കള്ളക്കുറിച്ചി വിഷമദ്യ ദുരന്തം; ചികിത്സയില്‍ കഴിയുന്നവരെ നേരിട്ട് കണ്ടു, ദുരന്ത കാരണം സര്‍ക്കാരിന്റെ അനാസ്ഥ, നടുക്കം രേഖപ്പെടുത്തി വിജയ്

കഴിഞ്ഞ ദിവസമായിരുന്നു തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയില്‍ 29 പേരുടെ മരണത്തിനിടയാക്കിയ വിഷമദ്യ ദുരന്തം സംഭവിച്ചത്. ഇപ്പോഴിതാ ഈ സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് നടനും തമിഴ്‌നാട് വെട്രി കഴകം നേതാവുമായ വിജയ്. സര്‍ക്കാറിന്റെ അനാസ്ഥയാണ് ഇത്തരം സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിക്കാന്‍ കാരണമെന്ന് വിജയ് പറഞ്ഞു.

എക്‌സിലെ പാര്‍ട്ടിയുടെ ഒഫീഷ്യല്‍ അക്കൗണ്ട് വഴിയായിരുന്നു നടന്റെ പ്രതികരണം. കള്ളകുറിച്ചി ജില്ലയിലെ കരുണാപുരം പ്രദേശത്ത് വ്യാജമദ്യം കഴിച്ച് 25ലധികം പേര്‍ മരിച്ചെന്ന വാര്‍ത്ത അങ്ങേയറ്റം ദുഃഖകരമാണ്. മരണത്തില്‍ അതിയായ അനുശോചനം രേഖപ്പെടുത്തുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരും വേഗത്തില്‍ സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു.

കഴിഞ്ഞ വര്‍ഷവും ഇതുപോലൊരു സംഭവത്തില്‍ നിരവധി ജീവനുകളാണ് പൊലിഞ്ഞു പോയത്. സര്‍ക്കാര്‍ ഭരണസംവിധാനത്തിന്റെ വലിയ അനാസ്ഥയാണ് ഇത്തരമൊരു സംഭവം വീണ്ടും ആവത്തിക്കാന്‍ വ്യക്തമാക്കുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ കര്‍ശനമായ മുന്‍കരുതലുകള്‍ സ്വീകരിക്കണം.’ എന്നും വിജയ് കുറിച്ചു.

ഇതുവരെയും 50 പേരാണ് മരിച്ചത്. 101 പേര്‍ സേലം, തിരുവണ്ണാമലൈ, പുതുച്ചേരി എന്നിവിടങ്ങളിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. അതില്‍ തന്നെ 20 പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ആശുപത്ര്യില്‍ ചികിത്സയില്‍ കഴിയുന്നവരെ കാണാന്‍ വിജയ നേരിട്ടെത്തി കണ്ടിരുന്നു.

അതേസമയം, വിഷമദ്യ ദുരന്തത്തിലെ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നൂറിലധികം വിഷമദ്യ കേസുകളില്‍ പ്രതിയായ ചിന്നദുരൈയാണ് കടലൂരില്‍ നിന്നും പിടിയിലായത്.

ഗോവിന്ദരാജ്, ദാമോദരന്‍, വിജയ എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു. പരിശോധനയില്‍ 200 ലിറ്റര്‍ മദ്യം പൊലീസ് പിടിച്ചെടുത്തു. വിശദ പരിശോധനകളില്‍ ഇതില്‍ മെഥനോളിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.

ബുധനാഴ്ച കള്ളക്കുറിച്ചിയിലെ കരുണാപുരത്താണ് വിഷമദ്യദുരന്തമുണ്ടായത്. പാക്കറ്റുകളിലെത്തിച്ച വിഷമദ്യം കഴിച്ചാണ് ആളുകള്‍ക്ക് ശാരീരികാസ്വാസ്ഥ്യമുണ്ടായത്. വയറിളക്കം, ഛര്‍ദ്ദി, വയറുവേദന, കണ്ണുകളില്‍ പ്രശ്‌നം തുടങ്ങിയ ലക്ഷണങ്ങളോടെയാണ് ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം തമിഴ്‌നാട് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

Vijayasree Vijayasree :