ഞാൻ ആ നാടകം കുളമാക്കി കൈയിൽ കൊടുത്തു, എന്റെ വിചാരം ഞാൻ ഭയങ്കരമായി അഭിനയിച്ചു എന്നാണ് ; വിജയകുമാരി പറയുന്നു

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പരിചതമായ മുഖമാണ് നടി വിജയകുമാരിയുടേത്. സീരിയലുകളിൽ വില്ലത്തി വേഷങ്ങളിലാണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത് .സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട് . കളിവീട്, മിഴിരണ്ടിലും, ആൺപിറന്നോൾ എന്നീ സീരിയലുകളിലാണ് വിജയകുമാരി ഇപ്പോൾ ചെയ്യുന്നത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വിജയകുമാരി പങ്കുവെച്ച വിശേഷങ്ങളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

സീരിയലുകളിൽ അഭിനയിക്കുന്നത് സർക്കാർ ജോലി പോലെയാണെന്നാണ് വിജയകുമാരി പറയുന്നത് .രാവിലെ വീട്ടിൽ നിന്നിറങ്ങി വൈകുന്നേരം തിരിച്ചെത്തുന്നു. സിനിമയിൽ നമ്മുടെ കഥാപാത്രം കഴിയുന്നത് വരെ സെറ്റിൽ താമസിക്കേണ്ടതുണ്ട്. ഒരു സീരിയൽ‍ രണ്ടും മൂന്നും വർഷം ഉണ്ടാകും. എല്ലാവരും കുടുംബം പോലെയാകുമെന്നും നടി പറയുന്നു .തനിക്ക് ഇപ്പോൾ സീരിയലുകളിൽ നല്ല കഥാപാത്രങ്ങൾ കിട്ടുന്നുണ്ടെന്നും താരം കൂട്ടിച്ചേർത്തു .

അഭിനയം മാത്രമല്ല പാട്ടും പഠിച്ചിട്ടുണ്ട് വിജയകുമാരി എന്നാൽ കൂടുതൽ ശ്രദ്ധ കൊടുത്തത് അഭിനയത്തിലാണ് . ​ഗാനമേള ചെയ്യുമായിരുന്നെങ്കിലും അഭിനയമായിരുന്നു തനിക്ക് കൂടുതൽ ഇഷ്ടമെന്ന് താരം പറഞ്ഞു . മുകേഷേട്ടന്റെ അമ്മയായിരുന്നു എനിക്ക് റോൾ മോഡൽ. എന്റെ പാട്ട് കഴിഞ്ഞാൽ അമ്മയുടെ അഭിനയം കാണാൻ സ്റ്റേജിന്റെ സൈഡിൽ ചെന്നിരിക്കും. സ്വയം അഭിനയിച്ചൊക്കെ നോക്കി. പാട്ടിന്റെ വില പിന്നീടാണ് അറിയുന്നത്. പെട്ടെന്നാർക്കും പാട്ട് പാടാൻ പറ്റില്ല. അതിന്റെയൊരു വിഷമം ഇപ്പോഴുണ്ടെന്നും നടി കൂട്ടിച്ചേർത്തു .

40 വർഷത്തോളമായി താൻ അഭിനയ രം​ഗത്തുണ്ട്. 22 വർഷം നാടകം ചെയ്തു. അത് കഴിഞ്ഞാണ് സീരിയിലേക്ക് വരുന്നത്. കോൾഡ് കേസ് എന്ന സിനിമയാണ് നടി അവസാനം ചെയ്തത്. എനിക്ക് ഓർമകളുള്ളത് നാടക രം​ഗത്താണ്. സീരിയലിൽ അഭിനയിച്ച് പോകുന്നു എന്നല്ലാതെ ഓർമ്മിക്കത്തക്ക കാര്യങ്ങളൊന്നും ഇല്ലെന്നും വിജയകുമാരി പറഞ്ഞു. നാടകത്തിൽ ആദ്യമായി അനുഭവിച്ചപ്പോഴുള്ള അനുഭവങ്ങളും വിജയകുമാരി അഭിമുഖത്തിനിടെ പങ്കുവെച്ചു.

പാടിക്കൊണ്ടിരിക്കുന്ന സമയത്ത് കൊല്ലത്ത് ഒരു സമിതിയിൽ എന്നെ അഭിനയിക്കാൻ വിളിച്ചു. എസ്എസ്എൽസി പഠിക്കുന്ന സമയത്താണ്. വേറൊരു ആർട്ടിസ്റ്റിന് പകരമാണ് വിളിച്ചത്. പാട്ടുകാരിയാണെങ്കിലും പറഞ്ഞ് കൊടുത്താൽ ചെയ്യും എന്ന് കരുതിയാണ് വിളിച്ച് കൊണ്ട് പോയത്. പക്ഷെ നാടകം ഞാൻ കുളമാക്കി കൈയിൽ കൊടുത്തു. എന്റെ വിചാരം ഞാൻ ഭയങ്കരമായി അഭിനയിച്ചു. നാടകം ഭയങ്കരമായെന്നൊക്കെയാണ് എന്റെ മനസിൽ. പിറ്റേന്ന് വേറൊരു സ്ഥലത്ത് നാടകം ഉണ്ട്. ആറ് മണിക്ക് വണ്ടി വരും റെ‍ഡിയായി നിൽക്കണമെന്ന് അവർ പറഞ്ഞു. കാത്തിരുന്നെങ്കിലും തനിക്ക് പകരം മറ്റൊരാളെ നാടകക്കാർ അഭിനയിപ്പിച്ചെന്നും വിജയകുമാരി ചിരിയോടെ ഓർത്തു. ഭർത്താവ് അഭിനയ രം​ഗത്താണ്. മകനും ഭാര്യയും യുകെയിലാണ്. മകൾ ബിബിഎ കഴിഞ്ഞ് യുകെയിലേക്ക് പോകാൻ നിൽക്കുകയാണെന്നും വിജയകുമാരി വ്യക്തമാക്കി.

ജീവിതത്തിൽ താൻ പിന്തുടരുന്ന രീതികളെക്കുറിച്ചും വിജയകുമാരി സംസാരിച്ചു. കൃത്യനിഷ്ഠ തനിക്ക് നിർബന്ധമാണ്. നാടകത്തിൽ നിന്നുള്ള ശീലമായിരിക്കാം. മറ്റുള്ളവരെ ഒറ്റ നോട്ടത്തിൽ കണ്ട് വിലയിരുത്താതിരിക്കുക. നമ്മുടെ അനുഭവത്തിൽ നിന്നാണ് ഒരാളെ മനസിലാക്കേണ്ടത്. ഒരാളൊരു വസ്ത്രം ധരിച്ചാൽ അവരെ മോശമായി ചിത്രീകരിക്കുന്നത് ശരിയല്ല. ഒരാളെക്കുറിച്ച് അറിഞ്ഞിട്ട് വേണം അവരെക്കുറിച്ച് സംസാരിക്കാനെന്നും വിജയകുമാരി അഭിപ്രായപ്പെട്ടു.

AJILI ANNAJOHN :