വിക്രമിന്റെ ‘വീര ധീര ശൂരൻ’ വീണ്ടും പെട്ടിയിൽ!; ചിത്രത്തിന്റെ റിലീസ് തടഞ്ഞ് ഡൽഹി ഹൈകോടതി

നിരവധി ആരാധകരുള്ള താരമാണ് ചിയാൻ വിക്രം. അദ്ദേഹത്തിന്റേതായി പുറത്തെത്താനിരുന്ന ചിത്രമാണ് വീര ധീര ശൂരൻ. മാർച്ച് 27 ന് ആണ് ചിത്രം പുറത്തിറങ്ങുന്നതെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ നിയമ പ്രശ്‌നത്തെ തുടർന്ന് ചിത്രത്തിന്റെ മോണിങ് ഷോകൾ മുടങ്ങിയിരിക്കുകയാണ്. ഹൈദരാബാദിലും യു.എസിലും അടക്കം ആദ്യഷോ ഒഴിവാക്കി.

ഒ.ടി.ടിയിൽ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട കരാർ ചിത്രത്തിന്റെ നിർമാതാക്കൾ ലംഘിച്ചുവെന്നാണ് പരാതി. ഇത് സംബന്ധിച്ച് മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബി4യു എന്ന പ്രൊഡക്ഷൻ കമ്പനി ഡൽഹി ഹൈകോടതിയെ സമീപിച്ചിരുന്നു.

നിയമ പ്രശ്‌നങ്ങൾ കൈകാര്യംചെയ്യാൻ ചിത്രത്തിന്റെ നിർമാതാവായ റിയ ഷിബു നിലവിൽ ഡൽഹിയിലാണ്. വ്യാഴാഴ്ച രാവിലെ 10.30 വരെ ചിത്രത്തിന്റെ റിലീസ് തടഞ്ഞുകൊണ്ട് കോടതി ഇടക്കാല ഉത്തരവ് ഇറക്കുകയായിരുന്നു.

നിർമാതാവ് ഏഴ് കോടി നിക്ഷേപിക്കണമെന്നും കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും 48 മണിക്കൂറിനുള്ളിൽ സമർപ്പിക്കണമെന്നും നിർദേശമുണ്ട്. വിക്രവും സംവിധായകൻ എസ്.യു. അരുൺകുമാറും തങ്ങളുടെ പ്രതിഫലത്തിൽനിന്നും ഒരു വിഹിതം മാറ്റിവച്ച് നിർമാതാവിനെ സഹായിക്കുമെന്നും വിവരമുണ്ട്.

‘ചിത്ത’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ചിയാൻ വിക്രമിനെ നായകനാക്കി എസ്.യു. അരുൺ കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് വീര ധീര ശൂരൻ. രണ്ട് ഭാഗങ്ങളുളള സിനിമായകും വീര ധീര സൂരൻ. പതിവിനു വിപരീതമായി പാർട്ട് 2 ആദ്യം റിലീസ് ചെയ്ത് പിന്നീട് സിനിമയുടെ പ്രീക്വൽ ഇറക്കാനാകും അണിയറക്കാർ പദ്ധതിയിടുന്നത്.

ചിയാൻ വിക്രം, എസ്.ജെ. സൂര്യ, സുരാജ് വെഞ്ഞാറമ്മൂട്, ദുഷാര വിജയൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം തേനി ഈശ്വർ ആണ് നിർവഹിച്ചിരിക്കുന്നത്.

Vijayasree Vijayasree :