വോയിസ് ഓഫ് വോയിസ്ലെസ് എന്ന വീഡിയോ ഗാനത്തിലൂടെ ശ്രദ്ധ നേടിയ കലാകാരനാണ് വേടൻ എന്ന് അറിയപ്പെടുന്ന ഹിരൺദാസ് മുരളി. നിരവധി റാപ്പ് ഗാനങ്ങൾ വേടൻ ഒരുക്കിട്ടുണ്ട്. ഭൂമി, വാ, ബുദ്ധനായി പിറ എന്നിവയാണ് വേടന്റെ ശ്രദ്ധ നേടിയ റാപ്പ് ഗാനങ്ങൾ. മാർട്ടിൻ പ്രാക്കാട്ട് ചിത്രം നായാട്ടിൽ നരബലി എന്ന റാപ്പ് ഗാനവും വേടൻ ആലപിച്ചിരുന്നു.
എന്നാൽ ഇപ്പോഴിതാ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ഓസ്ട്രേലിയയിലുള്ള ചിലർക്ക് ഇന്ത്യയെന്ന രാജ്യത്തെ പറ്റി അറിയില്ലെന്നാണ് വേടൻ പറയുന്നത്. ഞങ്ങൾക്ക് ഈയിടെ ഒരു ഓസ്ട്രേലിയ ടൂർ ഉണ്ടായിരുന്നു. മെൽബൺ, സിഡ്നി എന്നിവിടങ്ങളിലൊക്കെ ഒരു ഷോയ്‌ക്ക് വേണ്ടി പോയതാണ്.
ഓസ്ട്രേലിയയെ പറ്റി വായിക്കുന്ന പോലെയല്ല. നമ്മളെ കണ്ടാൽ മാറി നടക്കുന്നവർ ഉണ്ട് അവിടെ. ഓസ്ട്രേലിയയിലെ വൈറ്റ്സ് ഭയങ്കരന്മാരാണ്. അവിടെ വലിയ രീതിയിലുള്ള റേസിസമാണ്. അതു കണ്ട് ഞാൻ ശരിക്കും അത്ഭുതപ്പെട്ടുപോയി. ചില കടകളിലൊന്നും നമ്മളെ കയറ്റില്ല. ചില ആളുകൾ നമ്മളെ കണ്ടാൽ മാറി നടക്കും.
അവിടെയുള്ള ചിലർക്ക് ഇന്ത്യയെന്ന രാജ്യം ഉണ്ടെന്ന് പോലും അറിയില്ല. നിങ്ങൾ ആഫ്രിക്കയിൽ നിന്നാണോ എന്നാണ് ചോദിച്ചത്. അപ്പോൾ സൗത്ത് ഇന്ത്യയിൽ നിന്നാണെന്ന് ഞാൻ മറുപടി നൽകിയെന്നും വേടൻ പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ വളരെപ്പെട്ടെന്നാണ് വൈറലായി മാറിയത്.
പിന്നാലെ നിരവധി പേർ വിമർശനവുമായി രംഗത്തെത്തി. ഇന്ന് ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യങ്ങളിലൊന്നായ ഇന്ത്യയെ അറിയാത്തവർ ഇല്ലെന്നാണ് ഭൂരിപക്ഷം കമന്റുകളും. ഇന്ത്യയെ മനഃപൂർവം താഴ്ത്തിക്കെട്ടാനുള്ള ശ്രമം പോലെയാണ് ഈ വാക്കുകൾ കേട്ടപ്പോൾ തോന്നിയത്, പറഞ്ഞത് സത്യമാണെങ്കിൽ ഇപ്പോഴും ഇത്തരത്തിലുള്ള ആൾക്കാർ ഉണ്ടെന്നത് വിശ്വസിക്കാനാകാകുന്നില്ലെന്നും ചിലർ പറയുന്നുണ്ട്.
അതകേസമയം, കുറച്ച് വർഷങ്ങൾക്ക് മുമ്പ് വേടനെതിരെ മീടൂ ആരോപണം വന്നതും വാർത്തയായിരുന്നു. പിന്നാലെ മാപ്പും പറഞ്ഞിരുന്നു. പ്രിയമുള്ളവരെ തെറ്റ് തിരുത്താനുള്ള ആത്മാർഥമായ ആഗ്രഹത്തോടെയാണ് ഈ പോസ്റ്റ് ഇടുന്നത്. എന്നെ സ്നേഹത്തോടെയും സൗഹാർദത്തോടെയും കണ്ടിരുന്ന സ്ത്രീകളോടുള്ള എന്റെ പെരുമാറ്റത്തിൽ സംഭവിച്ച പിഴവുകൾ ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ കടുത്ത ഖേദവും ആത്മനിന്ദയും പശ്ചാത്താപവും തോന്നിക്കുന്നുണ്ട്.
ആഴത്തിൽ കാര്യങ്ങൾ മനസ്സിലാക്കാതെ പ്രതികരണ പോസ്റ്റുകൾ പ്രസിദ്ധീകരിച്ചപ്പോൾ സ്ത്രീകൾക്കത് മോശം അനുഭവങ്ങളുടെ തുടർച്ചയായതിലും ഇന്നു ഞാൻ ഒരുപാട് ഖേദിക്കുന്നു. എന്റെ നേർക്കുള്ള നിങ്ങളുടെ എല്ലാ വിമർശനങ്ങളും ഞാൻ താഴ്മയോടെ ഉൾക്കൊള്ളുകയും നിലവിൽ ഉന്നയിക്കപ്പെട്ട എല്ലാ വിഷയങ്ങളിലും നിർവ്യാജമായി മാപ്പ് പറയുകയും ചെയ്യുന്നു.
വരും കാലങ്ങളിൽ ഇത്തരത്തിലുള്ള വിഷമതകൾ അറിഞ്ഞോ അറിയാതെയോ എന്നിൽ നിന്നു മറ്റൊരാൾക്കു നേരെയും ഉണ്ടാകാതിരിക്കാൻ പൂർണമായും ഞാൻ ബാധ്യസ്ഥനാണ്. അത്തരം ഒരു മാറ്റം എന്നിൽ ഉണ്ടാകണം എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു’, എന്നുമാിരുന്നു അന്ന് വേടൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.