വേടനോട് സിപിഐഎമ്മിനും സർക്കാരിനും ഒരു വൈരാഗ്യവുമില്ല, ദിലീപ് എന്ന വൻകിടക്കാരനെ അറസ്റ്റ് ചെയ്ത സർക്കാരാണിത്. എൽഡിഎഫ് സർക്കാർ അല്ലായിരുന്നെങ്കിൽ ദിലീപിനെ തൊടില്ലായിരുന്നു; വൈറലായി കുറിപ്പ്

കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺ ദാസ് മുരളിയുടെ ഫ്‌ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയത്. യുവത്വം ആഘോഷിച്ച വേടൻ അടുത്തിടെ നടന്ന സ്റ്റേജ് ഷോകൾക്കിടെ രാസലഹരിക്കെതിരെ സംസാരിച്ചതും അറസ്റ്റിനോടൊപ്പം ചർച്ചയായിരുന്നു. തൃപ്പൂണിത്തുറയിലെ ഫ്‌ലാറ്റിൽ നിന്ന് ആറ് ഗ്രാം കഞ്ചാവാണ് പൊലീസ് പിടികൂടിയത്. വേടനും മറ്റു സംഘാംഗങ്ങളും ലഹരി ഉപയോഗിച്ചതായി പൊലീസിനോട് സമ്മതിക്കുകയും ചെയ്തു.

കഞ്ചാവുമായി പിടിയിലായതിന് പിന്നാലെ വേടന് കുരുക്കായത് കഴുത്തിലണിഞ്ഞ മാലയാണ്. തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ വേടന്റെ കഴുത്തിലെ മാലയിലുള്ള പുലിപ്പല്ല് ഒറിജിനലാണെന്ന് കണ്ടെത്തിയതോടെയാണ് അന്വേഷണം ഇതിലേയ്ക്കും നീണ്ടത്. പുലിപ്പല്ല് എവിടെ നിന്ന് കിട്ടിയെന്ന് അറിയാനായിരുന്നു അന്വേഷണം. നേരത്തെ തന്നെ വനം വകുപ്പ് തുടക്കത്തിൽ സ്വീകരിച്ച നടപടികൾക്കെതിരെ വലിയ വിമർശനമാണ് ഉയർന്നത്.

പുലിപ്പല്ല് കൈവം വെച്ച സംഭവത്തിൽ വേടനെതിരെ ഏഴു വർഷംവരെ തടവ് ലഭിക്കുന്ന കുറ്റവും ചുമത്തി. ശ്രീലങ്കൻ വംശജയാണ് വേടന്റെ അമ്മയെന്നും ആ ഒരു കണക്ഷൻ ഈ കേസിൽ വരുന്നുണ്ടെന്നുമായി റേഞ്ച് ഓഫീസർ അതീഷ് രവീന്ദ്രൻ മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞത്. കേസ് കഴിഞ്ഞ ദിവസം കോടതിയിൽ എത്തിയപ്പോൾ വനം വകുപ്പിന്റെ വാദങ്ങളെ തള്ളി വേടന് ജാമ്യം അനുവദിക്കുകയാണ് ഉണ്ടായത്. ജാമ്യം നേടി പുറത്തിറങ്ങിയതിന് പിന്നാലെ വേടന് പിന്തുണയുമായി മന്ത്രിമാരായ ആർ ബിന്ദുവും എകെ ശശീന്ദ്രൻ അടക്കമുള്ളവരും രംഗത്ത് വന്നു.

വേടൻ രാഷ്ട്രീയബോധമുള്ള മികച്ച കലാകാരനാണ്. വേടന്റെ അറസ്റ്റിനിടയാക്കിയതും തുടർന്നുണ്ടായ സംഭവങ്ങളും ദൗർഭാഗ്യകരമായിപ്പോയെന്നായിരുന്നു എകെ ശശീന്ദ്രന്റെ പ്രതികരണം. വേടന്റെ അറസ്റ്റിൽ വനം വകുപ്പിന്റെ നടപടികളുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങൾ നിർഭാഗ്യകരമാണ്. തുടക്കത്തിൽ ഞാൻ ചൂണ്ടിക്കാണിച്ചത് നിയമവശങ്ങൾ മാത്രമായിരുന്നു. വനം വകുപ്പും വനം മന്ത്രിയും ഈ കേസിൽ അധികമായി എന്തോ ചെയ്യുന്നുവെന്ന പ്രചരണം ഉണ്ടായി.

അകാരണമായ ആശങ്ക സൃഷ്ടിക്കും വിധം ദൃശ്യമാധ്യമങ്ങളോട് വനം വകുപ്പിലെ ചില ഉദ്യോഗസ്ഥർ പ്രതികരിച്ചത് അംഗീകരിക്കാനാവില്ല.കേസിനെ പെരുപ്പിച്ചു കാണിക്കാനിടയായ പ്രതികരണം നടത്തിയതിന് കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരോട് വിശദീകരണം നേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. രാഷ്ട്രീയപരമായി വലിയ പിന്തുണ ഇടതുപക്ഷത്ത് വേടന് ലഭിക്കുമ്പോഴും അദ്ദേഹത്തിനെതിരെ സർക്കാർ സ്വീകരിച്ച നിലപാടിൽ വലിയ വിമർശനവും ഉയരുന്നുണ്ട്.

വേടനെ ലഹരിക്കേസിൽ പിടികൂടിയത് സി പി ഐ എമ്മിൻ്റെ ദളിത് വിരുദ്ധതയും അസഹിഷ്ണുതയുമാണ് എന്നൊക്കെയുള്ള തരത്തിലാണ് ചിലരുടെ വിമർശനം. എന്നാൽ ഈ വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് ഒരു ഇടത് അനുഭാവി കുറിച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി ഓടിക്കൊണ്ടിരിക്കുന്നത്.

ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

വേടനെ ലഹരിക്കേസിൽ പിടികൂടിയത് സി പി ഐ എമ്മിൻ്റെ ദളിത് വിരുദ്ധതയും അസഹിഷ്ണുതയുമാണ് എന്നൊക്കെയാണ് ഇതിനിടയിൽക്കൂടി ചിലർ തള്ളിക്കയറ്റി മുതലെടുക്കാൻ നോക്കുന്നത്. സർക്കാറിൻ്റെ നാലാം വാർഷിക പരിപാടിയിൽ ഇതേ വേടനെ ക്ഷണിച്ച സർക്കാറിന് നേതൃത്വം നൽകുന്ന സി പി ഐ എമ്മിനെയാണ് ഇവർ ദളിത് വിരുദ്ധരാക്കി കിട്ടിയ ചാൻസ് മുതലാക്കാൻ നോക്കുന്നത്

വേടനോട് സി പി ഐ എമ്മിനും സർക്കാരിനും ഒരു വൈരാഗ്യവുമില്ല. വേടനെ എന്നല്ല ആരെയും കേസിൽ കുടുക്കാൻ നിർദ്ദേശം നൽകലല്ല സി പി ഐ എമ്മിൻ്റെ ജോലി. ലഹരിക്കെതിരായ എല്ലാ നടപടികളുടെയും പൂർണ ചുമതല എക്സൈസിനും പോലീസിനുമാണ്. അത് രാഷ്ട്രീയം നോക്കിയല്ല. മാത്രമല്ല, വേടൻ തന്നെ മാധ്യമങ്ങളോട് പറഞ്ഞത് എന്നെ ആരും കുടുക്കിയതല്ല എന്നാണ്. അപ്പോൾ വേടന് ഇല്ലാത്ത പരാതി ചിലർക്ക് വരുന്നതിൻ്റെ ലക്ഷ്യം വേറെയാണ്.

പിന്നെയൊരു ചോദ്യം, വൻകിടക്കാരെ തൊടാൻ ധൈര്യമുണ്ടോ എന്നാണ്. നടൻ ദിലീപ് എന്ന വൻകിടക്കാരനെ അറസ്റ്റ് ചെയ്ത സർക്കാരാണിത്. കടുത്ത കമ്യൂണിസ്റ്റ് വിരുദ്ധനായ വിനു വി ജോൺ പോലും അന്ന് പറഞ്ഞത് എൽ ഡി എഫ് സർക്കാർ അല്ലായിരുന്നെങ്കിൽ ദിലീപിനെ തൊടില്ലായിരുന്നു എന്നാണ്. ദിവസങ്ങൾക്ക് മുമ്പ് നടൻ ഷൈൻ ടോം ചാക്കോയെ പിടിച്ചതും എൽ ഡി എഫ് സർക്കാറിൻ്റെ പോലീസ് തന്നെയാണ്. ഷൈനെ പിടിച്ചതും സി പി ഐ എമ്മിൻ്റെ അസഹിഷ്ണുതയാണോ.

മറ്റൊന്ന് പറയാനുള്ളത് ഏഷ്യാനെറ്റിൻ്റെ മാധ്യമപ്രവർത്തനത്തെക്കുറിച്ചാണ്. വേടനെ അപമാനിക്കുന്ന തരത്തിൽ ഏഷ്യാനെറ്റ് നൽകിയ വാർതയിൽ ഞങ്ങൾക്ക് പുതുമ ഒന്നും തോന്നുന്നില്ല. കാരണം എസ് എഫ് ഐ ക്കും സി പി ഐ എമ്മിനും നേരെ എത്രയോ കാലങ്ങളായി ഏഷ്യാനെറ്റ് ചെയ്യുന്നതാണിത്.

ഒരു പെൺകുട്ടി വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയപ്പോൾ ആരുടെ വിദ്യ ? എന്ന തലക്കെട്ടിൽ പി എം ആർഷോയുടെ പടം ചേർത്ത് കാർഡ് ഇറക്കിയതടക്കം എത്രയോ തവണ തനി തെമ്മാടിത്തം ചെയ്തവരാണ് ഏഷ്യാനെറ്റ് . അന്നൊക്കെ ഇടതുപക്ഷക്കാരല്ലാതെ ഒരുത്തനും ഏഷ്യാനെറ്റിനെ വിമർശിച്ചില്ല . സി പി ഐ എമുകാർക്ക് രണ്ട് കിട്ടട്ടെ എന്ന മനസ്ഥിതി തന്നെ കാരണം..

അതേസമയം, ഗായകൻ മൃഗവേട്ടയോ വ്യാപാരമോ നടത്തിയതിന് തെളിവില്ലെന്ന് മാത്രമല്ല വേടനിൽനിന്ന് പിടിച്ചെടുത്തത് പുലിപ്പല്ലാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്നും കോടതി സൂചിപ്പിച്ചു. ബുധനാഴ്ച പെരുമ്പാവൂർ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വേടന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. വേടനുമേൽ വനംവകുപ്പ് ചുമത്തിയിരിക്കുന്ന കുറ്റകൃത്യങ്ങൾ പ്രഥമദൃഷ്യാ നിലനിൽക്കില്ല.

കാരണം, വേടനിൽ നിന്ന് പിടിച്ചെടുത്തത് പുലിപ്പല്ലാണ് എന്ന് ശാസ്ത്രീയമായി തെളിയിക്കാനായിട്ടില്ല. നേരത്തെ ഇത്തരം ക്രിമിനൽ കേസുകളിലൊന്നും വേടൻ ഉൾപ്പെട്ടിട്ടില്ല. കഴിഞ്ഞ ദിവസം പോലീസ് കഞ്ചാവ് പിടികൂടിയ കേസ് മാത്രമാണ് വേടനെതിരെയുള്ളത്. മാത്രമല്ല, ജാമ്യവ്യവസ്ഥകൾ പൂർണമായി പാലിച്ചുകൊള്ളാമെന്ന് വേടൻ ഉറപ്പുനൽകുകയും ചെയ്തിട്ടുള്ളതായി ജാമ്യ ഉത്തരവിൽ പറയുന്നു.

പുലിപ്പല്ലാണ് പിടിച്ചെടുത്തതെന്ന് ശാസ്ത്രീയമായി തെളിയിക്കാനാവാത്ത സാഹചര്യത്തിൽ വേടന് ജാമ്യം നിഷേധിക്കുന്നത് ഉചിതമാവില്ല എന്ന് കണക്കിലെടുത്താണ് ഇയാൾക്ക് ജാമ്യം അനുവദിക്കുന്നത് എന്നാണ് ജാമ്യ ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്. ചെന്നൈയിൽവെച്ച് ഒരു ആരാധകൻ തന്ന സമ്മാനം ഉപയോഗിക്കുക മാത്രമാണ് ചെയ്തതെന്നും പുലിപ്പല്ലാണ് എന്നറിഞ്ഞുകൊണ്ടല്ല താനിത് ഉപയോഗിച്ചത് എന്നുമായിരുന്നു വേടന്റെ മൊഴി. ഇക്കാര്യങ്ങൾ ശരിവെച്ചുകൊണ്ടാണ് കോടതി ഗായകന് ജാമ്യം അനുവദിച്ചത്.

എല്ലാ വ്യാഴാഴ്ചകളിലും കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസിലെത്തി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം, കോടതിയുടെ അനുമതിയില്ലാതെ കേരളം വിട്ട് പുറത്തുപോകാൻ പാടില്ല, സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ പാടില്ല, സാക്ഷികളുമായി കൂടിക്കാഴ്ച നടത്താനോ അവരെ ഭീഷണിപ്പെടുത്താനോ പാടില്ല എന്നിങ്ങനെ കടുത്ത ജാമ്യവ്യവസ്ഥകളാണ് കോടതി ഏർപ്പെടുത്തിയിട്ടുള്ളത്.

ഇന്നത്തെ തലമുറയ്ക്ക് പാട്ടിനൊപ്പം രാഷ്ട്രീയവും കൂടി പകർന്നു നൽകുന്നുവെന്നാണ് വേടന്റെ സംഗീതത്തെ ആളുകൾ വിശേഷിപ്പിച്ചിരുന്നത്. ഞാൻ പാണനല്ല, പുലയനല്ല, നീ തമ്പുരാനുമല്ലെന്ന് പകുതി പറയുകയും പാടുകയും ചെയ്ത വേടനെ പുതിയ തലമുറ വളരെ പെട്ടെന്നാണ് ഏറ്റെടുത്തത്. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വേടന്റെ പാട്ട് കേൾക്കാൻ നിറഞ്ഞ് കവിഞ്ഞ സദസിനെക്കുറിച്ചുള്ള ചർച്ചയുടെ ചൂട് അടങ്ങും മുൻപാണ് ഗായകൻ കഞ്ചാവ് കേസിൽ പിടിയിലാവുന്നത്.

നമ്മുടേത് വിവേചനപൂർവ്വമായ സമൂഹമാണ്. ഇന്ത്യൻ സമൂഹത്തിൽ പത്തുരണ്ടായിരം വർഷമായി ഇരട്ടനീതി നിലനിൽക്കുന്നുണ്ടെന്നും തനിക്ക് അതിനെക്കുറിച്ച് പുതിയതായി ഒന്നും സംസാരിക്കാനില്ലെന്നും വേടൻ മാധ്യമങ്ങളോട് പ്രതികരിക്കവെ പറഞ്ഞു. ‘മോണലോവ ഞാൻ എന്റെ കാമുകിക്ക് വേണ്ടി എഴുതിയ പാട്ടാണ്. ഞാനിപ്പോൾ പ്രേമത്തിലാണല്ലോ, ഇപ്പോഴാണ് പ്രേമമൊക്കെ ഉണ്ടാവുന്നത്.

എന്റെ കാമുകിയെ മോണലോവ പോലെ അഗ്നിപർവതമായി എഴുതിയിരിക്കുന്ന പാട്ടാണത്. ഞാനന്റെ കാമുകിക്ക് കൊടുക്കുന്ന ഗിഫ്റ്റ് മാത്രമാണത്. വിപ്ലവപാട്ടുകൾ ഇനിയും വരും, പ്രേമപ്പാട്ടുകളും അതിനിടയിലുണ്ടാവും. എല്ലാവരും പാട്ടുകേൾക്കുക. ഇത് മോശം സ്വാധീനമാണ്, എന്നെ കണ്ട് ആരും പഠിക്കരുത്. എന്നെ തിരുത്താൻ പരമാവധി ശ്രമിക്കും. കള്ളുകുടിയും പുകവലിയും നിർത്താൻ ഞാൻ ശ്രമിക്കട്ടെ. ആ കാര്യംകൊണ്ട് ഞാൻ മോശപ്പെട്ട മനുഷ്യനാണോ എന്ന് തീരുമാനിക്കേണ്ടത് പൊതുസമൂഹമാണ്. ഞാൻ കള്ളുകുടിക്കുകയും പുകവലിക്കുകയും ചെയ്യുന്നതുകൊണ്ട്, കൊച്ചുമക്കൾ ദയവുചെയ്ത് അതിൽ സ്വാധീനിക്കപ്പെടാതിരിക്കുക എന്നും മാധ്യമങ്ങളോട് വേടൻ പറഞ്ഞു.

തൻറെ കറുത്ത ശരീരത്തെ നോക്കി കൂട്ടുകാർ വേടൻ എന്ന് കളിയാക്കിവിളിച്ചപ്പോൾ, ആ പേരിനെ തന്നെ സ്വീകരിച്ചു. സവർണതയോട് റാപ്പിലൂടെ കലഹിച്ചു. ഹിരൺ ദാസ് മുരളിയെന്ന തൃശൂർ സ്വദേശിയാണ് വേടൻ എന്ന പേര് സ്വീകരിച്ച് റാപ്പ് മേഖലയിൽ പേരെടുത്തത്. മ്യൂസിക് ഷോകളിൽ വസ്ത്രം കൊണ്ടും വ്യത്യസ്തനാണ് വേടൻ. ദലിത് രാഷ്ട്രീയം പച്ചക്ക് പറയുന്ന ഗായകനെന്നാണ് മാധ്യമങ്ങൾ വേടനെ വിശേഷിപ്പിച്ചത്. വോയ്‌സ് ഓഫ് വോയിസ് ലെസ് എന്ന മ്യൂസിക് വിഡിയോയിലൂടെയാണ് വേടൻ ശ്രദ്ധേയനാകുന്നത്.

ആദ്യ വിഡിയോ പുറത്തിറക്കിയത് ഇരുപത്തിയഞ്ചാം വയസ്സിൽ. ആദ്യ വിഡിയോ തന്നെ സംഗീതപ്രേമികൾ ഏറ്റെടുത്തു. വിദ്യാഭ്യാസത്തിന് ശേഷം നിർമാണ മേഖലയിൽ ജോലി ചെയ്തിരുന്ന വേടൻ എഡിറ്റർ ബി അജിത് കുമാറിന്റെ സ്റ്റുഡിയോ ബോയ് ആയി പ്രവർത്തിച്ചിരുന്നു. അമേരിക്കൻ റാപ്പറായ ടൂപാക് ഷാക്കൂറിൽ നിന്ന് പ്രചോദിതമായാണ് റാപ്പ് രംഗത്തേയ്ക്ക് എത്തുന്നത്.

വേടൻ ആൾക്കുട്ടത്തെയല്ല, ആൾക്കൂട്ടം വേടനെയാണ് തേടിയെത്തിയത്. ആരും സിന്തറ്റിക് ഡ്രഗ്സ് ഉപയോഗിക്കരുതെന്നും അത് ചെകുത്താനാണെന്നും പറഞ്ഞത് കഴിഞ്ഞദിവസം. അങ്ങനെ ലഹരിക്കെതിരെ പാടിയും പറഞ്ഞും തീർത്തതിൻറെ തൊട്ടടുത്തദിനമാണ് വേടൻ ലഹരിക്കേസിൽ കുടുങ്ങിയത്.

2021 ൽ പുറത്തിറങ്ങിയ നായാട്ട്, 2023 ൽ പുറത്തിറങ്ങിയ കരം, മഞ്ഞുമ്മൽ ബോയ്‌സ് എന്നിവയിലെ പാട്ടുകൾ ശ്രദ്ധേയമായി. എന്നാൽ ഇതിനിടയിൽ വേടനെതിരെ ലൈംഗികാരോപണവും ഉയർന്നു വന്നു. ‘വുമൺ എഗെയ്ൻസ്റ്റ് സെക്ഷ്വൽ ഹറാസ്മെന്റ്’ എന്ന കൂട്ടായ്മയ വഴിയാണ് ഏതാനും സ്ത്രീകൾ വേടനെതിരെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. മദ്യലഹരിയിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചുവെന്നും പീഡിപ്പിച്ചുവെന്നുമായിരുന്നു ആരോപണം.

സുഹൃദ വലയത്തിലെ സ്ത്രീകളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടുവെന്ന് നുണ പ്രചരിപ്പിച്ചുവെന്നും ആരോപണമുണ്ടായിരുന്നു. എംപുരാൻ വിവാദവുമായി ബന്ധപ്പെട്ട്, സിനിമ ചെയ്തതിന് ഇഡി റെയ്ഡ് വരുന്ന കാലമാണിതെന്ന വേടന്റെ വാക്കുകൾ വൈറലായി. കാരണവന്മാർ മണ്ടത്തരം കാണിച്ച് നടക്കുകയാണെന്നും പുതുതലമുറയിൽ മാത്രമാണ് പ്രതീക്ഷയെന്നും വേടൻ അന്ന് പറഞ്ഞു.

Vijayasree Vijayasree :