ഈ റോള്‍ ചെയ്യാന്‍ ഏറ്റവും യോഗ്യൻ ധ്രുവ്;മകന്റെ ആദ്യചിത്രത്തെക്കുറിച്ച് വിക്രം!

തെലുങ്കില്‍ സൂപ്പര്‍ ഹിറ്റായ ചിത്രമാണ് വിജയ് ദേവരക്കൊണ്ട നായകനായി എത്തിയ അര്‍ജുന്‍ റെഡ്ഡി. തെലുങ്കില്‍ വലിയ ലാഭം കൊയ്ത അര്‍ജുന്‍ റെഡ്ഡിയ്ക്ക് ഹിന്ദിയിലും തമിഴിലും റീമേക്കുകളൊരുങ്ങുന്നുവെന്ന വാര്‍ത്ത വന്നിട്ട് വളരെക്കാലമായി. വിജയ് ദേവരെക്കൊണ്ട നായകനായ തെലുങ്ക് പതിപ്പിന്റെ ഹിന്ദി റീമേക്ക് കബീര്‍ സിംഗ് കഴിഞ്ഞ 27ന് റിലീസാകുകയും അര്‍ജുന്‍ റെഡ്ഡിക്ക് ലഭിച്ചതിനു സമാനമായ നിരൂപക പ്രശംസകളും വിമര്‍ശനങ്ങളും ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. ഇരു ചിത്രങ്ങളും സംവിധാനം ചെയ്ത സന്ദീപ് റെഡ്ഡി വങ്കയ്‌ക്കെതിരെ സ്ത്രീവിരുദ്ധത പ്രചരിപ്പിച്ചുവെന്ന പേരിലും വന്‍ തോതില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ഷാഹിദ് കപൂറായിരുന്നു കബീര്‍ സിംഗിലെ നായകന്‍. ചിത്രത്തിന്റെ തമിഴ് പതിപ്പായ ആദിത്യ വര്‍മ്മയാണ് ഇനി പുറത്തിറങ്ങാനിരിക്കുന്നത്.

തമിഴില്‍ മകന്‍ ധ്രുവ് വിക്രം നായകനാകുന്ന ചിത്രം മറ്റു രണ്ടു ചിത്രങ്ങളെയും പോലെയല്ലെന്ന് വെളിപ്പെടുത്തുകയാണ് നടന്‍ വിക്രം. സിനിമയിലെ നെഗറ്റീവ് ഷെയ്ഡുകളെ മഹത്വവത്ക്കരിക്കനുള്ള ശ്രമങ്ങള്‍ നടന്നിട്ടില്ലെന്നും അതിനാല്‍ മറ്റു രണ്ടു ചിത്രങ്ങള്‍ക്കും ലഭിച്ച പ്രതികരണം പോലെയായിരിക്കില്ല ആദിത്യ വര്‍മ്മയ്‌ക്കെന്നും സിനിമാ എക്‌സ്‌പ്രെസിനു നല്‍കിയ അഭിമുഖത്തിനിടെ വിക്രം പറഞ്ഞു.

‘കബീര്‍ സിങ്ങോ അര്‍ജുന്‍ റെഡ്ഡിയോ പോലെ ആയിരിക്കില്ല ആദിത്യ വര്‍മ്മ. വിജയ് ദേവരെക്കൊണ്ടയെയോ ഷാഹിദിനെപ്പോലെയോ അല്ല, ധ്രുവ് സിനിമയില്‍ കോളേജ് വിദ്യാര്‍ഥിയെപ്പോലെത്തന്നെയാണ് അഭിനയിച്ചിരിക്കുന്നത്. ധ്രുവ് ആണ് ഈ റോള്‍ ചെയ്യാന്‍ ഏറ്റവും യോഗ്യനെന്ന് സംവിധായകന്‍ സന്ദീപ് വങ്കയും പറഞ്ഞിരുന്നു. മറ്റു രണ്ടു ചിത്രങ്ങളിലും കാണുന്നതു പോലെ ആരെയും കൂസാക്കാതെ, എല്ലാത്തിനേയും നിസ്സാരമായി കാണുന്ന കഥാപാത്രമായിരിക്കില്ല, ആദിത്യവര്‍മ്മയില്‍ ധ്രുവിന്റെ കഥാപാത്രം. റീമേക്ക് ആണെങ്കില്‍ കൂടി സിനിമയിലെ നെഗറ്റീവ് ഷെയ്ഡുകളെ വലുതാക്കിക്കാണിക്കാനുള്ള വലിയ ശ്രമങ്ങളൊന്നും ഇതില്‍ നടന്നിട്ടില്ല. അതുകൊണ്ടു തന്നെ മറ്റു രണ്ടു ചിത്രങ്ങള്‍ക്കും കിട്ടിയ പ്രതികരണങ്ങളാവില്ല, ഇതിന് എന്നാണ് തോന്നുന്നത്.’ വിക്രം പറഞ്ഞു.

‘ഒരു കള്‍ട്ട് സിനിമയുടെ റീമേക്കായതിനാലാണ് ധ്രുവ് തന്റെ അരങ്ങേറ്റ ചിത്രമായി ആദിത്യവര്‍മ്മ തെരഞ്ഞെടുത്തതെന്നും വിക്രം പറഞ്ഞു. സെല്‍സേഷനലിസം കൊണ്ട് പ്രശസ്തിനേടിയ ചിത്രമാണ് അര്‍ജുന്‍ റെഡ്ഡി എന്നു കരുതുന്നില്ല. ഒരു പ്രത്യേക വിഭാഗമോ, പ്രായക്കാരോ മാത്രം ഇഷ്ടപ്പെട്ടിരുന്ന ചിത്രമായിരുന്നില്ല, അത്. ഒരു പ്രണയകഥയായി എല്ലാത്തരം പ്രേക്ഷകരും ഇഷ്ടപ്പെട്ട ചിത്രമായിരുന്നു അത്.’ വിക്രം വ്യക്തമാക്കി.

Vikram about Adithya Varma Arjun Reddy and Kabir Singh Dhruv Vikram

Sruthi S :