കലയെ മാറ്റിവെച്ചുള്ള അതിജീവനം സാധ്യമല്ല…. IFFK ഇല്ലാതെ പോയാല്‍ സംഭവിക്കുന്നത് ഒരിക്കലും തിരിച്ചു പിടിക്കാനാകാത്ത നഷ്ടം: വിസി അഭിലാഷ്

കലയെ മാറ്റിവെച്ചുള്ള അതിജീവനം സാധ്യമല്ല…. IFFK ഇല്ലാതെ പോയാല്‍ സംഭവിക്കുന്നത് ഒരിക്കലും തിരിച്ചു പിടിക്കാനാകാത്ത നഷ്ടം: വിസി അഭിലാഷ്

പ്രളയക്കെടുതിയിലുണ്ടായ നാശനഷ്ടങ്ങള്‍ കണക്കിലെടുത്ത് ഇത്തവണ ആഘോഷ പരിപാടികളെല്ലാം സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. അക്കൂട്ടത്തില്‍ രാജ്യാന്തര ചലച്ചിത്ര മേളയും ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ഇതിനെതിരെ നിരവധി ചലച്ചിത്ര പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്.. സമിശ്ര പ്രതികരണങ്ങളാണ് ഈ വിഷയത്തില്‍ കലാകാരന്‍മാരില്‍ നിന്നും ഉണ്ടായിരിക്കുന്നത്. തിരക്കഥാകൃത്തും സംവിധായകനുമായ വിസി.അഭിലാഷ് മെട്രോമാറ്റിനിയോട് തന്റെ നിലപാട് വ്യക്തമാക്കുന്നു. കലയെ മാറ്റിവെച്ചുള്ള അതിജീവനം സാധ്യമല്ലെന്നും ഐഎഫ്എഫ്‌കെ ഇല്ലാതെ പോയാല്‍ ഒരിക്കലും തിരിച്ചു പിടിക്കാനാകാത്ത നഷ്ടമാണ് സംഭവിക്കുന്നതെന്നും വിസി അഭിലാഷ് പറയുന്നു.

ഐഎഫ്എഫ്‌കെ റദ്ദാക്കിയതിനെ തുടര്‍ന്ന് അതിനെ കുറിച്ച് രണ്ടു മൂന്നു ദിവസമായി ഇതിനെതിരെ ഒരു ക്യാംപയിനിംഗ് നടത്തി ഈ തീരുമാനം പുന:പരിശോധിക്കണമെന്ന ക്യാംപയിന്റെ ഭാഗമായി വളരെ സജീവമായി നില്‍ക്കുകയാണ് ഞാന്‍. കലയെ മാറ്റിവെച്ച് കൊണ്ട് അതിജീവനം എന്ന് പറയുന്നത് സാധ്യമായൊരു കാര്യമല്ല. കല എന്ന് പറയുന്നത് മനുഷ്യന്റെ മനസ്സിന് സന്തോഷവും സംതൃപ്തിയും നല്‍കുന്ന ഒരു സര്‍ഗാത്മക രൂപമാണ്. കലാപരിപാടികളെ മാറ്റി നിര്‍ത്തിക്കൊണ്ട് അതിജീവനം സാധ്യമാണെന്ന് പറയുന്നത് യുക്തിയില്ലാത്ത ചിന്തയാണ്.

ലോകത്തെ എല്ലായിടത്തെ ചരിത്രം പരിശോധിച്ചു നോക്കിയാലും വളരെ വീണ്ടുവിചാരമില്ലാതെ പെരുമാറുന്ന ഭരണകൂടം മാത്രമെ ഇത്തരമൊരു അവസ്ഥിലേയ്ക്ക് പോയിട്ടുള്ളു. ഇപ്പോള്‍ നിലവിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍ വളരെയധികം വീണ്ടുവിചാരമുള്ള ഒരു ഭരണകൂടമാണെന്ന് ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. മുന്‍ വര്‍ഷങ്ങളിലുള്ള IFFK നടത്തിപ്പ് രീതിയാണെങ്കില്‍ കൂടിയും പ്രളയത്തെ നേരിട്ട രീതിയാണെങ്കില്‍ കൂടിയും വളരെ വീണ്ടുവിചാരത്തോടുകൂടിയുള്ള ഒരു സമീപനം ഈ സര്‍ക്കാറിനുണ്ട് എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. അങ്ങനെയുള്ള ഒരു സര്‍ക്കാറില്‍ നിന്ന് ഒരു കാരണവശാലും ഉണ്ടാകാന്‍ പാടില്ലാത്ത ഒന്നാണ് ഇപ്പോള്‍ ചലച്ചിത്രോത്സവത്തിന്റെയും യുവജനോത്സവത്തിന്റെയും കാര്യത്തില്‍ സംഭവിച്ചിരിക്കുന്നത്.

ഇവിടെ ഞാന്‍ മനസ്സിലാക്കുന്നത് സ്‌കൂള്‍ കലോത്സവം അടക്കമുള്ള കാര്യങ്ങള്‍ മിക്യവാറും ഗ്രെയ്‌സ് മാര്‍ക്കിന്റെ പ്രശ്‌നങ്ങള്‍ ഉള്ളത് കൊണ്ട് സര്‍ക്കാര്‍ അത് പുന:പരിശോധിക്കുകയും നടപ്പിലാക്കാന്‍ ശ്രമിക്കുകയും ചെയ്യും. പക്ഷേ ചലച്ചിത്രോത്സവം അത്രത്തോളം സപ്പോര്‍ട്ട് ഇല്ലാതെ പോകുന്നുണ്ട്. പൊതുജനങ്ങള്‍ക്കിടയില്‍ നമ്മള്‍ ചലച്ചിത്രോത്സവം എന്ന് പറഞ്ഞാല്‍ പറയുന്ന ആള്‍ കുറ്റക്കാരനായി മാറുമോ, സാമൂഹ്യ വിരുദ്ധനായി മാറുമോ, ഈ പ്രളയക്കെടുതിയില്‍ സങ്കടപ്പെട്ട ആളുകള്‍ക്കൊപ്പമില്ലെന്ന അവസ്ഥ നമ്മളില്‍ ഉണ്ടാകുമോ എന്നീ ഭയം കാരണം പല സാംസ്‌കാരിക പ്രവര്‍ത്തകരും പ്രതികരിക്കാന്‍ തയ്യാറാകുന്നില്ല.

ലോകത്തെ ചലച്ചിത്രോത്സവങ്ങളുടെ അക്രഡിറ്റേഷന്‍ തീരുമാനിക്കുന്ന സംഘടനയാണ് ഫിയാഫ്. ഫിയാഫിന്റെ അംഗീകാരം ഈ സര്‍ക്കാര്‍ ഇരിക്കുമ്പോള്‍ തന്നെ നഷ്ടമാകുന്ന അവസ്ഥയിലേയ്ക്കാണ് ഇത്തവണ മേള ഇല്ലാതെ പോയാല്‍ ഉണ്ടാകാവുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതു തിരിച്ചുപിടിക്കുക എന്നത് അടുത്ത വര്‍ഷം സാധ്യമായ കാര്യമല്ല. അക്രഡിറ്റേഷന്‍ നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. കാരണം 15 ഫിലിം ഫെസ്റ്റിവലുകളാണ് ലോകത്തെ ഏറ്റവും മികച്ച ഫിലിം ഫെസ്റ്റിവലുകളായി കണക്കാക്കപ്പെടുന്നത്. അതിലേയ്ക്ക് കയറിപറ്റാനാണ് നമ്മള്‍ എപ്പോഴും ശ്രമം നടത്തിക്കൊണ്ടിരിക്കുന്നത്. ആ ഫിയാഫിന്റെ അംഗീകാരമുള്ള 40 ഓളം ഫിലിം ഫെസ്റ്റിവലുകളില്‍ ആദ്യത്തെ 15 എണ്ണത്തിനാണ് ഏറ്റവും പ്രധാനപ്പെട്ട ഗ്രെയിഡ് ഉള്ള ഫെസ്റ്റിവല്‍. അതില്‍ ഇന്ത്യയില്‍ നിന്നും ഗ്ലോബല്‍ ഫെസ്റ്റിവല്‍ മാത്രമെയുള്ളു…

IFFK ഈ 15ലേയ്ക്ക് എത്താനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.. നമ്മള്‍ തൊട്ടു താഴത്തെ ഗ്രെയിഡിലാണ് ഈ അക്രഡിറ്റേഷനിലുള്ളത്… അപ്പോള്‍ ഇത്തവണ ഈ അക്രഡിറ്റേഷന്‍ പോയാല്‍ നമ്മള്‍ ഈ 15 ല്‍ കയറുന്നില്ലെന്ന് മാത്രമല്ല നമ്മള്‍ തൊട്ടുതാഴത്തെ ബി ഗ്രെയ്ഡില്‍ നിന്നും അക്രഡിറ്റേഷന്‍ ഇല്ലാത്ത ലോകത്തെ മറ്റ് 4000 ഫെസ്റ്റിവലുകളില്‍ ഒന്നായി മാത്രം മാറുകയും ചെയ്യും. അതായത് ഒന്നിലേയ്ക്ക് കയറാന്‍ ആഗ്രഹിക്കുന്ന രണ്ടില്‍ നില്‍ക്കുന്ന ആള്‍ രണ്ടില്‍ നിന്നും മൂന്നിലേയ്ക്ക് അധ:പതിക്കുന്ന ഒരു അവസ്ഥയിലേയ്ക്ക് പോകും. അത് പാടില്ല.


ചലച്ചിത്രോത്സവത്തിന് വളരെ ലളിതമായി രീതിയില്‍ ചിലവ് കുറിച്ചിട്ടാണെങ്കില്‍ അങ്ങനെ ഈയൊരു ദുരന്തത്തിന്റെ കെടുതികളെ അതിജീവിക്കാനുള്ള മാര്‍ഗ്ഗവും പ്ലാറ്റ്‌ഫോമുമാക്കി ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനാണ് നമ്മള്‍ ശ്രമിക്കേണ്ടത്.. 2018 ഡിസംബര്‍ മാസത്തില്‍ നടക്കേണ്ട ഫെസ്റ്റിവല്‍ ഈ 2018 ഓഗസ്റ്റില്‍ നടന്ന പ്രളയക്കെടുതിയുടെ നാലു മാസങ്ങള്‍ക്ക് ശേഷം നടക്കുന്ന ഫെസ്റ്റിവലില്‍ അതിജീവിക്കുന്നില്ല എന്നൊരു സന്ദേശം ഒരിക്കലും ലോകത്തിന് മുന്നില്‍ വരാന്‍ പാടില്ല. അത് നമ്മുടെ ടൂറിസം ഉള്‍പ്പെടെയുള്ള ചലച്ചിത്ര കല ഉള്‍പ്പെടെയുള്ള നമ്മുടെ സാധ്യതകളെ പലതും നശിപ്പിക്കും എന്നാണ് പറയാനുള്ളത്..

VC Abhilash about IFFK

Farsana Jaleel :