ഗാനഗന്ധർവ്വൻ കെജെ യേശുദാസിന്റെ മകൻ എന്നതിലുപരി സംഗീതലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ ഗായകനാണ് വിജയ് യേശുദാസ്. പാട്ടുകാരനായി മാത്രമല്ല, നടനായും തിളങ്ങിയ വ്യക്തിയാണ് വിജയ് യേശുദാസ്. ഗാനഗന്ധർവ്വൻ യേശുദാസിന്റെ മകനാകുമ്പോഴും തന്റേതായ ഐഡന്റിറ്റി ഉണ്ടാക്കിയ വ്യക്തികൂടിയാണ് വിജയ്.
ഇപ്പോഴിതാ തന്റെ പിതാവിനെതിരെ പ്രചരിക്കുന്ന വാർത്തകളിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് വിജയ് യേശുദാസ്. യേശുദാസ് ആശുപത്രിയിലെന്നാണ് സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നത്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഗായകനെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നാണ് വാർത്തകൾ.
പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ കാര്യങ്ങളാണ്. അദ്ദേഹം പൂർണ ആരോഗ്യവാനാണ് ഇപ്പോൾ. അമേരിക്കയിൽ സുഖമായിരിക്കുന്നുവെന്നുമാണ് വിജയ് വ്യക്തമാക്കിയത്. മുമ്പും യേശുദാസിന്റെ ആരോഗ്യനിലയെ കുറിച്ച് ഇത്തരത്തിലുള്ള വ്യാജവാർത്തകൾ വന്നിരുന്നു. അദ്ദേഹത്തിന് വൃക്കാ സംബന്ധമായ രോഗമാണെന്നും ഡയാലിസിസ് ചികിത്സയിൽ ആണെന്നും അത്യന്തം ഗുരുതരാവസ്ഥയിലുമാണ് മുൻപ് പ്രചരിച്ചിരുന്നത്.
വർഷങ്ങളായി അമേരിക്കയിൽ കഴിയുകയാണ് യേശുദാസ്. ഇവിടെ ടെക്സസിലെ ഡാലസിൽ മകൻ വിശാലിന്റെ കൂടെയാണ് അദ്ദേഹം. യേശുദാസ് എന്തുകൊണ്ടാണ് അമേരിക്കയിൽ കഴിയുന്നതെന്ന് മുൻപ് വിജയ് വ്യക്തമാക്കിയിരുന്നു. സഹോദരന്റെ കൂടെ വർഷത്തിൽ ആറ് മാസം പോയി നിൽക്കാറുണ്ടായിരുന്നുവെന്നും എന്നാൽ കൊവിഡിന് ശേഷം സുരക്ഷയ്ക്കായി അവിടെ തന്നെ നിൽക്കുകയായിരുന്നുവെന്നുമാണ് വിജയ് വ്യക്തമാക്കിയത്.
അച്ഛൻ വിശ്രമജീവിതം നയിക്കുകയാണ്, ഇഷ്ടമുള്ള കാര്യങ്ങളൊക്കെ ചെയ്ത് ആസ്വദിച്ചാണ് മുന്നോട്ട് പോകുന്നതെന്നും അമ്മ എപ്പോഴും അടുത്ത് വേണമെന്ന് അച്ഛന് നിർബന്ധമുണ്ടെന്നുമാണ് വിജയ് യേശുദാസ് മുമ്പ് പറഞ്ഞിരുന്നത്. സംഗീതവും സിനിമയും തന്നെയാണ് അദ്ദഹേത്തിന്റെ ലോകം. സിനിമകളൊക്കെ കാണാറുണ്ട്.
പുതിയ പാട്ടുകളെ കുറിച്ചൊക്കെ അഭിപ്രായം ചോദിക്കുന്നവർക്ക് നിർദ്ദേശം നൽകാറുണ്ട്. ടെന്നിസ് കാണലാണ് പ്രിയ വിനോദമെന്നും മുൻപ് വിജയ് പറഞ്ഞിരുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി സംഗീത ലോകത്ത് അത്ര സജീവമല്ല അദ്ദേഹം. 2022 ലാണ് അവസാനമായി അദ്ദേഹം സിനിമയിൽ പാടിയത്. ജ്യോതി എന്ന തമിഴ് സിനിമയ്ക്ക് വേണ്ടിയായിരുന്നു ഗാനം ആലപിച്ചത്.
തന്റെ 21ാം വയസിലായിരുന്നു കെ ജെ യേശുദാസിന്റെ ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്കുളള കടന്നുവരവ്. ‘കാൽപാടുകൾ’ എന്ന സിനിമയ്ക്കായി യേശുദാസിന്റെ സ്വരം ആദ്യമായി റെക്കോർഡ് ചെയ്യപ്പെട്ടത്. ഇന്നും കർണാടക സംഗീതത്തിന്റെ ഒരംശം മാത്രമേ തനിക്ക് സ്വായത്തമാക്കാൻ കഴിഞ്ഞിട്ടുള്ളൂ എന്ന് പരിഭവിക്കുന്ന യേശുദാസ്, താൻ വിദ്യാർഥി മാത്രമെന്നാണ് പറഞ്ഞുകൊണ്ടേയിരിക്കുകയാണ്.
മലയാളിയ്ക്ക് സംഗീതമെന്നാൽ യേശുദാസാണ്. പതിറ്റാണ്ടുകളായി മലയാളി കാതോരം ചേർത്ത് ഹൃദയത്തിലേറ്റുന്ന നിത്യഹരിത രാഗത്തിന്റെ പേര് കൂടിയാണ് യേശുദാസ്. മലയാളിക്ക് ഗായകൻ എന്നതിലുപരി മറ്റെന്തെല്ലാമോ കൂടിയാണ് ആ മനുഷ്യൻ. തന്റെ സുഖ ദുഃഖങ്ങളിലും സന്തോഷ സന്താപങ്ങളിലുമെല്ലാം കൂട്ടായി എത്തുന്ന ഗാനങ്ങൾ, അവയ്ക്ക് പിന്നിലെ സ്വര മാധുര്യം, മണ്ണിലെ ഗാനഗന്ധർവൻ. ആ അപൂർവ സുന്ദര സ്വരമാധുരി നുണയാത്തവരായി ആരുമുണ്ടാകില്ല. പതിറ്റാണ്ടുകൾക്കിപ്പുറം മാറ്റിവയ്ക്കാനാകാത്ത ശീലമായി മലയാളിക്ക് യേശുദാസ് മാറിക്കഴിഞ്ഞു.
പകരം വയ്ക്കാനില്ലാത്ത വികാരം, അതാണ് ആ ശബ്ദത്തിന്റെ മാറ്റ് കൂട്ടുന്നത്. വാക്കുകൾ മതിയാകാതെ വരും ആ സ്വരമാധുരിയ്ക്ക് വിശേഷണങ്ങൾ തീർക്കാൻ. തലമുറകളെ തന്റെ ആരാധകരാക്കിയ ഇന്ദ്രജാലം ദാസേട്ടൻ തുടർന്ന് കൊണ്ടേയിരിക്കുന്നു. മലയാളികൾ ഉള്ളിടത്തോളം കാലം കെ ജെ യേശുദാസും ആ ശബ്ദവും നിലനിൽക്കും. ഗാനഗന്ധർവനാണെങ്കിലും വ്യക്തി ജീവിതത്തിലെ യേശുദാസിനോട് പലർക്കും അനിഷ്ടമുണ്ട്. അമിത ദേഷ്യമാണ് ഇതിന് പ്രധാന കാരണമെന്ന് പലരും പറഞ്ഞിട്ടുമുണ്ട്.