കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിജയുടെ രാഷ്ട്രീയ പ്രവേശനമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ഏറെ നാളുകള്‍ നീണ്ടുനിന്ന അഭ്യൂഹങ്ങള്‍ക്ക് ഒടുവില്‍ സ്വന്തം പാര്‍ട്ടി പേര് പ്രഖ്യാപിച്ചുകൊണ്ടാണ് വിജയ് രംഗത്തെത്തിയത്. ഇപ്പോഴിതാ തനിക്ക് എല്ലാവിധ പിന്തുണയുമായി എത്തിയവര്‍ക്ക് നന്ദി അറിയിക്കുകയാണ് നടന്‍. തന്നെ പിന്തുണയ്ക്കുന്ന വന്‍ തൂണുകള്‍ ജനങ്ങളാണ് എന്നാണ് വിജയ് പറഞ്ഞത്.
തന്റെ രാഷ്ട്രീയ യാത്രയില്‍ നന്ദി അറിയിച്ച മാധ്യമങ്ങള്‍, അമ്മമാര്‍, സഹോദരിമാര്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്ക് നന്ദി അറിയിക്കുന്നുവെന്ന് വാര്‍ത്താക്കുറിപ്പില്‍ വിജയ് അറിയിച്ചു. തമിഴക വെട്രി കഴകം എന്നാണ് വിജയിയുടെ പാര്‍ട്ടിപ്പേര്.
ഫെബ്രുവരി രണ്ടിനാണ് വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന് ഉറപ്പിച്ചത്. സോഷ്യല്‍ മീഡിയ വഴി പുറത്തുവിട്ട പ്രസ്താവനയിലൂടെ ആയിരുന്നു ഇത്. തനിക്ക് രാഷ്ട്രീയം ടൈംപാസ് അല്ലെന്ന് പറഞ്ഞ വിജയ് സിനിമ വിട്ട് പൂര്‍ണമായി രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഇറങ്ങുമെന്നും പറഞ്ഞിരുന്നു. കാരാര്‍ എഴുതിയ സിനിമകള്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
അങ്ങനെ എങ്കില്‍ ദളപതി 69 ആയിരിക്കും വിജിയിയുടെ അവസാന ചിത്രം. വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഉണ്ട്. വിജയ്ക്ക് സിനിമ മതിയെന്ന് ചിലര്‍ പറയുമ്പോള്‍, നടന്‍ ആയിരിക്കുമ്പോള്‍ തന്നെ ജനങ്ങള്‍ക്ക് നന്മ ചെയ്യുന്ന വിജയ് രാഷ്ട്രീയത്തില്‍ വന്നാല്‍ നല്ലതായിരിക്കുമെന്ന് മറ്റ് ചിലരും പറയുന്നു.
അതേസമയം, വിജയിയുടെ 69മത് ചിത്രത്തെ സംബന്ധിച്ച ചര്‍ച്ചകളും നടക്കുകയാണ്. ആരാകും ഈ അവസാന ചിത്രം സംവിധാനം ചെയ്യുക എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. നിലവിലെ റിപ്പോര്‍ട്ട് പ്രകാരം കാര്‍ത്തിക് സുബ്ബരാജ് ആകും ഈ സംവിധായകന്‍. ഇരുവരും ഒന്നിക്കുന്നുവെന്ന തരത്തില്‍ അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു.