ലിയോയ്ക്ക് ശേഷം നടന്‍ വിജയ് നായനാകുന്ന അടുത്ത ചിത്രത്തിന്റെ പ്രീ പൊഡക്ഷന്‍ വര്‍ക്കുകള്‍ യുഎസ്സില്‍ പുരോഗമിക്കുകയാണ്. വെങ്കിട്ട് പ്രഭുവാണ് ചിത്രത്തിന്റെ സംവിധാനം. സയന്‍സ് ഫിക്ഷന്‍ ജോണറില്‍ ഒരുങ്ങുന്ന ചിത്രം എജിഎസ് എന്റര്‍ടെയ്‌മെന്റാണ് നിര്‍മ്മിക്കുന്നത്. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തില്‍ ആരാണ് നായിക എന്നാണ് സോഷ്യല്‍മീഡിയയിലടക്കം വ്യാപക ചര്‍ച്ച.
ചിത്രത്തില്‍ ജ്യോതിക വിജയ്‌യുടെ നായിക ആകുമെന്നായിരുന്നു ആദ്യം പുറത്തുന്ന അഭ്യൂഹങ്ങള്‍. പതിറ്റാണ്ടുകള്‍ക്ക് ശേഷം ജോതികയും വിജയ്‌യും ഒരു ഫ്രെയിമില്‍ വരുന്നു എന്ന തരത്തില്‍ ചില തമിഴ് മാധ്യമങ്ങളും വാര്‍ത്തകള്‍ നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം സംവിധായകന്‍ വെങ്കിട് പ്രഭു ഇന്‍സ്റ്റഗ്രാം സ്‌റ്റോറി ആക്കിയ ചിത്രം ചര്‍ച്ചയായിരുന്നു.
നടി സ്‌നേഹയ്‌ക്കൊപ്പം ‘ഗെറ്റ് റെഡി ഫോര്‍ എ ഫണ്‍ റൈഡ്’ എന്ന കുറിപ്പോടെയാണ് സംവിധായകന്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രം വൈറലായതിന് പിന്നാലെ ജ്യോതിക മാറി സ്‌നേഹയാണ് ചിത്രത്തില്‍ നായിക എന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന അഭ്യൂഹം.
എന്നാല്‍ ചിത്രത്തില്‍ അഭിനയിക്കുന്നവരെ സംബന്ധിച്ച് ഇതുവരെ അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. ഒക്‌ടോബര്‍ ആദ്യ വാരം ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന. അടുത്തിടെ വിഎഫ്എക്‌സ് 3ഡി സ്‌കാനിന് വിധേയനായ നടന്‍ വിജയ് ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് എത്തുന്നതെന്നും അഭ്യൂഹമുണ്ട്.
ചിത്രത്തില്‍ പ്രഭു ദേവയും ഒരു പ്രധാന വേഷത്തില്‍ എത്തുന്നു എന്നും സൂചനയുണ്ട്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. വിജയ് ചിത്രം ലിയോയ്ക്ക് ശേഷം മാത്രമായിരിക്കും ചിത്രത്തിന്റെ ടൈറ്റിലടക്കമുള്ള പ്രഖ്യാപനങ്ങള്‍ നടത്തുക. ഓക്ടോബര്‍ 19നാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രം ലിയോ റിലീസ് ചെയ്യുന്നത്.