തമിഴ് സിനിമയിലെ ഹാസ്യ രാജാവാണ് വടിവേലു. സൂപ്പര്‍ താര സിനിമകളില്‍ വടിവേലു എന്നത് ഒഴിച്ചു നിര്‍ത്താന്‍ സാധിക്കാത്ത ഘടകമായിരുന്നു. ഒരുകാലത്ത് സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം പ്രതിഫലം വാങ്ങിയിരുന്ന ഹാസ്യ താരമായിരുന്നു അദ്ദേഹം. പിന്നീട് വിവാദങ്ങളും വിലക്കുമെല്ലാം കാരണം സിനിമാ ലോകത്തു നിന്നും വിട്ടു നില്‍ക്കേണ്ടി വന്നു വടിവേലുവിന്.

എന്നാല്‍ ഈ അടുത്തിറങ്ങിയ മാമന്നന് എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് നടന്. ചിത്രത്തില്‍ വടിവേലു അവതരിപ്പിച്ച മാമന്നന് എന്ന കഥാപാത്രം വലിയ കയ്യടികള്‍ നേടിയെടുക്കുന്നതായിരുന്നു. ഫഹദ് ഫാസിലും ചിത്രത്തിലൊരു പ്രധാന വേഷം അവതരിപ്പിച്ചിരുന്നു.
അതേസമയം വടുവേലുവിനെതിരെ പലപ്പോഴായി പലരും ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. സഹതാരങ്ങളോടുള്ള മോശം പെരുമാറ്റവും സെറ്റിലെ മോശം പെരുമാറ്റവുമെല്ലാം വടിവേലുവിനെതിരെ ഉയര്‍ന്ന ആരോപണങ്ങളാണ്. വടിവേലുവിനെതിരായ ആരോപണങ്ങളെ തുടര്‍ന്ന് താരത്തെ തമിഴ് സിനിമാ സംഘടന വിലക്കുന്ന സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്.

ഇതിനിടെ ഇപ്പോഴിതാ വടിവേലുവിനെക്കുറിച്ചുള്ള നടി ആരതിയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ഇരുവരും ഒരുമിച്ച് നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ളവരാണ്. എന്നാല്‍ വടിവേലുവിനെതിരെ ഗുരുതര ആരോപണങ്ങളാണ് നേരത്തെ ആരതി ഉയര്‍ത്തിയത്. തന്നേക്കാള്‍ നന്നായി അഭിനയിക്കുന്നവരെ വളരാന്‍ വടിവേലു അനുവദിച്ചിരുന്നില്ലെന്നാണ് ആരതി പറയുന്നത്.
ആരും തന്നേക്കാള്‍ വളരുന്നത് വടിവേലുവിന് ഇഷ്ടമായിരുന്നില്ല. തനിക്കൊപ്പം അഭിനയിക്കുന്നവര്‍ നന്നായി അഭിനയിച്ചാല്‍ അവരെ വിളിച്ച് വടുവേലു അഭിനന്ദിക്കും. എന്നാല്‍ അവരുടെ സീന്‍ തന്നെ സിനിമയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടാകും എന്നാണ് ആരതി പറയുന്നത്. തനിക്കൊപ്പമുള്ളവര്‍ക്ക് മാത്രമാണ് താന്‍ അഭിനയിക്കുന്ന സിനിമകളില്‍ വടിവേലു അവസരം നല്‍കുക എന്നും ആരോപണമുണ്ട്.

നേരത്തെ 24ാം പുലികേശി എന്ന ചിത്രത്തില്‍ സംവിധായകന് തന്നേയും കോവൈ സരളയേയുമായിരുന്നു കാസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ ഇവര്‍ക്കൊപ്പം അഭിനയിക്കാനാകില്ലെന്ന് പറഞ്ഞ് വടിവേലു തങ്ങളെ ചിത്രത്തില്‍ നിന്നും ഒഴിവാക്കിപ്പിച്ചുവെന്നാണ് ആരതി ആരോപിക്കുന്നത്. അതേസമയം ആ സിനിമ നടന്നില്ലെന്നും വടിവേലുവിന്റെ മുഖംമൂടി അഴിഞ്ഞ് വീഴുകയും അയാളുടെ യഥാര്‍ത്ഥ മുഖം എല്ലാവരും കാണുകയും ചെയ്തെന്നും ആരതി പറയുന്നു. വടിവേലു ഒരു പാമ്പാണെന്നും ആരതി പറയുന്നു.
ഇത്തരം ആരോപണങ്ങളാണ് വടിവേലുവിന്റെ അവസരങ്ങള്‍ നഷ്ടമാകാനുള്ള കാരണങ്ങളില്‍ ഒന്ന്. എന്തായാലും നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ശക്തായി തന്നെ അദ്ദേഹം തിരികെ വന്നിരിക്കുകയാണ്. മാരി സെല്‍വരാജ് ആയിരുന്നു സിനിമയുടെ സംവിധാനം. ഉദയനിധി സ്റ്റാലിനും കീര്‍ത്തി സുരേഷും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. മാമന്നന് ശേഷം വടിവേലു അഭിനയിക്കുന്ന സിനിമ മാരീശന് ആണ്. ഫഹദ് ഫാസിലും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സുധീഷ് ശങ്കര്‍ ആണ് സിനിമയുടെ സംവിധാനം.
