സഹോദരന്റെ മരണ ശേഷം അവന്റെ ക്ലാസിലെ ആറേഴ് കുട്ടികള്‍ അടുപ്പിച്ച് ആ ത്മഹത്യ ചെയ്തിരുന്നു; അവരുടെ വിഷമം തിരിച്ചറിഞ്ഞിരുന്നെങ്കില്‍ പരിഹരിക്കാന്‍ പറ്റുമായിരുന്നുവെന്ന് ഉര്‍വശി

തെന്നിന്ത്യന്‍ സിനിമയില്‍ നിരവധി ആരാധകരുളള നായികമാരില്‍ ഒരാളാണ് നടി ഉര്‍വ്വശി. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി ശ്രദ്ധേയ സിനിമകളിലാണ് ഉര്‍വ്വശി അഭിനയിച്ചത്. സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായുളള ഉര്‍വ്വശി ചിത്രങ്ങള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചു. വിവാഹ ശേഷവും അഭിനയ രംഗത്ത് സജീവമായ താരം സഹനടിയായും കേന്ദ്രകഥാപാത്രമായുളള സിനിമകളിലും എത്തിയിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെല്ലാം സജീവമായിരുന്നു താരം. ഏത് തരം കഥാപാത്രങ്ങളായാലും തന്റെ അനായാസ അഭിനയം കൊണ്ട് ഉര്‍വ്വശി മികവുറ്റതാക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം തമിഴിലും മലയാളത്തിലുമായി ശ്രദ്ധേയ പ്രകടനമാണ് നടി സിനിമകളില്‍ കാഴ്ചവെച്ചത്.

കരിയറിനൊപ്പം ഉര്‍വശി ജീവിതത്തില്‍ പല ഘട്ടങ്ങളും കടന്ന് പോയിട്ടുണ്ട്. സഹോദരി കല്‍പ്പനയുടെ മരണം ഉര്‍വശിയെ ഏറെ ബാധിച്ചു. ഇതിന് മുമ്പ് ഉര്‍വശിയെയും കുടുംബത്തെയും ഏറെ വിഷമിപ്പിച്ച സംഭവം സഹോദരന്‍ പ്രിന്‍സിന്റെ ആത്മഹത്യയാണ്. അപ്രതീക്ഷിതമായ ഈ വിയോഗം ഉള്‍ക്കൊള്ളാന്‍ ഉര്‍വശിക്കും കുടുംബത്തിനും സമയമെടുത്തു. ഇതേക്കുറിച്ച് മുമ്പൊരിക്കല്‍ ഉര്‍വശി പറഞ്ഞ വാക്കുകള്‍ വീണ്ടും ശ്രദ്ധ നേടുകയാണ്.

അനിയന്റെ മരണം ഇപ്പോഴും വിഷമിപ്പിക്കുന്നുണ്ടെന്നും അന്ന് ഉര്‍വശി തുറന്ന് പറഞ്ഞു. ആ ത്മഹത്യക്കുള്ള കാരണത്തെക്കുറിച്ചും ഉര്‍വശി സംസാരിച്ചു. പതിനേഴ് വയസായിരുന്നു. അത് വല്ലാത്തൊരു പ്രായമാണല്ലോ. എനിക്ക് അധികാരം സ്ഥാപിക്കാനും എന്റെ മോനെപ്പോലെ നോക്കാന്‍ കിട്ടിയതും ഏറ്റവും ഇളയ അനിയനെയാണ്. ബാക്കി രണ്ട് ചേച്ചിമാരും മൂത്തതാണ്. എന്റെ ആദ്യത്തെ മകനും അവനാണ്.

എന്തിന് ഇങ്ങനെയൊരു മരണം ഉണ്ടായി എന്നതില്‍ ഇപ്പോഴും നമുക്ക് വലിയ ധാരണ ഇല്ല. എന്നെ മാത്രമല്ല, കുടുംബത്തിലെ എല്ലാവരെയും ബാധിച്ചു. കല ചേച്ചി ഏഴ് മാസം ഗര്‍ഭിണിയായിരുന്നപ്പോഴാണ് മരണം. സ്‌കാനിംഗില്‍ പെണ്‍കുട്ടി ആണെന്നാണ് പറഞ്ഞത്. പക്ഷെ രണ്ട് മാസം കഴിഞ്ഞ് പ്രസവിച്ചത് ആണ്‍കുട്ടിയാണ്. അവനാണ് വന്ന് ജനിച്ചത് എന്ന് ചിന്തിച്ച് ഞങ്ങളെല്ലാവരും അതിലേക്ക് അങ്ങ് മാറി.

ആ ക്ലാസിലെ ആറേഴ് കുട്ടികള്‍ അടുപ്പിച്ച് മൂന്ന് മാസത്തിനുള്ളില്‍ ആ ത്മഹത്യ ചെയ്യുകയായിരുന്നു. എന്തോയൊന്നില്‍ അവര്‍ പെട്ടിരിക്കാമെന്ന് ഊഹിക്കുന്നു. അവരുടെ വിഷമം തിരിച്ചറിഞ്ഞിരുന്നെങ്കില്‍ പരിഹരിക്കാന്‍ പറ്റുമായിരുന്നിരിക്കാം. മരണം നടക്കുമ്പോള്‍ ഞങ്ങള്‍ തിരുവനന്തപുരത്തായിരുന്നു. തിരുവനന്തപുരത്ത് നിന്നും മദ്രാസിലേക്ക് അമ്മയെ ഒന്നും അറിയാക്കാതെ കൊണ്ട് പോകുന്നത് വരെയുള്ള സമയം അന്നത്തെ എന്റെ പ്രായത്തിന് താങ്ങാവുന്നതായിരുന്നില്ലെന്നും ഉര്‍വശി ഓര്‍ത്തു.

സഹോദരന്റെ മരണ ശേഷമുണ്ടായ സംഭവത്തെക്കുറിച്ചും ഉര്‍വശി നേരത്തെ സംസാരിച്ചിട്ടുണ്ട്. പ്രിന്‍സിന്റെ മരണം കഴിഞ്ഞ് 41 പോലും കഴിയാതെ പത്തിരുപത് ദിവസത്തിനുള്ളില്‍ സ്‌റ്റേജ് ഷോയ്ക്ക് ഗള്‍ഫില്‍ പോവുകയാണ്. ആ പ്രോഗ്രാമിന് ഞാനും കല്‍പ്പന ചേച്ചിയും ജഗതി ശ്രീകുമാറും മാത്രമേയുള്ളൂ. ഞങ്ങളെ മാത്രം വിശ്വസിച്ചാണ് ആ പ്രോഗ്രാം. ഭീകരമായ അനുഭവമായിരുന്നു അത്.

സ്‌റ്റേജില്‍ കോമഡി ചെയ്യുമ്പോള്‍ പിറകില്‍ റൂമില്‍ അമ്മയുണ്ട്. ആരെങ്കിലും വന്ന് അനിയന്റെ കാര്യം ചോദിച്ചാല്‍ അമ്മ കരയുമോ എന്നായിരുന്നു സ്‌റ്റേജില്‍ ഞങ്ങളുടെ ടെന്‍ഷന്‍. ഒരാളെ അവിടെ നിര്‍ത്തിയിട്ടുണ്ട്. മനസിന്റെ ഒരു ഭാഗത്ത് ഈ ദുഖമല്ലാതെ മറ്റൊന്നുമില്ല. ഞങ്ങളേക്കാള്‍ ഏറ്റവും ഇളയതാണ് അവനെന്നും ഉര്‍വശി അന്ന് ചൂണ്ടിക്കാണിച്ചു.

കല്‍പ്പനയുടെ മരണമാണ് ഉര്‍വശിയെ ഏറെ ബാധിച്ച മറ്റൊരു സംഭവം. കല്‍പ്പനയുടെ പ്രിയപ്പെട്ട അനുജത്തിയായിരുന്നു ഉര്‍വശി. വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും കല്‍പ്പനയെ മറക്കാന്‍ സിനിമാ പ്രേക്ഷകര്‍ക്കും കഴിഞ്ഞിട്ടില്ല. കല്‍പ്പനയുടെ മകള്‍ ശ്രീമയി ഇതിനകം സിനിമാ രംഗത്ത് സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഉര്‍വശി ഇന്നും സിനിമാ രംഗത്ത് സജീവ സാന്നിധ്യമാണ്.

റാണി ദ റിയല്‍ സ്‌റ്റോറിയാണ് ഉര്‍വ്വശിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. അയ്യര്‍ ഇന്‍ അറേബ്യ, ഉള്ളൊഴുക്ക്, ഹെര്‍ തുടങ്ങിയ സിനിമകളാണ് ഉര്‍വ്വശിയുടേതായി മലയാളത്തില്‍ പുറത്തിറങ്ങാനുള്ളത്. പിന്നാലെ തമിഴിലും നിരവധി സിനിമകള്‍ അണിയറയിലുണ്ട്. കഴിഞ്ഞ ദിവസം മകനും മകള്‍ക്കുമൊപ്പമുള്ള ഉര്‍വ്വശിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

Vijayasree Vijayasree :