വിജയ്യുടെ പുത്തന്‍ ചിത്രമായ ‘വാരിസ്’ ന്റെ ഫസ്റ്റ് ഷോ കാണാനെത്തി താരത്തിന്റെ അമ്മ ശോഭ ചന്ദ്രശേഖര്‍. കുറച്ച് നാളുകള്‍ക്ക് മുമ്പ് മാതാപിതാക്കളുമായി താരം അകല്‍ച്ചയിലാണെന്നും ഇവരുടെ ബന്ധത്തില്‍ വിള്ളല്‍ വീണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ എത്തിയിരുന്നു. അതുമാത്രമല്ല, വാരിസിന്റെ ഓഡിയോ ലോഞ്ചില്‍ എത്തിയ മാതാപിതാക്കളോട് സംസാരിക്കാനോ ഇടപഴകാനോ വിജയ് അധികം താല്‍പര്യവും കാണിച്ചിരുന്നില്ല.
ഇതിനിടെയാണ് വാരിസ് കാണാനെത്തിയ താരത്തിന്റെ അമ്മയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നടന്‍ ഗണേഷ് വെങ്കിട്ടറാമിന്റെ കുടുംബത്തോടൊപ്പമാണ് ശോഭ ചന്ദ്രശേഖര്‍ വാരിസ് കാണാനെത്തിയത്. ഗണേഷ് വെങ്കിട്ടറാമിന്റെ ഭാര്യ നിഷാ ഗണേഷ് ആണ് വിജയ്യുടെ അമ്മയോടൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
കുടുംബ പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന സിനിമയാണ് വാരിസെന്നും ശോഭ അമ്മയോടൊപ്പം സിനിമ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും നിഷ ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചു. തന്റെ പേര് രാഷ്ട്രീയ അജണ്ടയ്ക്കായി ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് മാതാപിതാക്കള്‍ക്കെതിരെ വിജയ് നേരത്തെ ചെന്നൈ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു.
വിജയ് മക്കള്‍ ഇയക്കം എന്ന പേരില്‍ ചന്ദ്രശേഖര്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി സ്ഥാപിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. പിന്നാലെ പാര്‍ട്ടി പിരിച്ചുവിട്ടിരുന്നു. തന്റെ ആരാധകരോട് പാര്‍ട്ടിയുമായി സഹകരിക്കരുതെന്നും വിജയ് ആവശ്യപ്പെട്ടിരുന്നു. താന്‍ തുടങ്ങിയത് വിജയ്‌യുടെ രാഷ്ട്രീയ പാര്‍ട്ടിയല്ലെന്നും വിജയ്ക്ക് പാര്‍ട്ടിയില്‍ യാതൊരു പങ്കുമില്ലെന്ന് പറഞ്ഞ് ചന്ദ്രശേഖര്‍ രംഗത്തെത്തിയിരുന്നു.