ആ കാലത്തൊക്കെ ഭയങ്കരമായി പേഴ്‌സണൽ ലൈഫ് മിസ് ചെയ്തിട്ടുണ്ട് ; ഉർവ്വശി പറയുന്നു

മലയാള സിനിമാ നായികമാരില്‍​ ഒരു ‘ഓൾറൗണ്ടർ’ ഉണ്ടെങ്കില്‍ അതാണ്‌ ഉർവ്വശി എന്ന അഭിനേത്രി. കഥ ഹാസ്യമോ സീരിയസോ കണ്ണീരോ ആകട്ടെ, വേഷം എന്തായാലും അത് ഉർവ്വശിയുടെ കയ്യിൽ ഭദ്രമാണ്. മലയാള സിനിമയിലെ ഏറ്റവും റിയലിസ്റ്റിക് ആയ അഭിനയം കാഴ്ച വെയ്ക്കുന്ന അഭിനേത്രി കൂടിയാണ് ഉർവ്വശി എന്ന് വേണമെങ്കില്‍ പറയാം. പലപ്പോഴും അഭിനയം എന്നതിനേക്കാൾ, സ്ക്രീനിൽ ജീവിക്കുകയായിരുന്നു ഉർവ്വശിയുടെ കഥാപാത്രങ്ങൾ.

സിനിമാ കുടുംബത്തിൽ നിന്നുള്ള ഉർവ്വശി വളരെ പെട്ടന്നാണ് തെന്നിന്ത്യൻ സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയത്. ഉർവ്വശിയുടെ സഹോദരിമാരായ കൽപനയ്ക്കും കലാരഞ്ജിനിക്കും എത്താൻ കഴിയാത്ത ഉയരത്തിൽ എത്താൻ ഇവർക്ക് ശേഷം സിനിമയിലെത്തിയ ഉർവ്വശിക്ക് സാധിച്ചു. നാൽപത് വർഷം പിന്നിട്ട കരിയറിൽ ഏകദേശം 300 ൽ അധികം സിനിമകളിലാണ് ഉർവ്വശി അഭിനയിച്ചത്.

മലയാളത്തിൽ മാത്രം 150 ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് നടി. തമിഴിൽ 125 ലധികം സിനിമകളിലും തെലുങ്കിലും കന്നടയിലും ഹിന്ദിയിലുമായി അമ്പതിലധികം സിനിമകളും ഉർവ്വശിയുടെ ലിസ്റ്റിലുണ്ട്. നിരവധി പുരസ്കാരങ്ങളും ഇക്കാലയളവിൽ ഉർവ്വശിയെ തേടി എത്തിയിട്ടുണ്ട്. കേരളത്തിൽ നിന്നും അഞ്ച് തവണയാണ് മികച്ച നടിക്കുള്ള ചലച്ചിത്ര പുരസ്കാരം ഉർവശി നേടിയെടുത്തത്.

ഇതിൽ മൂന്ന് വർഷം തുടർച്ചയായിട്ടായിരുന്നു അവാർഡ് ലഭിച്ചത്. ഒരുകാലത്ത് നായികയായി തിളങ്ങിയ ഉർവ്വശി ഇപ്പോൾ കൂടുതലും അമ്മ വേഷങ്ങളിൽ ആണെത്തുന്നത്. നായികയായാലും അമ്മ വേഷമായാലും സഹനടി വേഷമായാലും അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിലാണ് ഉർവ്വശി എത്താറുള്ളത്.

അതേസമയം, ഈ മൂന്ന് നാല് ഭാഷകളിലായി ഓടി നടന്ന് അഭിനയിക്കുന്നതിനിടയിൽ വ്യക്തി ജീവിതത്തിൽ പല നഷ്ടങ്ങളും ഉർവശിക്ക് വന്നിട്ടുണ്ട്. തന്റെ പേഴ്സണൽ ലൈഫ് തനിക്ക് ഇതിനിടയിൽ മിസ് ചെയ്തിട്ടുണ്ട് എന്ന് ഉർവ്വശി തന്നെ ഒരിക്കൽ തുറന്നു പറഞ്ഞിട്ടുണ്ട്. ബിഹൈൻഡ്വുഡ്‌സ് മലയാളത്തിന് നൽകിയ ഒരു അഭിമുഖത്തിൽ ആയിരുന്നു ഉർവ്വശി ഒരിക്കൽ ഇക്കാര്യം പറഞ്ഞത്. ആ വാക്കുകൾ ഇപ്പോൾ വീണ്ടും ശ്രദ്ധനേടുകയാണ്.

മൂന്ന് നാല് സിനിമകളിൽ ഓടി നടന്ന് അഭിനയിക്കുന്ന കാലമായതിനാൽ ചേച്ചിയുടെ കല്യാണത്തിന് മുഹൂർത്തത്തിന് കുറച്ചു മുൻപാണ് എത്തിയതെന്നും ആ കാലത്തൊക്കെ ഭയങ്കരമായി പേഴ്‌സണൽ ലൈഫ് മിസ് ചെയ്തിട്ടുണ്ടെന്നുമാണ് ഉർവ്വശി പറഞ്ഞത്. എന്നാൽ ഇപ്പോൾ വേണ്ടെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ഉർവ്വശി പറയുന്നു.’തീർച്ചയായിട്ടും. എനിക്ക് എല്ലാ കാലഘട്ടത്തിലും പേഴ്‌സണൽ ലൈഫ് മിസ് ചെയ്യുന്നതായി തോന്നിയിട്ടുണ്ട്. എന്റെ ചേച്ചിയുടെ കല്യാണത്തിനൊക്കെ മുഹൂർത്തത്തിന് തൊട്ടു മുൻപാണ് ഞാൻ മണ്ഡപത്തിലേക്ക് എത്തിയത്. അതെന്താണ് കാര്യമെന്ന് വെച്ചാൽ അന്ന് അങ്ങനെയേ പറ്റുകയുള്ളു. ഒരു ദിവസം മൂന്ന് പടവും നാല് പടവും ഒക്കെയാണ് ചെയ്തിരുന്നത്. അതിലൊന്നും എനിക്ക് വിഷമം ഒന്നുമില്ല,’

ഇപ്പോൾ മാറി. കുഞ്ഞിന് അവധിയുള്ള ദിവസം അന്ന് നമ്മൾ പോകില്ലെന്ന് തീരുമാനിക്കും. സിനിമയ്ക്ക് അങ്ങനെയൊരു ഗുണം കൂടിയുണ്ട്. ഈ സമയത്ത് ചെയ്യേണ്ട എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം കൂടി നമ്മുക്കുണ്ട്. അല്ലാതൊരു ജോലിയിൽ പോയാൽ അങ്ങനെ പറ്റത്തില്ലല്ലോ,’ ഉർവശി പറഞ്ഞു.

അതേസമയം, ദിലീപ് നായകനായ കേശു ഈ വീടിന്റെ നാഥൻ എന്ന സിനിമയിലാണ് ഉർവ്വശി അവസാനമായി അഭിനയിച്ചത്. മലയാളത്തിലും തമിഴിലുമായി എട്ടിലധികം സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്. ഈ വർഷം മാത്രം അഞ്ചിലധികം സിനിമകൾ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. മലയാളത്തിലും ശ്രദ്ധയ വേഷങ്ങളിൽ നടി വരുന്നതിനായി കാത്തിരിക്കുകയാണ് ആരാധകർ.

AJILI ANNAJOHN :