടെയും വീഡിയോഗ്രാഫറാണ് വിശാൽ പഞ്ചാബി. എന്നാൽ നടി ആലിയ ഭട്ടിന്റെയും രൺബീർ കപൂറിന്റെയും വിവാഹ ചടങ്ങ് പകർത്താനുള്ള ക്ഷണം ഇദ്ദേഹം നിരസിച്ചത് അന്ന് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ ഇതിന്റെ കാരണം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് വിശാൽ.
‘രൺബീർ കപൂറും ആലിയ ഭട്ടും അവരുടെ വിവാഹത്തിന് വിളിച്ചപ്പോൾ ഞാൻ സ്ഥലത്തില്ലായിരുന്നു. വിവാഹത്തിന് രണ്ടാഴ്ച മുൻപാണ് സെലിബ്രിറ്റികളിൽ പലരും വിളിക്കുന്നത്. ഒരു സെലിബ്രിറ്റിയുടെയും കല്യാണം കവർ ചെയ്യാനുള്ള അവസരം ഒഴിവാക്കിയിട്ടില്ല.
എന്നാൽ ആലിയുടെയും രൺബീറിന്റെയും വിവാഹത്തിന് മുന്നേ മറ്റൊരു വിവാഹം ബുക്ക് ചെയ്‌തതാണ്. ലണ്ടനിൽ വെച്ചായിരുന്നു വിവാഹം. ബുക്ക് ചെയ്ത പരിപാടികൾ ക്യാൻസൽ ചെയ്യാറില്ല. അതുകൊണ്ടാണ് ആ വിവാഹത്തിൽ പങ്കെടുക്കാനാവാതിരുന്നത്’ എന്നാണ് വിശാൽ പഞ്ചാബി പറയുന്നത്.
രൺബീർ കപൂറും ആലിയ ഭട്ടും അടുത്ത സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിൽ 2022 ലാണ് വിവാഹിതരായത്. മുംബൈയിൽ വെച്ചായിരുന്നു വിവാഹം നടന്നത്. വിവാഹത്തിന്റെ മനോഹരമായ ചിത്രങ്ങൾ താരങ്ങൾ പങ്കിട്ടിരുന്നു. അഞ്ചു വർഷത്തെ പ്രണയത്തിന് ശേഷമാണ് വിവാഹിതരായത്.