ചെന്നൈയിൽ ഗ്രാൻഡ് ഇഫ്താർ വിരുന്നൊരുക്കി വിജയ്; പ്രാർത്ഥനയിലും പങ്കെടുത്ത് നടൻ

തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള, ആരാധകരുടെ പ്രിയപ്പെട്ട ദളപതിയാണ് വിജയ്. ഒരുപാട് കുറ്റപ്പെടുത്തലുകളിൽ നിന്നും കളിയാക്കലുകളിൽ നിന്നുമെല്ലാം ഉയർന്ന് ഇന്ന് തമിഴ് സിനിമയുടെ മുഖമായി, ആരാധകരുടെ നെഞ്ചിൽ ഇരിപ്പടമുറപ്പിച്ച വിജയ് തന്റെ ജൈത്രയാത്ര തുടരുകയാണ്.

താരത്തിന്റെ ഓരോ സിനിമാ റീലീസും ആരാധകർക്ക് ആഘോഷമാണ്. അങ്ങ് തമിഴ് നാട്ടിൽ മാത്രമല്ല, ഇങ്ങ് കേരളത്തിൽ വരെ വിജയ്ക്ക് ആരാധകർ ഏറെയാണ്.

ഇപ്പോഴിതാ ചെന്നൈയിൽ ഗ്രാൻഡ് ഇഫ്താർ വിരുന്നൊരുക്കിയിരിക്കുകയാണ് തമിഴക വെട്രി കഴകം സ്ഥാപകൻ കൂടിയായ നടൻ. ചെന്നൈയിലെ റായപേട്ടയിലുള്ള വൈഎംസിഎ ഗ്രൗണ്ടിലായിരുന്നു വിജയ് ഇഫ്താർ വിരുന്ന് ഒരുക്കിയത്. ഒരു ദിവസത്തെ റംസാൻ വ്രതം അനുഷ്ഠിച്ചാണ് വിജയ് വിരുന്നൊരുക്കിയത്.

മൂവായിരത്തിലേറെ ആളുകൾ ഇഫ്താർ വിരുന്നിൽ പങ്കെടുത്തതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. വൈഎംസിഎ ഗ്രൗണ്ടിൽ നടന്ന ഇഫ്താർ വിരുന്നിൽ 15 ഓളം പള്ളികളിലെ ഇമാമുമാർക്ക് ക്ഷണം ലഭിച്ചിരുന്നു.

ഇതുകൂടാതെയാണ് മൂവായിരത്തിലേറെ ആളുകൾ ചടങ്ങിൽ പങ്കെടുത്തത്. വിജയ് ഇഫ്താറിന് മുമ്പുള്ള പ്രാർത്ഥനയിലും പങ്കെടുത്തതായാണ് വിവരം. തൊപ്പി ധരിച്ച് തൂവെള്ള വസ്ത്രധാരിയായി വിജയ് ഇഫ്താർ ചടങ്ങിന് ആതിഥേയത്വം വഹിച്ച ചിത്രങ്ങൾ പുറത്തെത്തിയിട്ടുണ്ട്.

Vijayasree Vijayasree :