ആ ചിത്രത്തില്‍ നയന്‍താര വേണ്ടെന്ന് വിജയ്; പകരം നിര്‍ദ്ദേശിച്ചത് അസിനെ; അതേകുറിച്ച് നയന്‍താര പറഞ്ഞത്!

മലയാളത്തില്‍ നിന്നെത്തി തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തങ്ങളുടേതായ ഇടം നേടാനായ താരങ്ങളാണ് അസിനും നയന്‍താരയും. തെന്നിന്ത്യയില്‍ നിന്നും ബോളിവുഡിലേക്ക് കടന്ന അസിന്‍ വിവാഹ ശേഷം അഭിനയ രംഗം വിട്ടു. എന്നാല്‍ നടിയെ മറക്കാന്‍ ഇന്നും പ്രേക്ഷകര്‍ക്ക് കഴിഞ്ഞിട്ടില്ല. മറുവശത്ത് നയന്‍താര രണ്ട് പതിറ്റാണ്ടിലേറെയായി സിനിമാ രംഗത്ത് സജീവമായി തുടരുകയാണ്.

രണ്ട് പേരുടെയും മാതൃഭാഷയും മലയാളമാണ്. എന്നാല്‍ ഇരുവരെയും താരമാക്കി മാറ്റിയത് തമിഴകമാണ്. നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന മലയാള സിനിമയിലാണ് അസിന്‍ ആദ്യമായി അഭിനയിക്കുന്നത്. സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. മലയാളത്തില്‍ പിന്നീടൊരു പരീക്ഷണത്തിന് നില്‍ക്കാതെ അസിന്‍ തമിഴ്, തെലുങ്ക് സിനിമകളിലേക്ക് ശ്രദ്ധ നല്‍കി. സത്യന്‍ അന്തിക്കാടിന്റെ മനസിനക്കരെ എന്ന സിനിമയിലൂടെയാണ് നയന്‍താര അഭിനയ രംഗത്തേക്ക് കടക്കുന്നത്.

സിനിമ മികച്ച വിജയം നേടി. എങ്കിലും മലയാളത്തേക്കാള്‍ തമിഴ് സിനിമകളിലേക്ക് നയന്‍താര ശ്രദ്ധ നല്‍കി. ഗ്ലാമറസ് നായികയായി തരംഗം സൃഷ്ടിക്കാന്‍ അസിന് കഴിഞ്ഞു. കരിയറിലെ കുറേ വര്‍ഷങ്ങള്‍ നയന്‍താരയ്ക്ക് അഭിനയ പ്രാധാന്യമില്ലാത്ത സിനിമകളാണ് കൂടുതലും ലഭിച്ചത്. എന്നാല്‍ അസിന്‍ സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ ശ്രദ്ധാലുവായിരുന്നു.

സൂപ്പര്‍സ്റ്റാര്‍ സിനിമയാണെങ്കിലും അസിന്റെ കഥാപാത്രത്തിനും പ്രാധാന്യമുള്ള സിനിമകളായിരുന്നു മിക്കതും. ഗ്ലാമറസ് വേഷങ്ങള്‍ തുടരെ ചെയ്യുന്ന കാലത്താണ് നയന്‍താരയെ തേടി മലയാളത്തില്‍ നിന്നും ബോഡി ഗാര്‍ഡ് എന്ന സിനിമയെത്തുന്നത്. സിദ്ദിഖ് സംവിധാനം ചെയ്ത സിനിമയിലേക്ക് നയന്‍താരയെ നിര്‍ദ്ദേശിച്ചത് നായകനായ ദിലീപാണ്. ബോഡിഗാര്‍ഡിന്റെ കഥ വളരെയധികം ഇഷ്ടപ്പെട്ട നയന്‍താര സിനിമ ചെയ്യാന്‍ തയ്യാറായി.

എന്നാല്‍ അന്ന് നയന്‍താരയെ പോലൈാരു താരത്തിന്റെ പ്രതിഫലക്കാര്യത്തില്‍ നിര്‍മാതാവിനും സംവിധായകന്‍ സിദ്ദിഖിനും ആശങ്കയുണ്ടായിരുന്നു. ഇതേക്കുറിച്ച് സിദ്ദിഖ് മുമ്പൊരിക്കല്‍ സംസാരിച്ചിട്ടുണ്ട്. പ്രതിഫലത്തില്‍ നയന്‍താര കടുംപിടുത്തം വെച്ചിരുന്നില്ലെന്നും വളരെ കുറഞ്ഞ പ്രതിഫലത്തില്‍ ബോഡി ഗാര്‍ഡില്‍ അഭിനയിക്കാന്‍ നടി തയ്യാറായെന്നും സിദ്ദിഖ് വ്യക്തമാക്കി.

സിനിമയുമായി നടി പൂര്‍ണമായും സഹകരിച്ചെന്ന് വ്യക്തമാക്കിയ സിദ്ദിഖ് നയന്‍താരയുടെ പ്രൊഫഷണലിസത്തെ അഭിനന്ദിക്കുകയും ചെയ്തു. മലയാളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ശേഷം ബോഡിഗാര്‍ഡ് കാവലന്‍ എന്ന പേരില്‍ സിദ്ദിഖ് തമിഴിലേയ്ക്ക് റീമേക്ക് ചെയ്തു. വിജയ് ആയിരുന്നു നായകന്‍. നയന്‍താര തമിഴിലും അറിയപ്പെടുന്ന താരമായതിനാല്‍ കാവലനില്‍ നടി തന്നെ നായികയായി എത്തുമെന്ന് ഏവരും പ്രതീക്ഷിച്ചു.

എന്നാല്‍ കാവലനില്‍ അസിനാണ് നായികയായത്. ഇതിന് കാരണമെന്തെന്നും സിദ്ദിഖ് മുമ്പൊരിക്കല്‍ വ്യക്തമാക്കിയിട്ടുണ്ട്. വിജയുടെ നിര്‍ദ്ദേശപ്രകാരമാണ് അസിനെ നായികയാക്കിയത്. നയന്‍താരയും വിജയും തൊട്ട് മുമ്പ് ഒരുമിച്ച് വില്ല് എന്ന സിനിമ ചെയ്തിട്ടുണ്ട്. ഒരേ നായിക ആവര്‍ത്തിക്കേണ്ടെന്ന് കരുതിയാണ് വിജയ് അസിനെ നിര്‍ദ്ദേശിച്ചതെന്ന് സിദ്ദിഖ് ചൂണ്ടിക്കാട്ടി.

അസിന്‍ അന്ന് ബോളിവുഡ് സിനിമകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന സമയമാണ്. ബോഡിഗാര്‍ഡിന്റെ കഥ ഇഷ്ടപ്പെട്ട അസിന്‍ സിനിമ ചെയ്യാന്‍ തയ്യാറായി. അന്ന് ഇതേക്കുറിച്ച് നയന്‍താരയോട് ചോദിച്ചപ്പോള്‍ അസിനെക്കുറിച്ച് സംസാരിക്കാന്‍ നടി തയ്യാറായില്ല. വിജയുടെ ഇമേജ് പരിഗണിച്ച് സ്‌ക്രിപ്റ്റില്‍ സംവിധായകന്‍ മാറ്റം വരുത്തിയോ എന്നറിയില്ല. അതിനാല്‍ അസിന്റെ നായികാ വേഷത്തെക്കുറിച്ച് സംസാരിക്കുന്നത് ശരിയല്ലെന്നാണ് നയന്‍താര മാധ്യമങ്ങള്‍ക്ക് നല്‍കിയ മറുപടി.

വിവാഹശേഷമാണ് അസിന്‍ അഭിനയം പാടെ വിട്ടത്. തിരിച്ച് വരവിനായി അസിനെ ചിലര്‍ അപ്രോച്ച് ചെയ്തിരുന്നു. താല്‍പര്യമില്ല, എന്റെ മകളെ നോക്കണം എന്നാണ് അസിന്‍ പറഞ്ഞത്. അതിനപ്പുറം ഭര്‍ത്താവിന്റെ കമ്പനിയായ മൈക്രോമാക്‌സിലെ ചില കാര്യങ്ങളെല്ലാം അസിനാണ് നോക്കി നടത്തുന്നത്. അരിന്‍ എന്നാണ് അസിന്റെയും രാഹുല്‍ ശര്‍മയുടെയും മകളുടെ പേര്. മകളുടെ ഫോട്ടോകള്‍ അസിന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്.

എന്നാല്‍ സ്വന്തം ഫോട്ടോകള്‍ വളരെ വിരളമായി മാത്രമേ അസിന്‍ പങ്കുവെയ്ക്കാറുള്ളൂ. അഭിനയിച്ച എല്ലാ ഭാഷകളിലും സ്വയം ഡബ് ചെയ്ത നടി കൂടിയാണ് അസിന്‍. നടി പദ്മിനിക്ക് ശേഷം അഭിനയിച്ച എല്ലാ ഭാഷകളിലും സ്വന്തം ശബ്ദം ഉപയോഗിച്ച നടിയെന്ന ഖ്യാതി ലഭിച്ചതും അസിനാണ്. കേരളത്തില്‍ ജനിച്ച അസിന് ഏകദേശം 11 ഭാഷകള്‍ വശമുണ്ട്.

Vijayasree Vijayasree :