തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള, ആരാധകരുടെ പ്രിയപ്പെട്ട ദളപതിയാണ് വിജയ്. അങ്ങ് തമിഴ് നാട്ടിൽ മാത്രമല്ല, ഇങ്ങ് കേരളത്തിൽ വരെ വിജയ്ക്ക് ആരാധകർ ഏറെയാണ്. അദ്ദേഹത്തിന്റെ സിനിമാ വിശേഷങ്ങൾക്കൊപ്പം സ്വകാര്യ ജീവിതവും വളരെ വേഗത്തിലാണ് വൈറലായി മാറുന്നത്.
ഇപ്പോഴിതാ നടന്റെ അവസാന ചിത്രമെന്ന നിലയ്ക്ക് എത്തുന്ന ജനനായകൻ എന്ന ചിത്രം തുടക്കം മുതലേ ജനശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. അടുത്തവർഷം ജനുവരി 9-ന് ചിത്രം തിയേറ്ററുകളിലെത്തും. കെവിഎൻ പ്രൊഡക്ഷൻസാണ് വിവരം പുറത്തുവിട്ടിരിക്കുന്നത്.
ഇതോടനുബന്ധിച്ചുള്ള പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. എച്ച്. വിനോദ് ആണ് ജനനായകൻ സംവിധാനം ചെയ്യുന്നത്. ഈ വർഷം ഒക്ടോബറിൽ ചിത്രം പ്രദർശനത്തിനെത്തുമെന്നായിരുന്നു ആദ്യം പ്രചരിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് ചിത്രം 2026 ജനുവരിയിൽ പുറത്തെത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
കലാമൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകൾ നിർമിച്ച വെങ്കട്ട് കെ. നാരായണ ആണ് കെ.വി.എൻ. പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമാണം. ബോബി ഡിയോൾ, പൂജാ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങിയവരും ചിത്രത്തിലുണ്ട്.