റിലീസ് ദിവസം ആവേശം ഒട്ടുംകുറയാതെ തമിഴ്‌നാട്ടിലെ വിജയ് ആരാധകര്‍ ലിയോയെ വരവേറ്റു. ചെന്നൈ ഉള്‍പ്പെടെ പ്രധാനനഗരങ്ങളില്‍ പാട്ടുമേളവും കട്ടൗട്ടില്‍ പാല്‍ അഭിഷേകവുമായിട്ടായിരുന്നു ആഘോഷം കൊഴിപ്പിച്ചത്. സുരക്ഷാ പ്രശ്‌നങ്ങളുടെപേരില്‍ പുലര്‍ച്ചെയുള്ള പ്രത്യേകപ്രദര്‍ശനത്തിന് അനുമതിയില്ലാതിരുന്നതിനാല്‍ രാവിലെ ഒമ്പതിനായിരുന്നു ചിത്രം റിലീസ് ചെയ്തത്.
പ്രദര്‍ശനം തുടങ്ങുന്നതിന് മണിക്കൂറുകള്‍ മുമ്പുതന്നെ തിയേറ്ററുകള്‍ക്കു മുന്നില്‍ ആരാധകര്‍ തടിച്ചുകൂടി. ഏറെനേരം പാട്ടും നൃത്തവുവുമായി ഇവര്‍ ഉത്സവക്കാഴ്ച ഒരുക്കുകയായിരുന്നു. ജപ്പാനില്‍ നിന്ന് ചിത്രം കാണാന്‍ ചെന്നൈയിലെത്തിയ യുവതി ആരാധകരുടെ മനംകവര്‍ന്നു. ഇതിനുമുമ്പും ഇത്തരത്തില്‍ വിജയ്‌യുടെ ചിത്രംകാണാന്‍ താന്‍ ചെന്നൈയില്‍ വന്നിട്ടുണ്ടെന്ന് ഇവര്‍ പറഞ്ഞു.
സംവിധായകന്‍ ലോകേഷ് കനകരാജ് ചെന്നൈയിലെ വെട്രി തിയേറ്ററിലെത്തി ചിത്രംകണ്ടു. നായിക തൃഷ കോയമ്പേട് രോഹിണി തിയേറ്ററില്‍ കുടുംബസമേതമെത്തിയാണ് സിനിമ കണ്ടത്. സാമൂഹിക മാധ്യമങ്ങളില്‍ ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നുവെങ്കിലും ദളപതി മാസ് എന്ന് ആര്‍ത്ത് വിളിച്ചായിരുന്നു കടുത്ത ആരാധകര്‍ തയേറ്റര്‍വിട്ടത്.
ചെന്നൈയില്‍ കോയമ്പേട്, എഗ്മോര്‍ എന്നിവിടങ്ങളില്‍ തിയേറ്ററുകള്‍ക്ക് മുന്നില്‍ ഗതാഗതതടസ്സമുണ്ടായി. കോയമ്പേടില്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. ഇതേസമയം സാമൂഹിക മാധ്യമങ്ങളില്‍ ‘ലിയോ’യ്ക്ക് എതിരെ പ്രചാരണമുണ്ടായിരുന്നു. ലിയോ ഡിസാസ്റ്റര്‍ എന്നപേരില്‍ ഹാഷ് ടാഗുമായിട്ടായിരുന്നു പ്രചാരണം. ഇത് എക്‌സില്‍ ട്രെന്‍ഡിങ്ങാകുകയും ചെയ്തു.