ഒരു പക്ഷെ ഇന്നും ജൂനിയർ ആർട്ടിസ്റ്റായി നിൽക്കേണ്ടി വന്നേനെ ആ സിനിമ ഇല്ലായിരുന്നെങ്കിൽ; വിനായകൻ

ജയിലര്‍ എന്ന സിനിമയില്‍ സൂപ്പര്‍താരം രജനികാന്തിന് എതിരായി നിന്ന വര്‍മ്മന്‍ എന്ന വില്ലന്‍ വേഷത്തിലൂടെ ഗംഭീര പ്രകടനമാണ് നടന്‍ വിനായകന്‍ നടത്തിയത്. മെഗാ ഹിറ്റായ ചിത്രത്തിനൊപ്പം വര്‍മ്മന്‍ എന്ന റോളും തെന്നിന്ത്യ മൊത്തത്തില്‍ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ രാജീവ് രവി സംവിധാനം ചെയ്ത ‘കമ്മട്ടിപാടം’ എന്ന ചിത്രമില്ലായിരുന്നെങ്കിൽ താൻ ഇന്നും ഒരു ജൂനിയർ ആർടിസ്റ്റായി നിന്നു പോയേനെ എന്ന് പറഞ്ഞിരിക്കുകയാണ് വിനായകൻ.

കമ്മട്ടിപ്പാടം എന്ന ചിത്രം മലയാളത്തിലെ ഏറ്റവും മികച്ച സിനിമകളുടെ കൂട്ടത്തിൽ എക്കാലത്തുമുണ്ടാവും. കൃഷ്ണനെയും ഗംഗയെയും ബാലൻ ചേട്ടനെയും മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല.

“രാജീവിന്റെ കമ്മട്ടിപ്പാടം ഇല്ലായിരുന്നെങ്കിൽ ഒരു ജൂനിയർ ആർട്ടിസ്റ്റായി നിൽക്കേണ്ടി വന്നേനെ. കമ്മട്ടിപ്പാടം കൊണ്ടാണ് എല്ലാം സെറ്റായത്. അതിന് മുൻപും ഹിറ്റായ സിനിമകളുണ്ടായിരുന്നു. എന്നാൽ ഒരു പറ്റം സിനിമാകാർക്ക് അത് ഉൾക്കൊള്ളാനായില്ല. എന്നാൽ കമ്മട്ടിപ്പാടത്തോട് കൂടി എന്നെ മാറ്റിനിർത്താൻ പറ്റാതെയായി” വിനായകൻ പറഞ്ഞു.

ഇൻഡസ്ട്രിയിൽ എഴുതിവെക്കാത്ത ചില നിയമങ്ങളുണ്ട്. തനിക്കൊരു കസേര കിട്ടാൻ 20 വർഷമെടുത്തു. അതൊക്കെ പിന്നീടാണ് താൻ ചിന്തിച്ചതെന്നും സാർക്ക് ന്യൂസിന് നൽകിയ അഭിമുഖത്തിൽ വിനായകൻ പറഞ്ഞു.

എന്നാൽ സിനിമ ഇഷ്ടമായത് കൊണ്ട് അങ്ങനെയൊരു വിഷമം ഉണ്ടായില്ലെന്നും . സെറ്റിലെ പ്രൊഡക്ഷൻ പിള്ളേരുടെ സപ്പോർട്ട് എപ്പോഴുമുണ്ടായിരുന്നെന്നും മനസ് താഴുമ്പോൾ അവർ വന്ന് സഹായിക്കുകയും ചായയൊക്കെ ഇട്ട് തരുമെന്നും വിനായകൻ കൂട്ടിചേർത്തു.

AJILI ANNAJOHN :