തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള, ആരാധകരുടെ പ്രിയപ്പെട്ട ദളപതിയാണ് വിജയ്. ഒരുപാട് കുറ്റപ്പെടുത്തലുകളിൽ നിന്നും കളിയാക്കലുകളിൽ നിന്നുമെല്ലാം ഉയർന്ന് ഇന്ന് തമിഴ് സിനിമയുടെ മുഖമായി, ആരാധകരുടെ നെഞ്ചിൽ ഇരിപ്പടമുറപ്പിച്ച വിജയ് തന്റെ ജൈത്രയാത്ര തുടരുകയാണ്. താരത്തിന്റെ ഓരോ സിനിമാ റീലീസും ആരാധകർക്ക് ആഘോഷമാണ്. അങ്ങ് തമിഴ് നാട്ടിൽ മാത്രമല്ല, ഇങ്ങ് കേരളത്തിൽ വരെ വിജയ്ക്ക് ആരാധകർ ഏറെയാണ്.
ഇപ്പോൾ സിനിമാ അഭിനയത്തിനൊപ്പം രാഷ്ട്രീയത്തിലും സജീവമാണ് നടൻ. ഇപ്പോഴിതാ തമിഴ്നാട് ഗവർണർ ആർ.എൻ രവിയെ സന്ദർശിച്ച് കേന്ദ്രസഹായം ഉറപ്പാക്കണമെന്ന് അഭ്യർത്ഥിച്ചിരിക്കുകയാണ് തമിഴക വെട്രി കഴകം അദ്ധ്യക്ഷൻ കൂടിയായ വിജയ്. മൂന്ന് അഭ്യർത്ഥനകളാണ് നടൻ നടത്തിയത്. ഗവർണറുടെ ഔദ്യോഗിക വസതിയിൽ എത്തിയ നടനൊപ്പം ടിവികെ ട്രഷറർ വെങ്കിട്ടരാമനുമുണ്ടായിരുന്നു.
തമിഴ്നാട്ടിൽ ക്രമസമാധാനം ഉറപ്പാക്കണം, സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിക്കണം, വെള്ളപ്പൊക്കത്തിൽ കേന്ദ്ര സഹായത്തിന് ഇടപെടലുണ്ടാകണം എന്നിവയാണ് ആവശ്യങ്ങൾ. അണാ സർവകലാശാലയിൽ വിദ്യാർത്ഥി ലൈം ഗിക പീഡനത്തിന് ഇരയായതിന്റെ പശ്ചാത്തലത്തിലാണ് വിജയ് ഗവർണറെ കണ്ടത്.
ഡിസംബർ 23-നാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. സംഭവത്തിൽ ഒരാളെ പിടികൂടിയിരുന്നു. ഇതിനിടെ ഒരു തുറന്ന കത്തും നടൻ പുറത്തുവിട്ടിരുന്നു. സംസ്ഥാനത്തെ സ്ത്രീകൾക്കൊപ്പം സഹോദരനെ പോലെ താൻ കൂടെയുണ്ടാകുമെന്നും സുരക്ഷിത തമിഴ്നാടിനായി പ്രവർത്തിക്കുമെന്നും വിജയ് വ്യക്തമാക്കിയിരുന്നു.