എനിക്ക് എതിരാളിയായി ഒരു നടന്‍ രൂപപ്പെട്ടു, അദ്ദേഹത്തിനേയും അദ്ദേഹത്തിന്റെ വിജയങ്ങളേയും ഞാന്‍ ഭയന്നു; തുറന്ന് പറഞ്ഞ് വിജയ്

ഇന്ന് തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള നടനാണ് വിജയ്. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോള്‍ താരത്തിന്റെ വാരിസ് എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. കഴിഞ്ഞ ദിവസമായിരുന്നു ഇതിന്റെ ഓഡിയോ ലോഞ്ച് നടന്നത്.

ഈ വേളയില്‍ വിജയ് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. സിനിമാജീവിതത്തിന്റെ തുടക്കത്തില്‍ തനിക്ക് ഒരു എതിരാളിയുണ്ടായിരുന്നെന്നാണ് വിജയ് പറയുന്നത്. ആ എതിരാളിയുമായുള്ള മത്സരമാണ് തന്നെ ഇപ്പോള്‍ കാണുന്നതുപോലെ വളര്‍ത്തിയതെന്നും ഒരു ചോദ്യത്തിന് ഉത്തരമായി വിജയ് പറഞ്ഞു.

രണ്ട് ചോദ്യങ്ങളാണ് വാരിസ് ഓഡിയോ ലോഞ്ച് വേദിയില്‍ വിജയ്ക്ക് നേരിടേണ്ടി വന്നത്. വിജയം വരുമ്പോഴും പ്രശ്‌നങ്ങള്‍ വരുമ്പോഴും ഒരുചിരിയോടെ എങ്ങനെ നേരിടുന്നു എന്നായിരുന്നു അവതാരകയുടെ ആദ്യ ചോദ്യം. ശീലമായിപ്പോയെന്നും ആവശ്യമുള്ള വിമര്‍ശനവും ആവശ്യമില്ലാത്ത എതിര്‍പ്പും നമ്മളെ മുന്നോട്ട് നയിക്കും എന്നുമായിരുന്നു ഇതിനുള്ള വിജയിന്റെ മറുപടി.

എന്തുവന്നാലും കണ്ണുകളില്‍ ഭയം കാണാറില്ലല്ലോ എന്നതായിരുന്നു അടുത്ത ചോദ്യം. അതിന് ഒരു കഥപോലെയാണ് താരം മറുപടി പറഞ്ഞത്. ഇതും ഒരു കുട്ടിക്കഥയാണെന്ന് കരുതണം. 1990കളില്‍ എനിക്ക് എതിരാളിയായി ഒരു നടന്‍ രൂപപ്പെട്ടു. ആദ്യം ഒരു എതിരാളിയായിരുന്നു. പിന്നെപ്പിന്നെ അയാളോടുള്ള മത്സരം ഗൗരവമുള്ളതായി. അദ്ദേഹത്തിനേയും അദ്ദേഹത്തിന്റെ വിജയങ്ങളേയും ഞാന്‍ ഭയന്നു.

ഞാന്‍ പോയ ഇടങ്ങളിലെല്ലാം അദ്ദേഹം വന്ന് നിന്നു. ഞാന്‍ ഇത്രയും വളരുന്നതിന് കാരണമായി നിലകൊണ്ടു. അദ്ദേഹത്തെ മറികടക്കണമെന്ന ആഗ്രഹത്തോടെ ഞാനും മത്സരിച്ചുകൊണ്ടേയിരുന്നു. അതുപോലെ മത്സരിക്കാന്‍ പറ്റിയ ഒരാള്‍ നിങ്ങളുടെ ജീവിതത്തിലും ഉണ്ടാകണം. ആ മത്സരാര്‍ത്ഥി ഉണ്ടായ വര്‍ഷം 1992. അയാളുടെ പേര് ജോസഫ് വിജയ് എന്നും വിജയ് പറഞ്ഞു.

ജയിക്കണമെന്ന വാശിയുള്ളവര്‍ക്കുള്ളില്‍ എപ്പോഴും ഒരു എതിരാളിയുണ്ടായിരിക്കണം. അയാള്‍ നിങ്ങള്‍ തന്നെയായിരിക്കണം. വേറൊരാളെ എതിരാളിയായി കാണേണ്ട ആവശ്യമേയില്ല. നിങ്ങള്‍ നിങ്ങളോടുതന്നെ പൊരുതണം. അതുമാത്രമേ നിങ്ങളെ മികച്ചവനാക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Vijayasree Vijayasree :