മൂന്നാംകിട സിനിമയ്ക്ക് വേണ്ടി ഇവരെ എന്തിനാ കൊണ്ടുവന്നത്, ദേശീയ അവാര്‍ഡിന് പോയപ്പോഴുള്ള പരാമര്‍ശം വല്ലാതെ വേദനിപ്പിച്ചു; ഉര്‍വശി

നിരവധി ആരാധകരുള്ള താരമാണ് ഉര്‍വശി. ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നൊക്കെ വിളിക്കാന്‍ തുടങ്ങുന്നതിനും ഒരുപാട് കാലം മുമ്പ് അതുപോലെ സ്വാധീനമുണ്ടായിരുന്ന നായിക. സ്‌ക്രീനില്‍ ഉര്‍വ്വശിയ്ക്ക് അസാധ്യമായതായി ഒന്നുമുണ്ടായിരുന്നില്ല. ഏത് തരം വേഷവും ഉര്‍വ്വശിയ്ക്ക് ചേരും. സ്ഥിരം നായിക സങ്കല്‍പ്പങ്ങള്‍ക്ക് അപ്പുറത്തേക്ക് കടക്കുന്നതായിരുന്നു ഉര്‍വ്വശിയുടെ കഥാപാത്രങ്ങള്‍. അഭിനയ മികവില്‍ ഉര്‍വശിക്ക് പകരമായി മറ്റാരുമില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

ഇപ്പോഴിതാ ദേശീയ പുരസ്‌കാരത്തിന് തന്നെ പരിഗണിച്ചപ്പോള്‍ നേരിട്ട ഒരു അനുഭവം തന്നെ വിഷമിപ്പിച്ചിട്ടുണ്ടെന്ന് പറയുകയാണ് നടി. ഒരു സംവിധായകന്‍ പറഞ്ഞത് മൂന്നാംകിട സിനിമകള്‍ക്ക് എന്തിനാണ് അവാര്‍ഡ് കൊടുക്കുന്നത് എന്നാണ്. ഈ പരാമര്‍ശം തന്നെ വേദനിപ്പിച്ചെന്നും ഉര്‍വശി പറയുന്നു. നടിയുടെ വാക്കുകള്‍ ഇങ്ങനെ;

ദേശീയ അവാര്‍ഡിന് പോയപ്പോള്‍ അവിടെ ചില പ്രത്യേക തരത്തിലുള്ള സിനിമകള്‍ ചെയ്യുന്ന സംവിധായകര്‍ പറഞ്ഞു, ‘ഇവരെ എന്തിനാ കൊണ്ടുവന്നത്? ഈ രണ്ടാംകിട മൂന്നാംകിട സിനിമയ്ക്ക് വേണ്ടി ഇവരുടെ പെര്‍ഫോമന്‍സ് എന്തിനാണ് വേസ്റ്റ് ചെയ്യുന്നത്?’ എന്ന്. അത് എന്നെ വല്ലാതെ വേദനിപ്പിച്ചു.

കാരണം, പടം ചെയ്യുന്ന പ്രൊഡ്യൂസര്‍ നന്നാവാന്‍ പ്രാര്‍ഥിച്ചു കൊണ്ടാണ് നമ്മള്‍ ഷോട്ടില്‍ നില്‍ക്കുന്നത്. വാണിജ്യ സിനിമ എടുക്കുന്നത് നിസാര കാര്യമാണോ? അങ്ങനെ ഒരു അഭിപ്രായം ഒരിക്കലും പാടില്ല. അങ്ങനെ ഒരു കമന്റ് വന്നപ്പോള്‍ പിന്നെ ഞാന്‍ അത് മൈന്‍ഡ് ചെയ്യാതെയായി. ഇപ്പോഴും പറയുന്നു, പുരസ്‌കാരം കിട്ടിയാല്‍ സന്തോഷം. കിട്ടാത്തതിനെ കുറിച്ച് ഒരു വിഷമവും ഇല്ല.

കാരണം ഇന്ന് നിങ്ങളുടെ മുന്നില്‍ ഇരിക്കുന്ന എനിക്ക് കിട്ടിയ ഈ ജീവിതം ബോണസ് ആണ്. ഇതൊന്നും ഞാന്‍ ആഗ്രഹിച്ചു വന്നതല്ല. എല്ലാം കൊണ്ടും സന്തോഷമേ ഉള്ളൂ, ഒരു പരാതിയും ഇല്ല എന്നും നടി പറഞ്ഞു. ‘ഉള്ളൊഴുക്ക്’ സിനിമയുമായി ബന്ധപ്പെട്ട പ്രസ് മീറ്റിലാണ് നടി സംസാരിച്ചത്.

അതേസമയം, ഉള്ളൊഴുക്ക് എന്ന ചിത്രമാണ് നടിയുടേതായി പുറത്തെത്തിയ ചിത്രം. ഉര്‍വശിക്കൊപ്പം നടി പാര്‍വതിയും പ്രധാനവേഷത്തിലെത്തുന്നുണ്ട്. ജൂണ്‍ 21 ലാണ് ചിത്രം തിയേറ്ററിലെത്തിയത്. മികച്ച അഭിപ്രായം നേടി തിയേറ്ററില്‍ മുന്നേറുകയാണ്.

കൂടത്തായി കൊ ലപാതക സംഭവങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ ‘കറി& സയനൈഡ്’ എന്ന നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററി സംവിധാനം ചെയ്ത ക്രിസ്‌റ്റോ ടോമിയുടെ ആദ്യ ഫീച്ചര്‍ ഫിലിമാണ് ഉള്ളൊഴുക്ക്. ശക്തമായ കഥാപാത്രങ്ങളായി ഉര്‍വശിയും പാര്‍വതിയും എത്തുമ്പോള്‍ അലന്‍സിയര്‍, പ്രശാന്ത് മുരളി, അര്‍ജുന്‍ രാധാകൃഷ്ണന്‍, ജയാ കുറുപ്പ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Vijayasree Vijayasree :