ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയിരുന്നത്. ഇപ്പോഴിതാ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കവിയും ഗാനരചയിതാവുമായ വൈരമുത്തു. എല്ലാ മേഖലയിലും ഹേമ കമ്മിറ്റി പോലെ സമാനമായ കമ്മിറ്റി വരണമെന്നും സിനിമയിൽ മാത്രമായി നടപടികൾ ഒതുങ്ങിപ്പോകരുതെന്നും വൈരമുത്തു പറഞ്ഞു.
പുതിയ ഇന്ത്യക്കുള്ള തുടക്കമാണ് ഹേമ കമ്മിറ്റി. സ്വയം പ്രതിരോധിക്കുന്നതിനെ കുറിച്ച് സ്കൂളുകളിൽ പെൺകുട്ടികളെ പഠിപ്പിക്കണം എന്നും വൈരമുത്തു ആവശ്യപ്പെട്ടു.
അതേസമയം, ഗായിക ചിൻമയി, ലളിത ഗാനങ്ങളിലൂടെ പ്രശസ്തയായ ഭുവന ശേഷൻ അടക്കമുള്ളവർ വൈരമുത്തുവിനെതിരെ നേരത്തെ മീടൂ ആരോപണം ഉന്നയിച്ചിരുന്നു. വൈരമുത്തു തന്നെ ലൈം ഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നും തന്റെ കരിയർ തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയതായുമാണ് ഭുവന ദേശീയ മാധ്യമങ്ങളോട് പറഞ്ഞത്.
ഗായിക ചിന്മയിക്കുപിന്നാലെയാണ് ഭുവനയും വൈരമുത്തുവിനെതിരെ രംഗത്തെത്തിയത്. ഒരു ആൽബം ലോഞ്ചിനിടെയാണ് സംഭവം. പരിപാടി കഴിഞ്ഞ് എല്ലാവരും പോയിട്ടും തന്നോടും അമ്മയോടും അവിടെ തന്നെ നിൽക്കാൻ പറഞ്ഞു. പിന്നീട് പ്രോഗ്രാമിൻെറ സംഘാടകരിൽ ഒരാൾ തന്നോട് വൈരമുത്തുവിൻെറ മുറിയിലേക്ക് ചെല്ലാൻ പറഞ്ഞു. എന്നാൽ താൻ ഈ ആവശ്യം നിരാകരിച്ച് ഇന്ത്യയിലേക്ക് തിരിച്ച് പോന്നുവെന്നും ആണ് ചിൻമയി ട്വീറ്റ് ചെയ്തിരുന്നത്.