എന്റെ സിനിമകള്‍ കണ്ടിട്ട് അച്ഛന്‍ ഇതുവരെ കൊള്ളാമെന്ന് പറഞ്ഞിട്ടില്ല; ആ സിനിമയുടെ തിരക്കഥ വായിച്ചപ്പോള്‍ അച്ഛന്‍ വളരെ സന്തോഷത്തോടെ നല്ല അഭിപ്രായം പറഞ്ഞിരുന്നു

നിരവധി ചിത്രങ്ങളിലൂടെ നടനായും സംവിധായകനായും ഗായകനായുമെല്ലാം പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായി മാറിയ താരമാണ് വിനീത് ശ്രീനിവാസന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇപ്പോഴിതാ ശ്രീനിവാസനെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.

സിനിമയിലേക്ക് തന്നെ അടുപ്പിച്ചതില്‍ അച്ഛന്റെ സ്വാധീനം വളരെ വലുതാണ് എന്നാണ് വിനീത് പറയുന്നത്. പത്താംക്ലാസില്‍ പഠിക്കുന്ന കാലം വരെ കൂത്തുപറമ്പിനടുത്ത പൂക്കോടാണ് ഞങ്ങള്‍ താമസിച്ചിരുന്നത്. സിനിമാഷൂട്ടിങ് കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോഴാണ് അച്ഛനെ ഞങ്ങള്‍ കണ്ടിരുന്നത്. ആ സമയത്ത് വലിയ ആഘോഷമായിരിക്കും.

കുമാരന്‍ മാഷ്, രാഘവേട്ടന്‍, പ്രദീപേട്ടന്‍…അച്ഛന്റെ കുറേ കൂട്ടുകാരുണ്ട്. അവരെല്ലാം വീട്ടില്‍ വന്ന് വട്ടംകൂടി കഥ പറഞ്ഞിരിക്കും. ആ സമയത്ത് അച്ഛന്‍ ചെയ്യാന്‍ പോകുന്ന സിനിമകളുടെ കഥ പറയും. അങ്ങനെ ചിന്താവിഷ്ടയായ ശ്യാമള, മറവത്തൂര്‍ കനവ് എന്നീ സിനിമകളെല്ലാം രൂപപ്പെടുന്നതിനു മുമ്പേ അതിന്റെ ആശയങ്ങള്‍ അച്ഛന്‍ സുഹൃത്തുക്കളുമായി ചര്‍ച്ചചെയ്യുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.

അങ്ങനെയൊരു അന്തരീക്ഷം വീട്ടില്‍ എപ്പോഴുമുണ്ടായിരുന്നു. വിദേശസിനിമകളുടെ കാസറ്റുകളുടെ വലിയൊരു ശേഖരം അച്ഛനുണ്ടായിരുന്നു. ഒരു മുറിയില്‍ വലിയ പുസ്തകശേഖരവും. അച്ഛനില്ലാത്ത സമയത്ത് ആ സിനിമകളൊക്കെ കാണുകയും പുസ്തകങ്ങള്‍ വായിക്കുകയും ചെയ്യും. അതെല്ലാം ജീവിതത്തെ സ്വാധീനിച്ച ഘടകങ്ങളാണ്.

കുട്ടിക്കാലത്ത് കണ്ട സിനിമകളില്‍ അന്നേറെ ഇഷ്ടപ്പെട്ടത് ‘തേന്മാവിന്‍ കൊമ്പത്താ’യിരുന്നു. എന്നാല്‍ വളരുന്നതിനനുസരിച്ച് ഓരോ തവണ കാണുമ്പോഴും ഇഷ്ടം കൂടിക്കൂടി വരുന്ന സിനിമ സന്ദേശമാണ്. രാഷ്ട്രീയപ്രസക്തിയുള്ള സിനിമ എന്നതിനേക്കാള്‍ കൂടുതല്‍ സറ്റയറിക്കലായി കാര്യങ്ങള്‍ അവതരിപ്പിച്ച അവതരണ ശൈലിയാണ് ഏറെ ആകര്‍ഷിച്ചത്.

അച്ഛന്‍ നല്ല മൂഡിലാണെങ്കില്‍ വീട്ടില്‍ ഭയങ്കര രസമാണ്. അച്ഛനും അമ്മയും തമ്മിലുള്ള സംസാരം കേട്ടിരിക്കാന്‍ തോന്നും. അമ്മ ആരോഗ്യകാര്യത്തെ കുറിച്ച് എന്തെങ്കിലും സംസാരിച്ചുകൊണ്ടിരിക്കും, അപ്പോള്‍ അച്ഛന്‍ അമ്മയെ പൊക്കി സംസാരിക്കും. ‘ഇവളെന്തൊരു ആളാണ്, നീ നോക്കിയേ ഇവളില്ലെങ്കില്‍ ഞാന്‍ കഷ്ടപ്പെട്ടേനേ’ എന്നൊക്കെ പറഞ്ഞുകൊണ്ടിരിക്കും.

പ്ലസ് ടു കഴിയുന്ന സമയത്ത് തന്നെ ഞാന്‍ അച്ഛനോട് സിനിമയാണ് എനിക്ക് താത്പര്യം എന്ന് പറഞ്ഞു. ‘ബിരുദപഠനം കഴിയുന്നത് വരെ അതിനെ കുറിച്ചൊന്നും ചിന്തിക്കേണ്ട, അതുകഴിഞ്ഞ് എന്താണെന്നുവെച്ചാല്‍ നിനക്ക് തീരുമാനിക്കാം’ എന്നായിരുന്നു അച്ഛന്റെ നിലപാട്. അപ്പോഴും സിനിമ എന്ന എന്റെ ആഗ്രഹത്തെ എതിര്‍ക്കുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്തിട്ടില്ല. എന്റെ ഇരുപത്തിനാലാം വയസ്സിലാണ് മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന സിനിമയെഴുതുന്നത്.

മലര്‍വാടിയുടെ സമയത്ത് ഞാന്‍ ആദ്യം എഴുതിയതിലൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഓരോ തവണ എഴുതിയിട്ട് ഞാന്‍ അച്ഛനെ കാണിക്കും. അച്ഛനത് വായിച്ച് പറയുന്ന കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ അങ്ങനെ ചെയ്യാമല്ലോ എന്നൊരു ഐഡിയ കിട്ടും. മലര്‍വാടിയുടെ തിരക്കഥ എട്ടാമത്തെ തവണ മാറ്റിയെഴുതി അച്ഛനെ കാണിച്ചു. അപ്പോള്‍ ഒരു സീന്‍ വായിച്ച് അച്ഛന്‍ ചിരിച്ചു. എഴുതിയെഴുതി പതംവന്നുതുടങ്ങിയിട്ടുണ്ടല്ലോ’ എന്നുപറഞ്ഞു.

എന്റെ സിനിമകള്‍ കണ്ടിട്ട് അച്ഛന്‍ ഇതുവരെ കൊള്ളാമെന്ന് പറഞ്ഞിട്ടില്ല. ‘തട്ടത്തിന്‍ മറയത്തി’ന്റെ തിരക്കഥ വായിച്ചപ്പോള്‍ അച്ഛന്‍ വളരെ സന്തോഷത്തോടെ നല്ല അഭിപ്രായം പറഞ്ഞിരുന്നു. സത്യം പറഞ്ഞാല്‍, ഞാന്‍ അച്ഛന്റെയടുത്ത് എന്റെ സിനിമകളെ കുറിച്ച് അഭിപ്രായം ചോദിക്കാറില്ല.

എഴുത്തില്‍ അച്ഛന്‍ കൊണ്ടുവ ന്ന പുതുമ തന്നെയാണ് എനിക്കെന്നും ഇഷ്ടം, സര്‍ക്കാസ്റ്റിക് ആയ രീതിയില്‍ വളരെ ആഴത്തില്‍ കാര്യ ങ്ങള്‍ അവതരിപ്പിക്കാനുള്ള കഴിവ് അച്ഛനുണ്ട്. അച്ഛന്റെ തിരക്കഥകളിലെല്ലാം പുതുമയുള്ള ഒരു ജീവിതമു ണ്ട്. നമുക്ക് ചുറ്റും ജീവിക്കുന്ന പല മനുഷ്യരെയും ആ സിനിമകളില്‍ കാണാം. ഒപ്പം അച്ഛന്റെ സെന്‍സ് ഓഫ് ഹ്യൂമറും കാഴ്ചപ്പാടുകളുമെ ല്ലാം അതിലുണ്ടാവും. അതുകൊണ്ട് അച്ഛനിലെ എഴുത്തുകാരനെയാണ് എനിക്ക് ഏറെ ഇഷ്ടം എന്നും വിനീത് പറയുന്നു.

Vijayasree Vijayasree :