അത് കൊണ്ട് തന്നെ ഒരുപിടി നല്ല വൈകാരിക നിമിഷങ്ങൾ അനുഭവിക്കാൻ, അടിയും തടയുമില്ലാത്ത ഒരു മാസ്സ് ആസ്വദിക്കാൻ “ഉയരെ” കാണാം , കാണണം – എടുത്തു പറയേണ്ട പ്രധാന ഘടകങ്ങൾ ഇതൊക്കെയാണ്

ചിത്രത്തിന്റെ പേര് പോലെ തന്നെ അക്ഷരാർത്ഥത്തിൽ ഉയരങ്ങളിലേക്ക് കുതിക്കുകയാണ് പാർവതി പ്രധാന കഥാപാത്രമായ പല്ലവി എന്ന പെൺകുട്ടിയെ അവതരിപ്പിക്കുന്ന ‘ഉയരെ ‘ എന്ന ചിത്രം .സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയം അതിന്റെ ആസ്വാദന നിലവാരം ഒട്ടും ചോരാതെ തന്നെ എഴുതുകയും മനു അശോകൻ എന്ന പുതുമുഖ സംവിധായകൻ അത് അതിലും മനോഹരമായി തന്നെ സ്‌ക്രീനിൽ എത്തിക്കുകയും ചെയ്തിരിക്കുന്നു ഉയരെ എന്ന ചിത്രത്തിലൂടെ .എല്ലാ മേഖലയിലും മികച്ചു നിൽക്കുന്ന ഒരു കലാസൃഷ്ടി തന്നെ ആണ് ഉയരെ. അത് അഭിനയം ആയാലും സംഗീതം ആയാലും എല്ലാം .എടുത്തു പറയേണ്ടത് പാർവ്വതിയുടെയും ആസിഫ് അലിയുടെയും ടോവിനോയുടെയും സിദ്ദിഖ്ന്റെയും പ്രകടനങ്ങൾ ആണ് .

.

മലയാള സിനിമ ലോകത്തിന്റെ നിറുകയിൽ അറിയപ്പെടുന്നത് ഇനി ഉയരെ എന്ന ചിത്രത്തിന്റെ പേരിൽ കൂടി ആകും. കാരണം അത്രക്ക് മികച്ച തിരക്കഥ , മികച്ച കാസ്റ്റിംഗ് , മികച്ച അഭിനേക്കൾ , മലയാളികൾ ഇന്ന് വരെ കാണാത്ത പ്രമേയം.സാമൂഹിക പ്രസക്തിയുള്ള ചിത്രങ്ങൾ പലപ്പോളും ആസ്വാദകരിൽ വലിയ ചലനമൊന്നും സൃഷ്ടിക്കാറില്ല . എന്നാൽ എന്താണോ പറയാൻ ഉദ്ദേശിച്ചത് , അത് കൃത്യമായി പ്രേക്ഷകരുടെ പൾസ്‌ അറിഞ്ഞു ബോറടിപ്പിക്കാതെ അവതരിപ്പിച്ചു ഉയരെ. വലിയ പ്രേക്ഷക പ്രീതി നേടി മുന്നേറുന്ന ഉയരെ എന്ന ചിത്രത്തെ പറ്റി ഫേസ്ബുക്കിൽ ഒരു പ്രമുഖ മൂവി റിവ്യൂ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ഇനങ്ങനെയാണ് –

2006ൽ സോഷ്യൽ മീഡിയയോ , സ്ത്രീപക്ഷ സിനിമകളുടെ ആവശ്യകതാ ചർച്ചകളൊന്നും അത്ര കണ്ട് പോപ്പുലർ അല്ലാത്ത സമയത്ത് തന്നെ ‘ബെക്ക്ഡൽ ടെസ്റ്റ്’ പാസാവുന്ന സിനിമയെടുത്ത തിരക്കഥാകൃത്തുകളാണ് ബോബി-സഞ്ജയ്. സിനിമാ എഴുത്ത് തുടങ്ങിയത് മുതൽ ഈ ഇരട്ട തിരക്കഥാകൃത്തുകളുടെ സിനിമകളിൽ വ്യക്തമായി സ്വാധീനം ചെലുത്തും വിധമുള്ള സ്ത്രീ കഥാപാത്രങ്ങൾ ഉണ്ടായിട്ടുമുണ്ട്.അതും അത്ര കണ്ട് മെയിൻ സ്ട്രീമിൽ കണ്ടിട്ടില്ലാത്ത സ്ത്രീ കഥാപാത്രങ്ങൾ. അങ്ങനെയുള്ളവരുടെ സിനിമയിൽ, ഒരു തരത്തിൽ കരിയറിൽ അവർ തിരിച്ചടി നേരിടുമ്പോഴാണ് മലയാളത്തിൽ ഇന്നുള്ളതിൽ വച്ചേറ്റവും മികച്ച നടിയെ കേന്ദ്ര കഥാപാത്രമാക്കി അവർ സിനിമയെടുക്കുന്നത്. അത് കൊണ്ട് തന്നെ “ഉയരെ”യുടെ വിജയം മലയാളത്തിൽ ഒരു സമയത്ത് മികച്ച രീതിയിൽ ഡ്രാമ എഴുതി കൊണ്ടിരുന്ന രണ്ട് പേരുടെ തിരിച്ച് വരവ് കൂടിയായാണ് കാണാനാവുന്നത്.

ഒരു സ്ത്രീ കേന്ദ്രീകൃത സിനിമയുടെ, ഒരു കേന്ദ്ര കഥാപാത്രത്തിൻ്റെ അതിജീവനത്തിൻ്റെ കഥ പറയുമ്പോൾ പ്രതീക്ഷിക്കേണ്ട /ആവശ്യമായ ശക്തമായ കഥാപാത്ര നിർമ്മിതിയും, ഡ്രാമാ എലമെൻ്റും , മികച്ച വൈകാരിക മുഹൂർത്തങ്ങളും ഉൾകൊള്ളുന്ന തിരക്കഥയെ, മലയാള സിനിമ കണ്ട് പരിചയിച്ച രീതിയിൽ തന്നെയാണ് നവാഗതനായ മനു അശോകൻ റെൻഡർ ചെയ്യുന്നതെങ്കിലും ,കഥാപരിസരത്തിന്റെ പുതുമ കാഴ്ച്ചയിൽ നൽകാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ കഥാപാത്രങ്ങളുടെ വൈകാരികത ഒപ്പിയെടുക്കുന്നതിൽ, പ്രധാന കഥാപാത്രങ്ങളുടെ പ്രകടനം മികച്ചതാക്കുന്നതിലും സംവിധായകൻ വിജയിച്ചിട്ടുണ്ടെന്ന് പറയാം, പ്രത്യേകിച്ച് അത് സിനിമയുടെ വിജയത്തിന് കാരണമാവുമ്പോൾ.

പാർവതി അവതരിപ്പിച്ച പല്ലവി എന്ന കഥാപാത്രത്തയല്ലാതെ, ആ കഥാപാത്രത്തോട് ചേർന്നല്ലാതെ നിലനിൽക്കുന്ന കഥാപാത്രങ്ങൾ ചുറ്റുമില്ലാത്തത് തിരക്കഥയുടെ കുറവായി കാണാൻ കഴിയുമെങ്കിലും(ടേക്ക് ഓഫിന് അങ്ങനെയൊരു പ്രശ്നം ഇല്ലായിരുന്നു), മലയാളത്തിലെ മെയിൽ ഓറിയന്റഡ് സിനിമകളിൽ അത് കണ്ടിട്ടുള്ളത് കൊണ്ട് വലിയ തെറ്റായി പറയാനാവുമെന്ന് തോന്നുന്നില്ല .അതിനൊപ്പം തന്നെ ചിലയിടങ്ങളിലെങ്കിലും പല്ലവിയുടെ കഥയ്ക്ക് ഗതിമാറ്റം കൊണ്ട് വരാൻ മാത്രമായി സൃഷ്ടിക്കപ്പെട്ട സീനുകൾ ഏച്ച് കെട്ടലായി തോന്നുന്നുമുണ്ട്. പക്ഷെ ഇതിനെയെല്ലാം കവച്ച് വെക്കും വിധം പല്ലവിയായി സ്ക്രീനിൽ തിളങ്ങിയ പാർവതിയെയും, ഒരു തരത്തിലുള്ള ഇമേജ് ഭാരങ്ങളുമില്ലാതെ ഒരു കഥാപാത്രത്തെ ഏറ്റെടുത്ത് മികച്ച രീതിയിൽ അവതരിപ്പിച്ച ആസിഫ് അലിയെയും, സ്ഥിരം സെൻ്റി ഹാങ്ങോവറില്ലാത്ത ഒരു അച്ഛൻ കഥാപാത്രത്തെ അവതരിപ്പിച്ച സിദ്ധീഖിനെയും കാണാൻ, ഒരുപിടി നല്ല വൈകാരിക നിമിഷങ്ങൾ അനുഭവിക്കാൻ, അടിയും തടയുമില്ലാത്ത ഒരു മാസ്സ് ആസ്വദിക്കാൻ ഉയരെ കാണാം , കാണണം..

ചിത്രത്തെ പറ്റി ഉള്ള ആ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ ഇങ്ങനെയാണ്

uyare movie facebook post

Abhishek G S :