കഴിഞ്ഞ ദിവസമായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടത്. നിലവിൽ വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ പൂർണമായും ഒഴിവാക്കിയ ഭാഗങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്. എന്നിരുന്നാലും സംഭവം എങ്ങും ചർച്ചയായി മാറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ചുള്ള തന്റെ ആദ്യ പ്രതികരണത്തിൽ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ വിനയ് ഫോർട്ട്.
ഞാൻ ഫൂട്ടേജ് എന്ന സിനിമയുടെ പ്രിവ്യു ഷോ കഴിഞ്ഞ് ഇറങ്ങി വരുമ്പോഴാണ് മാധ്യമങ്ങൾ സമീപിച്ചത്. ചില ഓൺലൈൻ മാധ്യമ സുഹൃത്തുക്കളും അക്കൂട്ടത്തിലുണ്ടായിരുന്നു. അവർ റിവ്യു ചോദിക്കാനാണ് വരുന്നതെന്ന് കരുതി, എന്നാൽ അവർ ഹേമ കമ്മിറ്റിയെ പറ്റിയാണ് ചോദിച്ചത്. സിനിമയുടെ ഷോ നടക്കുന്ന സമയത്താണ് റിപ്പോർട്ട് വന്നത് എന്നതുകൊണ്ട് തന്നെ അതേ കുറിച്ച് കൂടുതലൊന്നും അറിയാൻ കഴിഞ്ഞിരുന്നില്ല.
അറിയാത്ത കാര്യത്തെ കുറിച്ച് വായിൽ തോന്നുന്നത് പറയുന്നത് വിഡ്ഢിത്തമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. എന്നാൽ ഇക്കാര്യം പറയുന്നതിനിടെയുള്ള എന്റെ ശരീരഭാഷ ശരിയായിരുന്നില്ലെന്ന് വീഡിയോ വീണ്ടും കണ്ടപ്പോൾ തോന്നി. ചില സുഹൃത്തുക്കളെ അത് വേദനിപ്പിച്ചതായും അറിഞ്ഞു. എന്റെ പ്രതികരണം ആരെയെങ്കിലും വിഷമിപ്പിച്ചുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു എന്നും വിനയ് ഫോർട്ട് വീഡിയോയിൽ പറഞ്ഞു.
എനിക്ക് അതിനെ കുറിച്ച് ഒന്നും അറിഞ്ഞുകൂടാ. ഞാനും ഇതേ പോലെ റിപ്പോർട്ട് വന്ന കാര്യം മാത്രമേ അറിയുകയുള്ളൂ. അതിൽ കൂടുതൽ ഒന്നും എനിക്ക് അറിയില്ല. ഏറ്റവും അടിസ്ഥാനപരമായിട്ടുള്ള ഒരു കാര്യം നിങ്ങൾക്ക് അറിയാത്ത ഒരു കാര്യത്തെ പറ്റി സംസാരിക്കാതിരിക്കുക എന്നതാണ്. ഞാൻ അതിനെ കുറിച്ച് മനസിലാക്കിയിട്ടോ പഠിച്ചിട്ടോ ഒന്നുമില്ല.
അപ്പൊ നിങ്ങൾ ചോദിക്കുമ്പോൾ ഞാൻ എന്തെങ്കിലും പറഞ്ഞിട്ട് കാര്യമില്ലലോ. എനിക്ക് അറിഞ്ഞുകൂടാത്ത ഒരു വിഷയത്തെ കുറിച്ച് ഞാൻ സംസാരിക്കുകയേ ഇല്ല. അതിനെ കുറിച്ച് പത്ത്-ഇരുനൂറ്റിമുപ്പത്തഞ്ച് പേജുള്ള എന്തോ പരിപാടി വന്നിട്ടില്ലേ..? ഞാനത് വായിച്ചിട്ടില്ല. ആകെ അത്ര സമയമല്ലേ ഉള്ളൂ. അതിന്റെ ഇടയിൽ വേറെ എന്തൊക്കെ പരിപാടികൾ ഉണ്ട്. സമയം കിട്ടണ്ടേ. മലയാള സിനിമ അടിപൊളിയാണ് എന്നുമാണ് വിനയ് ഫോർട്ട് ആദ്യപ്രതികരണമായി പറഞ്ഞത്.
അതേസമയം, മലയാള സിനിമയിൽ സ്ത്രീകൾ നേരിടുന്ന വിവേചനങ്ങൾ സംബന്ധിച്ച് വിശദമായി പഠിച്ച് തയ്യാറാക്കിയ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് 2019 ഡിസംബർ 31നായിരുന്നു സർക്കാരിന് കൈമാറിയത്. മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നൽകിയ റിപ്പോർട്ടിൽ 300 പേജുകളാണുള്ളത്. ഡബ്ല്യുസിസി ഉൾപ്പെടെ പലവട്ടം ആവശ്യപ്പെട്ടിട്ടും റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തയ്യാറായിരുന്നില്ല. ഒടുവിൽ വിവരാവകാശ കമ്മീഷന്റെ ഇടപെടലിന് പിന്നാലെയാണ് റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തീരുമാനിച്ചത്.