അച്ഛനും അമ്മയ്ക്കുമൊപ്പം വിജയ്; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

നിരവധി ആരാധകരുള്ള താരമാണ് വിജയ്. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ അച്ഛന്‍ എസ്.എ. ചന്ദ്രശേഖറിനും അമ്മ ശോഭയ്ക്കുമൊപ്പമുള്ള വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

ചന്ദ്രശേഖര്‍ തന്നെയാണ് ഈ ചിത്രം സമൂഹമാധ്യമങ്ങളിലൂെട പങ്കുവച്ചത്. ‘ഗോട്ട്’ സിനിമയുടെ ലൊക്കേഷനില്‍ എത്തിയപ്പോഴായിരുന്നു ഈ മനോഹര നിമിഷം സാധ്യമായത്. നേരത്തെ വിജയ്‌യും അച്ഛനും തമ്മില്‍ ചില അസ്വാരസ്യങ്ങളുണ്ടെന്ന് തമിഴകത്ത് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് ഇരുവരും തമ്മില്‍ ഭിന്നാഭിപ്രായമുണ്ടായതെന്നും വാര്‍ത്ത വന്നിരുന്നു. ഇരുവരും തമ്മില്‍ പരസ്പരം മിണ്ടിയിട്ടുവരെ വര്‍ഷങ്ങളായെന്നും പ്രചരിച്ചിരുന്നു.

എന്നാല്‍ ഇത്തരം വാര്‍ത്തകളൊക്കെ തികച്ചും തെറ്റായിരുന്നു എന്നു തെളിയിക്കുന്നൊരു ചിത്രം ഇതിനു മുമ്പും ചന്ദ്രശേഖര്‍ പങ്കുവച്ചിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നുണ്ടായ ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമത്തില്‍ കഴിയുന്ന ചന്ദ്രശേഖറിനെ കാണാനെത്തിയ വിജയ്‌യുടെ ചിത്രമാണ് അന്ന് സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയത്.

അതേസമയം, വെങ്കട് പ്രഭു ആണ് ‘ഗോട്ട്’ എന്ന സിനിമയുടെ സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തില്‍ അച്ഛന്റെയും മകന്റെയും വേഷത്തില്‍ രണ്ട് ഗെറ്റപ്പുകളിലാകും താരം എത്തുക എന്നാണ് പുറത്ത് വന്നിരിക്കുന്ന വിവരം.

Vijayasree Vijayasree :