കഴിഞ്ഞ ദിവസമായിരുന്നു റാപ്പർ വേടൻ കഞ്ചാവുപയോഗിച്ചതിന് പിടിയിലായത്. ഇപ്പോഴിതാ വേടനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് നടിയും ആക്ടിവിസ്റ്റുമായ ലാലി പിഎം. തല പോകുന്ന തെറ്റൊന്നുമല്ല വേടൻ ചെയ്തതെന്നും വേടന്റെ ശബ്ദം ഇവിടുത്തെ സവർണ തമ്പുരാക്കന്മാർക്ക് നേരെ ഉയരണമെന്നും പ്രഹരശേഷിയുള്ള റാപ്പുകൾ കേട്ടുപൊള്ളിയ സവർണ തമ്പുരാക്കന്മാരാണ് സോഷ്യൽമീഡിയയിൽ ആർത്ത് അട്ടഹസിക്കുന്നതെന്നും വേടൻ കുറച്ച് ഉത്തരവാദിത്തം കാണിക്കണമായിരുന്നു എന്ന് തോന്നുന്നുവെന്നുമാണ് നടി ലാലി പറഞ്ഞത്.
അതേസമയം കഞ്ചാവ് കേസിൽ ജാമ്യം കിട്ടിയതിന് പിന്നാലെ, വനം വകുപ്പ് കസ്റ്റഡിയിലെടുത്ത വേടൻറെ അറസ്റ്റ് രേഖപ്പെടുത്തി. രണ്ടു ദിവസത്തേക്ക് വേടനെ കസ്റ്റഡിയിൽ വിട്ടു. മൃഗവേട്ടയടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് വനം വകുപ്പ് കേസ്. അതേസമയം, പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകവെ താൻ കഞ്ചാവ് വലിക്കുകയും കള്ള് കുടിക്കുകയും ചെയ്യുന്ന ആളാണെന്ന് വേടൻ പറഞ്ഞിരുന്നു.
മാധ്യമങ്ങളോട് ആയിരുന്നു വേടന്റെ പ്രതികരണം. ഇക്കാര്യം എല്ലാവർക്കും അറിയാമെന്നും വേടൻ പ്രതികരിച്ചു. രാസലഹരി ഉപയോഗിക്കാറുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഇല്ല എന്നും വേടൻ മറുപടി പറഞ്ഞു. അതേസമയം, പുലിപ്പല്ല് കൈവശം വെച്ച കേസിൽ നേരത്തേ വേടനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം വനംവകുപ്പ് കേസെടുത്തിരുന്നു.
തമിഴ്നാട്ടിലെ ഒരു ആരാധകനാണ് തനിക്ക് പുലിപ്പല്ല് സമ്മാനിച്ചതെന്നാണ് വേടൻ പറയുന്നത്. എന്നാൽ നേരത്തെ പുലിപ്പല്ല് തായ്‌ലാൻഡിൽ നിന്നാണ് ലഭിച്ചതെന്ന് വേടൻ മൊഴി നൽകിയതായും റിപ്പോർട്ടുകൾ വരുന്നുണ്ട്. കഴിഞ്ഞ ദിവസം ഫ്ളാറ്റിൽ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പോലീസ് പരിശോധന.
തുടർന്നാണ് വേടന്റെ കൊച്ചിയിലെ ഫ്‌ളാറ്റിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവ് ഉപയോഗിച്ചതായി പൊലീസിനോട് സമ്മതിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പുലിയുടെ പല്ല് കൂടി വേടനിൽ നിന്ന് കണ്ടെത്തിയത്. തമിഴ്നാട്ടിൽ നിന്നാണ് പുലിപ്പല്ല് ലഭിച്ചതെന്ന മൊഴിക്ക് പിന്നാലെ കേസിൽ തമിഴ്നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് വനംവകുപ്പ്.