തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള, ആരാധകരുടെ പ്രിയപ്പെട്ട ദളപതിയാണ് വിജയ്. ഒരുപാട് കുറ്റപ്പെടുത്തലുകളിൽ നിന്നും കളിയാക്കലുകളിൽ നിന്നുമെല്ലാം ഉയർന്ന് ഇന്ന് തമിഴ് സിനിമയുടെ മുഖമായി, ആരാധകരുടെ നെഞ്ചിൽ ഇരിപ്പടമുറപ്പിച്ച വിജയ് തന്റെ ജൈത്രയാത്ര തുടരുകയാണ്. അങ്ങ് തമിഴ് നാട്ടിൽ മാത്രമല്ല, ഇങ്ങ് കേരളത്തിൽ വരെ വിജയ്ക്ക് ആരാധകർ ഏറെയാണ്.
നടന്റേതായി 2009 ൽ പുറത്തെത്തിയ ചിത്രമായിരുന്നു വേട്ടൈക്കാരൻ. ഇപ്പോഴിതാ 16 വർഷങ്ങൾക്ക് ശേഷം ചിത്രം ഒടിടിയിലെത്തിയിരിക്കുകയാണ്. സൺ നെക്സ്റ്റിലൂടെയാണ് ചിത്രം പുറത്തെത്തിയിരിക്കുന്നത്. 2009 ഡിസംബർ 18 നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്.
ബി ബാബുശിവൻ ആണ് ചിത്രത്തന്റെ സംവിധായകൻ. തിരക്കഥ എഴുതിയതും ബാബുശിവനാണ്. എസ് ഗോപിനാഥാണ് ഛായാഗ്രാഹണം. അനുഷ്‍ക ഷെട്ടി, സഞ്ചിത പദുക്കോൺ, സത്യൻ, ശ്രീഹരി, സുകുമാരി, മനിക്ക വിനയരാഘം, രവി പ്രകാശ്, കൊച്ചിൻ ഹനീഫ, ബാല സിംഗ്, ജീവ, ജയശ്രീ, മനോബാല, സയാജി ഷിൻഡെ, ശ്രീനാഥ്, രവി ശങ്കർ, ദില്ലി ഗണേഷ് തുടങ്ങിയവർ വേഷമിട്ടിരുന്നു.
അതേസമയം, പൂർരാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങാനുള്ള തീരുമാനത്തിലാണ് നടൻ. ജനനായകൻ ആണ് വിജയ്‍ നായകനാകുന്ന അവസാന സിനിമ. പൂജ ഹെഗ്‍ഡെയാണ് നായിക. എച്ച് വിനോദാണ് സംവിധാനം. ബോബി ഡിയോൾ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്.
വെങ്കട്ട് കെ. നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയയുമാണ് സഹനിർമാണം. അനിരുദ്ധ് രവിചന്ദർ ആണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.