കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് അഭിനയത്തിൽ നിന്നും വിരമിക്കുകയാണെന്ന് നടൻ വിക്രാന്ത് മാസി പറഞ്ഞിരുന്നത്. കരിയറിൽ തിളങ്ങി നിൽക്കുന്ന സമയം അദ്ദേഹത്തിന്റെ വിരമിക്കൽ ദേശീയ മാധ്യമങ്ങൾ വരെ ഏറ്റെടുത്തിരുന്നു. നിരവധി പേരാണ് നിരാശ പ്രപകടിപ്പിച്ച് രംഗത്തെത്തിയിരുന്നത്.
എന്നാൽ ഇപ്പോഴിതാ അഭിനയത്തിൽ നിന്നും വിരമിക്കുകയാണെന്നല്ല താൻ പറഞ്ഞതെന്നും തന്റെ പോസ്റ്റ് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും പറയുകയാണ് നടൻ. എനിക്ക് ചെയ്യാൻ കഴിയുന്നത് അഭിനയമാണ്. ഒപ്പം എനിക്കുള്ളതെല്ലാം തന്നു. എന്റെ ശാരീരികവും മാനസികവുമായ ആരോഗ്യം മോശമാണ് ഇപ്പോൾ.
എനിക്ക് കുറച്ച് സമയം അത്യാവശ്യമാണ്. പക്ഷേ ഞാൻ അഭിനയം നിർത്തുകയോ വിരമിക്കുകയോ ചെയ്യുകയാണെന്ന രീതിയിൽ എന്റെ പോസ്റ്റ് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. തീർച്ചയായും ശരിയായ സമയത്ത് ഞാൻ അഭിനയത്തിലേയ്ക്ക് തിരിച്ചെത്തുക തന്നെ ചെയ്യും എന്നുമാണ് നടൻ പുതിയ പോസ്റ്റിൽ പറയുന്നത്.
തന്റെ ആരോഗ്യനില മോശമാണെന്ന് പറഞ്ഞ നടൻ എന്ത് അസുഖമാണ് തന്നെ ബാധിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല. അതിനാൽ തന്നെ ആരാധകർ വളരെയധികം ആശങ്കയിലാണ്. നിരവധി പേർ ഇതേ കുറിച്ച് ചോദിക്കുന്നുണ്ടെങ്കിലും നടൻ ഇതിലൊന്നും പ്രതികരിച്ചിട്ടില്ല. ടെലിവിഷനിലൂടെയാണ് വിക്രാന്ത് ബിഗ്സ്ക്രീനിലേയ്ക്ക് എത്തുന്നത്.