ആകാശഗംഗയിലെ തമാശകൾ അമ്മയെ വേദനിപ്പിച്ചു കാണും! അതിന് പ്രായശ്ചിത്തം ചെയ്തു; വിനയൻ പറയുന്നു

മാതൃദിനത്തിൽ അമ്മയെക്കുറിച്ചുള്ള ഓർമക്കുറിപ്പുമായി സംവിധായകൻ വിനയൻ.

വിനയന്റെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം

അമ്മ തന്ന സ്നേഹത്തിൻെറയും, വാൽസല്യത്തിൻെറയും, കരുതലിൻെറയും, സുഖവും മധുരവും, ഇന്നും ഒന്നു കണ്ണടച്ചു കിടന്നാൽ എനിക്കാസ്വദിക്കാൻ പറ്റും.. അത്ര ദീപ്തമായിരുന്നു,.അത്.. എൻെറ അമ്മ “ഭാരതിയമ്മ” എൻെ 18 വയസ്സിൽ എന്നേ വിട്ടു പിരിഞ്ഞതാണ്..ആ പതിനെട്ടു വയസ്സു വരെ അമ്മ പകർന്നു തന്ന അറിവുകളും, വാൽസല്യം നിറഞ്ഞ ഉപദേശങ്ങളും ആണ് ഇന്നത്തെ ഈ വിനയൻെറ മനസ്സിൻെറ കരുത്തും, വ്യക്തിത്വവും, എന്തെൻകിലും എഴുതാനുള്ള കഴിവും എന്നു ഞാൻ വിശ്വസിക്കുന്നു.. കുട്ടനാട്ടിലെ പുതുക്കരി എന്ന ഗ്രാമം അന്നൊരു കുഗ്രാമം ആയിരുന്നു.. എൻെറ പതിനഞ്ചാം വയസ്സിൽ SSLC ക്കു പഠിക്കുമ്പോളാണ് പുതുക്കരിയിൽ കറൻറ് തന്നെ വന്നത്..

തടികൊണ്ടു നിർമ്മിച്ച അറയും പുരയും ഭിത്തികളുമുള്ള പൊക്കം കുറഞ്ഞ ഞങ്ങടെ കുടുബ വീട്ടിലെ അടുക്കളയിൽ പുക വെളിയിൽ പോകാൻ മാർഗ്ഗങ്ങളൊന്നുമില്ലാതെ പാചകം ചെയ്തതിൻെറ ഫലമായാണ് അമ്മയുടെ ഉള്ളിൽ പുക ചെന്ന് മരണ കാരണമായ ലങ് ക്യാൻസർ പിടിപെട്ടതെന്ന് അന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ക്യാൻസർ സ്പെഷ്യലിസ്ററ് ഡോക്ടർ കൃഷ്ണൻ നായർ പറഞ്ഞിരുന്നു..

നമുക്കെത്രമേൽ വിഷമതയുണ്ടെങ്കിലും മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സും അതിൻെറ സന്തോഷവും ഞാൻ ആദ്യമായിക്കണ്ടത് എൻെറ അമ്മയിലാണ്.. ഒരു ഇടത്തരം കർഷക കുടുംബത്തിൽ ജനിച്ച കുട്ടനാട്ടിലെ എൻെറ വീടിനു ചുറ്റും ഉള്ളവരെല്ലാം സാധാരണക്കാരും, കർഷകരും, കർഷകത്തൊഴിലാളികളും ആയിരുന്നു.. മഴ കൂടുതൽ പെയ്ത് പമ്പയാർ കവിഞ്ഞൊഴുകി പാടം മടവീണു കൃഷി നശിച്ചാൽ.. ആ വർഷം പട്ടിണിയും, നല്ല വിളവു കിട്ടിയാൽ ആ വർഷം സന്തോഷവും നിറയുന്ന ഒരു കൊച്ചു ഗ്രാമത്തിൽ പരസ്പര സഹായവും സ്നേഹവും പൻകുവച്ച് ജീവിച്ച കാലം ഇന്ന് ഒരു സ്വപ്നം പോലെ എനിക്കു തോന്നും.. അങ്ങനെ പരസ്പരം സ്നേഹിക്കാനും അനുകമ്പയോടെ പെരുമാറാനുമുള്ള മനസ്സ് മനുഷ്യന് നഷ്ടപ്പെട്ടിരിക്കുന്നു.. ദു:ഖവും വിഷമങ്ങളും ഒക്കെ ഉള്ളപ്പഴേ സത്യത്തിൽ ഒരാളുടെ സ്നേഹത്തിൻെറയും സഹായത്തിൻെറയും വില നമുക്കു മനസ്സിലാകൂ.

അന്നൊക്കെ സന്ധ്യ ആയാൽ അമ്മ നിലവിളക്കു കൊളുത്തും.. ആ നിലവിളക്കിൻെറ മുന്നിലിരുന്ന്.. അമ്മ വായിച്ചു കേൾപ്പിച്ചിരുന്ന രാമായണത്തിൻെയും, ഭാഗവതത്തിൻെറയും കഥയും കഥാപാത്രങ്ങളുമാണ് ഇന്നും എന്തെൻകിലും എഴുതാനിരിക്കുമ്പോൾ എൻെറ മനസ്സിനും ചിന്തയ്കും ഇന്ധനമാകുന്നത്… ബാലിയെ ഒളിയമ്പെയ്ത് ശ്രീരാമൻ കൊന്നത് ശരിയാണോ എന്നും.. ദുര്യോധനൻെറ ജീവൻ തുടയിലാണന്നും… അവിടെ അടിച്ചാലെ മരിക്കുകയുള്ളു എന്ന് ശ്രീകൃഷ്ണൻ കാണിച്ചു കൊടുത്തത് ചതിയല്ലേയെന്നുമൊക്കെ ഞാൻ കുസൃതി ചോദിക്കുമ്പോൾ ആദ്യം ശുണ്ഡി പിടിക്കുമെങ്കിലും ചിരിച്ചു കൊണ്ട് അമ്മ അതിൻെറ കാര്യ കാരണങ്ങൾ പറഞ്ഞു തരുമായിരുന്നു,, അമ്മയൊരു തികഞ്ഞ ഭക്തയായിരുന്നു.. അഛൻ വലിയ വിശ്വാസി അല്ലെങ്കിലും അമ്മയുടെ ഭക്തിയിൽ നന്മയും വിശുദ്ധിയുമുണ്ടന്ന് അച്ഛൻ പറയുമായിരുന്നു..

ഞങ്ങളുടെ കോയിപ്പുറത്തു കുടുംബത്തിലെ സർപ്പക്കാവിൽ അന്ന് വെള്ളിയാഴ്ച തോറും മുതിർന്നവരുടെ ദേഹത്ത് മരിച്ചു പോയവരുടെ ആത്മാക്കൾ പ്രവേശിച്ച് തുള്ളുന്ന ഒരേർപ്പാടുണ്ടായിരുന്നു… ആ ആത്മാക്കൾക്ക് ഒക്കെ ഓരോ കഥയുണ്ടാകും.. അങ്ങനെ ഏഴിലം പാലേൽ കുടികൊള്ളുന്ന ഒരു യക്ഷിയുടെ കഥ എൻെറ അമ്മ എനിക്കു പറഞ്ഞു തന്നതു ഓർത്തെഴുതിയതാണ് എൻെറ 1999 ൽ റിലീസായ ആകാശഗംഗ എന്ന സിനിമ. (അമ്മ മരിച്ച് 19 വർഷത്തിനു ശേഷം)അതിൽ എൻെറ കുട്ടിക്കാലത്തു ഞാൻ കണ്ട കാവിലെ തുള്ളലുകൾ ഹാസ്യത്തിൻെറ മേമ്പൊടിയോടെ അവതരിപ്പിച്ചിരുന്നു.,

Vinayan

വിശ്വാസമില്ലെങ്കിൽ വിശ്വസിക്കണ്ട, പക്ഷേ ഒരിക്കലും ഈശ്വരനേയും അത്തരം സങ്കൽപ്പങ്ങളേയും പരിഹസിക്കരുതെന്ന് എന്നെ ഉപദേശിച്ചിരുന്ന അമ്മയുടെ ആത്മാവിനെ ആകാശഗംഗയിലെ തമാശകൾ വേദനിപ്പിച്ചു കാണും എന്നെൻെറ മനസ്സു പറഞ്ഞു.. അതിനു പ്രായശ്ചിത്തമെന്നോണം അമ്മയുടെ സ്മാരകമായി… ഇടിഞ്ഞു പൊളിഞ്ഞു കിടന്ന ഞങ്ങളുടെ കാവിലെ ക്ഷേത്രം ഞാൻ 2001 ൽ പുതുക്കിപ്പണിതു, വളരെ ആർഭാടത്തോടുതന്നെ അമ്മയുടെ ആരാധനാ മൂർത്തികളായ പരദേവതകളെയൊക്കെ അവിടെ കുടിയിരുത്തി. ആകാശഗംഗ എന്ന സിനിമയുടെ ലാഭം കൊണ്ടു തന്നെയാണതു ചെയ്തത്, സംവിധാനത്തോടപ്പം ആ ചിത്രത്തിൻെറ നിർമ്മാതാവും ഞാൻ തന്നെ ആയിരുന്നു ..

അമ്മയേക്കുറിച്ചുള്ള ഓർമ്മകളിൽ മായാത്ത മറ്റൊരദ്ധ്യായം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ക്യാൻസർ വാർഡാണ്…. ശ്വാസകോശത്തിൽ അർബ്ബുദത്തിൻെറ രണ്ടാം ഘട്ടം കഴിഞ്ഞപ്പോഴാണ് അമ്മയുടെ രോഗം കണ്ടുപിടിക്കപ്പെട്ടത്.. അന്ന് ഇന്നത്തേതുപോലെയുള്ള ചികിൽസാ സൗകര്യങ്ങൾ ഇല്ലാത്തതിനാലാകാം.. മാസങ്ങളോളം അമ്മയുടെ അസുഖം ടി ബി ആണന്നാണ് ഡോക്ടേഴ്സ് പറഞ്ഞത് ഒടുവിൽ രോഗം കണ്ടു പിടിച്ചപ്പോൾ വൈകിപ്പോയിരുന്നു.. ഇന്നത്തെ പോലെയുള്ള വേദന സംഹാരികളായ മരുന്നുകൾ അന്നു വിരളമായിരുന്നു.. അതുകൊണ്ടു തന്നെ രോഗത്തോടു മല്ലിട്ടു വേദനകൊണ്ടു പുളയുന്ന അമ്മയേ കാണാനുള്ള ശക്തി എനിക്കില്ലായിരുന്നു.. എങ്കിലും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അമ്മ കിടന്ന ആറു മാസവും കൂടെ രാവും പകലും കൂട്ടിരുന്നു.. വേദന തെല്ലൊന്നു കുറഞ്ഞാൽ അമ്മ കഥകൾ പറയാൻ തുടങ്ങും.. വേദന ഇല്ലെന്നു കാണിക്കാൻ എന്നെ നോക്കി ചിരിച്ചു കൊണ്ടു കിടക്കും.. ഒരു ദിവസം ഞാൻ ചോദിച്ചു.. അമ്മ ഒത്തിരി നൻമകൾ ചെയ്യുന്ന ആളായിട്ടും എന്തേ ദൈവം ഇത്ര വേദനയുള്ള ഒരസുഖം തന്നത്.. അതിനമ്മ ചിരിച്ചു കൊണ്ടാണ് മറുപടി പറഞ്ഞത്… ഇതൊക്കെ ഒരു നിയോഗമാണ് മോനെ.,, ഞാൻ തർക്കിച്ചപ്പോൾ … യദുകുലം മുഴുവൻ തമ്മിലടിച്ചു തകർന്ന് നിരാശയോടെ ധ്യാനത്തിലിരുന്ന ശ്രീകൃഷ്ണൻ വേടൻെറ അമ്പു കൊണ്ടു മരിച്ചതും… കുരിശിൽ കിടന്നു വേദന കൊണ്ടു പുളഞ്ഞുമരിച്ച യേശുദേവൻെറ കഥയുമൊക്കെ പറഞ്ഞ് എന്നെ സമാധാനിപ്പിക്കും.. അന്നു ഞാൻ കലാകൗമുദിയിലും ജനയുഗത്തിലും വിനയൻ അമ്പലപ്പുഴ എന്ന പേരിൽ കൊച്ചു കൊച്ചു കവിതകൾ എഴുതിയിരുന്നു..(അന്ന് അമ്പലപ്പുഴയിൽ എൻെറ മൂത്ത പെങ്ങളുടെ വീട്ടിൽ നിന്നാണ് ഞാൻ പഠിച്ചിരുന്നത്) എൻെറ കവിതകൾ അച്ചടിച്ചു വരുന്നതു കാണാനും വായിക്കാനും അമ്മയ്ക്ക് വലിയ ഇഷ്ടമായിരുന്നു…

അന്ന് നാടക രചനയും.സംവിധാനവും അഭിനയവും ഒക്കെയുണ്ടായിരുന്നു എനിക്ക്.. സിനിമയാണ് മനസ്സിൽ എന്നു പറഞ്ഞപ്പോൾ .. ഒരു ചെറു ചിരിയോടെ അമ്മ പറഞ്ഞു., ഒന്നും അപ്രാപ്യമാണന്നു കരുതണ്ട,, ശ്രമിക്കണം.. പഠിത്തം പൂർത്തിയാക്കി നല്ലൊരു ജോലി ആദ്യം സമ്പാദിക്കണം..സിനിമയ്കു പുറകെ ഇറങ്ങാൻ നമ്മളത്ര ധനികരൊന്നും അല്ലല്ലോ?

പക്ഷേ ഒരു സഹായത്തിനും ഉപദേശത്തിനും അമ്മ കാണില്ല.. അമ്മയ്ക്ക് യാത്ര പറയാൻ ഇനി ദിവസങ്ങളല്ലേയുള്ളു.. ഞാനന്നു കരഞ്ഞുകൊണ്ട് അമ്മയുടെ തലയിൽ തലോടി.. ക്യാൻസർ വാർഡ് വളരെ വലുതായിരുന്നു.. നിറയെ രോഗികൾ ഉണ്ടായിരുന്നു.. ചിലരൊക്കെ വേദന കൊണ്ട് ഉറക്കെ കരയുമായിരുന്നു.. അങ്ങനെയുള്ളവരുടെ അടുത്ത് ചെന്ന് വിവരം അന്വേഷിക്കാൻ അമ്മ പറയുമായിരുന്നു.. ദിവസവും ഒരാളെൻകിലും മരണത്തിനു കീഴ്പെടുമായിരുന്നു ആ വാർഡിൽ.. അവിടുണ്ടായ ഒരു സംഭവം ഇപ്പഴും എൻെറ മനസ്സിൽ തെളിഞ്ഞു നിൽപ്പുണ്ട്..
ഒരു ദിവസം അമ്മയുടെ ബെഡ്ഡിനടുത്തു കിടന്ന ഒരാൾ മരിച്ചു. ശവശരീരം വണ്ടിപിടിച്ച് അവരുടെ നാടായ കണ്ണൂരേക്കു കൊണ്ടുപോകാൻ കാശില്ലാതെ മരിച്ച ആളിൻെറ ഭാര്യ വിങ്ങിപ്പൊട്ടി കരയുന്നു.. ഇത്രയും വലിയൊരു തുക സഹായിക്കാൻ അവിടെ ആർക്കും കഴിയില്ലായിരുന്നു.. ആശുപത്രിയിൽ അങ്ങനെയുള്ളവരെ സഹായിക്കാൻ ഒരു ഏർപ്പാടുമില്ലായിരുന്നു.

അമ്മ അവരേ അടുത്തു വിളിച്ചു സമാധാനിപ്പിച്ചു.. അതിനു ശേഷം എന്നോടു പറഞ്ഞു മോൻ ഒരു കാര്യം ചെയ്യണം… അമ്പതോളം ആളുകൾ ഈ വാർഡിലുണ്ട്.. എല്ലാവരുടെ അടുത്തും ചെന്ന് കഴിയുന്ന രീതിയിൽ ഇവരെ ഒന്നു സഹായിക്കാൻ പറഞ്ഞാൽ അവർ ചെയ്യും.. ആരെങ്കിലും മുന്നിട്ടിറങ്ങിയാലേ ഇതൊക്കെ നടക്കു.. മോനു ചെയ്യാൻ പറ്റും ചെല്ല്…

അമ്മ പറഞ്ഞപോലെ ഞാൻ ചെയ്തു.. എൻെറ ജീവിതത്തിലെ ആദ്യത്തെ പൊതുപ്രവർത്തനം എന്നു വേണമെങ്കിൽ അതിനെ പറയാം.. എല്ലാവരും അവരേക്കൊണ്ടാകുന്ന രീതിയിൽ പൈസ തന്നു.. ഡോക്ടർമാരും നഴ്സുമാരും സഹകരിച്ചു ഞങ്ങളെല്ലാവരും കൂടി പിരിച്ച തുക കൊണ്ട്..നിർദ്ധനയായ ആ സ്ത്രീക്ക് അവരുടെ ഭർത്താവിൻെറ ശവശരീരം നാട്ടിൽ കൊണ്ടുപോകാൻ കഴിഞ്ഞു..എൻെറ അമ്മയുടെ ബുദ്ധിയും മനസ്സുമായിരുന്നു അതിൻെറ പിന്നിൽ.. അതിനു ശേഷം കുറേ ദിവസങ്ങൾ കഴിഞ്ഞ് അമ്മയും യാത്രയായി.. ആ ദിവസങ്ങളേപ്പറ്റി.. അന്നു പതിനെട്ടു വയസ്സുമാത്രം പ്രായമുള്ള എൻെറ മാനസികാവസ്ഥയേപ്പറ്റി… ഇന്നു പോലും വിശദീകരിക്കാൻ ഞാനശക്തനാണ്..
എൻെറ സുഹൃത്തും മാർഗ്ഗദർശിയും എല്ലാമായിരുന്ന എൻെറ അമ്മയുടെ ഒർമ്മകൾ ഇന്നും എനിക്ക് ഉർജ്ജം പകരുന്നു.. ആദ്യം ജോലി സമ്പാദിച്ചു.. പിന്നെ സിനിമ ചെയ്തു.. അമ്മ ഇതൊക്കെ കണ്ട് ഹാപ്പി ആയിരിക്കും..

Akashaganga Movie

Noora T Noora T :