ആ സുദിനം വന്നെത്തി, വിദേശത്തു നിന്നും മകൻ അമ്മയെ കാണാൻ വരുന്ന ആവേശമായിരുന്നു എനിക്ക്..കാണികൾക്കിടയിലൂടെ ഓടി വന്നു വേദിയിൽ കയറിയ നവനീതിനെ നിറഞ്ഞ സദസ്സ് സ്വീകരിച്ചു; കുറിപ്പുമായി ഊർമ്മിള ഉണ്ണി

നടി ഊര്‍മ്മിള ഉണ്ണി പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. തനിക്കേറെ പ്രിയപ്പെട്ട ഗായകനായ നവനീത് ഉണ്ണിക്കൃഷ്ണനെ പരിചയപ്പെട്ടതിന്റെ വിശേഷങ്ങളാണ് നടി പങ്കിട്ടത്. നവനീതിനൊപ്പമുള്ള ചിത്രവും പങ്കുവെച്ചിരുന്നു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട നവനീതിനെ നേരില്‍ കാണാനും പാട്ടുകള്‍ ആസ്വദിക്കാനും കഴിഞ്ഞതിന്റെ സന്തോഷമാണ് ഊര്‍മ്മിള ഉണ്ണി പങ്കുവെച്ചത്.

ഫേസ്ബുക്കിലൂടെയാണ് നവനീത് എന്ന ഗായക ബാലനെ പരിചയപ്പെടുന്നത് .പാട്ടുകൾ കേട്ടുകേട്ട് എന്നെങ്കിലും ഈ മോനെ ഒന്നു പരിചയപ്പെടണമെന്ന് വല്ലാത്ത മോഹം തോന്നി. സംഗീത പ്രിയരായ സുഹൃത്തുക്കൾക്കെല്ലാം ഞാൻ ഇയാളുടെ വീഡിയോകൾ അയച്ചുതുടങ്ങി. അങ്ങ് അമേരിക്കയിൽ താമസിക്കുന്ന കുട്ടി കേരളത്തിൽ വരാൻ കാത്തിരിക്കുകയായിരുന്നു ഞാൻ.

അങ്ങിനെ ആ സുദിനം വന്നെത്തി. വിദേശത്തു നിന്നും മകൻ അമ്മയെ കാണാൻ വരുന്ന ആവേശമായിരുന്നു എനിക്ക് . 6 മണിയുടെ സംഗീത വിരുന്നിനു് 5 മണിക്കേ തൃപ്പൂണിത്തുറ ജെടി പാർക്കി ൽ കയറി സ്ഥലം പിടിച്ചു. കാണികൾക്കിടയിലൂടെ ഓടി വന്നു വേദിയിൽ കയറിയ നവനീതിനെ നിറഞ്ഞ സദസ്സ് വലിയ കരഘോഷത്തോടെ സ്വീകരിച്ചു.

അമേരിക്കൻ ആക്സന്റിൽ ഇംഗ്ലീഷിലുള്ള സംസാരം. മലയാളമേ പറയുന്നില്ല. പക്ഷെ ആദ്യം പാടിത്തുടങ്ങിയ “പൊൽ തിങ്കൾക്കല പൊട്ടു തൊട്ട ത് ഹിമവൽ ശൈലാഗ്രത്തിലല്ല; കേട്ടിരുന്ന ഓരോരുത്തരുടെയും മനസ്സിലായിരുന്നു. നാദബ്രഹ്മത്തിൻ സാഗരം നീന്തിത്തുടിച്ചത് എൻ്റെ നെഞ്ചിലായിരുന്നു. കാരണം സരസ്വതീയാമം കഴിഞ്ഞ് അഗ്നി കിരീടം ചൂടി ആശ്വാരൂഢനായി സ്വരങ്ങളിൽ നിന്നു സ്വരങ്ങളിലേക്ക്. രാഗങ്ങളിൽ നിന്നു രാഗങ്ങളിലേക്ക് നിഷ്പ്രയാസം അതിമനോഹരമായി ഗാനമാലപിക്കുന്ന ഇതുപോലൊരു മകനെ ഏതമ്മയാണ് കൊതിക്കാത്തത് ?

ആ തണുത്ത മുറിയിൽ നീ പാതിയിൽ പാടി നിർത്തിയ ഇലഞ്ഞിപ്പൂമണം എന്നിൽ നിറഞ്ഞു കവിയുകയായിരുന്നു .താവകാത്മാവിനുള്ളിലെ നിത്യദാഹമാകാൻ അവിടെയിരുന്ന ഓരോ പെൺകുട്ടികളും മോഹിച്ചിരിക്കും. പരിപാടി കഴിഞ്ഞിട്ടും നിന്നെ നോക്കി കൊതിതീരാതെ നെഞ്ചു വിങ്ങിപൊട്ടിക്കൊണ്ട് പുറത്തേക്കു നടക്കുമ്പോഴും ഭാഗ്യം ചെയ്ത ആ അച്ഛനമ്മമാരെ നമിച്ചു. മടക്കയാത്രയിലും വെറുതെ ആഗ്രഹിച്ചു , അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ എന്ന്. നവനീതും , സംഗീതസ്വരങ്ങളും ,താള ഭേദങ്ങളും ഒക്കെ മനസ്സുനിറഞ്ഞു കവിയുമ്പോൾ ഓർത്തു .. “നിങ്ങളീ ഭൂമിയിൽ ഇല്ലാതിരുന്നെങ്കിൽ നിശ്ചലം ശൂന്യമീ ലോകം എന്നുമായിരുന്നു കുറിപ്പ്.

Noora T Noora T :