ബലോട്ടെല്ലി, ലുക്കാക്കു, ഓസിൽ; ഫുട്ബോളിൽ വംശീയ അധിക്ഷേപം തുടർക്കഥയാകുമ്പോൾ….

ബലോട്ടെല്ലി, ലുക്കാക്കു, ഓസിൽ; ഫുട്ബോളിൽ വംശീയ അധിക്ഷേപം തുടർക്കഥയാകുമ്പോൾ….

ഫുട്ബോൾ, എത്ര മനോഹരമായ ഒരു കായിക ഇനമാണത്. തനിക്ക് കിട്ടിയ പന്ത് മറ്റൊരാൾക്ക് പങ്കു വെക്കുന്ന, സ്വാർത്ഥതയ്ക്ക് ഒരു സ്ഥാനവുമില്ലാത്ത ഇടം. എന്നാൽ ഈയിടെയായി ഫുട്ബോൾ ലോകത്ത് നിന്ന് കേൾക്കുന്നത് അത്ര നല്ല വാർത്തകളല്ല. പണ്ടും ഉണ്ടായിരുന്നു എന്ന വസ്തുത മറക്കുന്നില്ല. എന്നാലും ഇത്ര കടുത്ത രീതിയിലുള്ള വംശീയ അധിക്ഷേപങ്ങൾ ആദ്യമായാണ്.

വംശീയ അധിക്ഷേപം മൂലം ജർമ്മൻ മധ്യനിരക്കാരൻ മെസൂദ്‌ ഓസിൽ കളി മതിയാക്കുന്നു എന്ന വാർത്ത ഞെട്ടലോടെയാണ് നാം കേട്ടത്. ആദ്യ റൗണ്ടിൽ തന്നെ ജർമനി ലോകകപ്പിൽ നിന്ന് പുറത്തായതോടെ കുടിയേറിയ തുർക്കി വംശജനായ ഓസിലിനെ ആ കാരണം പറഞ്ഞു കൊണ്ട് ആക്രമിക്കുകയായിരുന്നു. ജർമ്മനിക്കായി ഇനി ബൂട്ടണിയാനില്ല എന്ന കടുത്ത തീരുമാനമാണ് ഇതിന് ശേഷം ഓസിൽ എടുത്തത്. തുടരെയുള്ള വംശീയ അധിക്ഷേപം താങ്ങാൻ കഴിയുന്നില്ലെന്നായിരുന്നു താരം പറഞ്ഞത്.

ജയിക്കുമ്പോൾ മാത്രം പ്രശംസിക്കുന്നു, തോറ്റാൽ കുടിയേറ്റക്കാരനെന്ന് വിളിച്ച് അപഹസിക്കുന്ന ഒരു രാജ്യത്തിന് വേണ്ടി ബൂട്ട് കെട്ടാൻ ഒരു താരവും തയാറാവില്ലെന്നത് സത്യമാണ്. തുർക്കി പ്രസിഡന്റ് ഉർദുഗാനൊപ്പം ഓസിൽ ഫോട്ടോ എടുത്തതാണ് ചില ജർമ്മൻ ആരാധകരെ ചൊടിപ്പിച്ചത്. ജർമ്മനി ആദ്യ റൗണ്ടിൽ തന്നെ പുറത്താക്കുക കൂടി ചെയ്‌തതോടെ ജനരോഷം ശക്തമായി. പരിഹാസം തുടർന്നതോടെ കളി മതിയാക്കാൻ പിതാവ് ആവശ്യപ്പെടുകയായിരുന്നു.

ബെൽജിയം താരം ലുക്കാക്കുവും നേരിട്ടത് സമാനമായ അനുഭവമായിരുന്നു. തോറ്റാൽ തന്നെ കോംഗോ വംശജനെന്ന വിളിക്കുന്നുവെന്നായിരുന്നു താരം പരാതിപ്പെട്ടത്. ഇറ്റാലിയൻ താരം ബെലോട്ടെല്ലിയും വംശീയാധിക്ഷേപങ്ങൾക്ക് ഇരയാണ്. കളിക്കിടെ ടീമിന്റെ ആരാധകർ തന്നെയാണ് ബെലോട്ടെല്ലിയെ കറുത്തവനെന്ന് വിളിച്ച് അധിക്ഷേപിച്ചത്. സഹികെട്ട താരം ഒരുതവണ മിണ്ടരുതെന്ന് ആംഗ്യം കാണിക്കുകയും ചെയ്‌തു.

ഈ ലിസ്റ്റ് ഇവിടെ അവസാനിക്കുന്നില്ല. ഘാന താരം കെവിൻ ബോട്ടെങ് കാണികളുടെ വംശീയ അധിക്ഷേപം കാരണം രോഷാകുലനായതോടെ കളി നിർത്തിവെക്കേണ്ടി വരെ വന്നിട്ടുണ്ട്. വംശീയതയുടെ ഇരകളാക്കപ്പെട്ട കളിക്കാർ ഇനിയും നിരവധിയാണ്.

Victims of racism in football

Abhishek G S :