ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാള സിനിമാ ലോകത്ത് മാത്രമല്ല മറ്റ് ഭാഷകളിലും വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. ഇപ്പോഴിതാ തമിഴ് സിനിമയിലും ഇത്തരം വിവേചനങ്ങളും ചൂഷണങ്ങളും നടക്കാറുണ്ടെന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകൻ വെങ്കട്ട് പ്രഭു.
തമിഴ് സിനിമയിലും ചൂഷണങ്ങൾ നടക്കുന്നുണ്ട്. വ്യവസായ മേഖലയിൽ സ്ത്രീകൾക്ക് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഒരുക്കണം. ഇനി മുതൽ എങ്കിലും തമിഴ് സിനിമാലോകം ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണം. എനിക്ക് രണ്ട് പെൺമക്കളാണ് ഉള്ളത്. സ്ത്രീകൾക്ക് ജോലി ചെയ്യാൻ കൂടുതൽ സുരക്ഷിതമായ സ്ഥലം ആവശ്യമാണ്. ഭാവിയിൽ ഉണ്ടായേക്കാവുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിന് കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണം.
പുരുഷൻമാർ ഇത്തരം കാര്യങ്ങൾ ചെയ്യാൻ ഭയപ്പെടുന്ന തരത്തിലുള്ള ശിക്ഷകൾ ഉറപ്പാക്കണം. സമൂഹത്തിലെ ഒട്ടുമിക്ക മേഖലകളിലും സ്ത്രീകൾക്ക് എതിരായ അ തിക്രമങ്ങൾ വലിയ രീതിയിൽ നടക്കുന്നുണ്ട്. പക്ഷേ സിനിമ മേഖലയ്ക്ക് കിട്ടുന്ന മാധ്യമ ശ്രദ്ധ അൽപ്പം കൂടുതലാണ്. മാധ്യമങ്ങൾ, ഐടി, സ്‌പോർട്‌സ് എന്നിവയുൾപ്പെടെ എല്ലാ വ്യവസായങ്ങളിലും സ്ത്രീകൾ ഒരേ വഴിയിലൂടെയാണ് കടന്നുപോകുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിജയ് നായകനാവുന്ന ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടെെംഎന്ന ചിത്രത്തിന്റെ റിലീസ് കാത്തിരിക്കെയാണ് വെങ്കട്ട് പ്രഭുവിന്റെ പ്രതികരണം. സെപ്റ്റംബർ അഞ്ചിന് ആഗോള റിലീസായെത്തും. കേരളത്തിലും റെക്കോർഡ് റിലീസായി എത്തുന്ന ചിത്രം ശ്രീ ഗോകുലം മൂവീസാണ് വിതരണം ചെയ്യുന്നത്. കേരളത്തിലെ എഴുന്നൂറിലധികം സ്‌ക്രീനുകളിൽ ആദ്യ ദിനം നാലായിരത്തിലധികം ഷോകളാണ് ചിത്രത്തിനുണ്ടാവുക.
എജിഎസ് എന്റർടെയിൻമെന്റിന്റെ ബാനറിൽ കൽപാത്തി എസ് അഘോരം, കൽപാത്തി എസ് ഗണേഷ്, കൽപാത്തി എസ് സുരേഷ് എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. മീനാക്ഷി ചൗധരി നായികാ വേഷം ചെയ്യുന്ന ചിത്രത്തിന്റെ താരനിരയിൽ പ്രശാന്ത്, പ്രഭുദേവ, ജയറാം, അജ്മൽ അമീർ എന്നിവരും ചിത്രത്തിലുണ്ട്.