ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പര്‍താരത്തിന്റെ, അയ്യപ്പന്റെ സിനിമയാണ്; ഉണ്ണി മുകുന്ദന്‍

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ഉണ്ണി മുകുന്ദന്‍ കേന്ദ്ര കഥാപാത്രമായി എത്തിയ മാളികപ്പുറം എന്ന ചിത്രം റിലീസിനെത്തിയത്. ഇതിനോടകം തന്നെ ചിത്രത്തെ പ്രശംസിച്ച് നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം മാളികപ്പുറം സിനിമയുടെ താരങ്ങളും അണിയറപ്രവര്‍ത്തകരും പന്തളം ക്ഷേത്രത്തിലെത്തിയിരുന്നു.

ചിത്രം തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരവേയാണ് ഉണ്ണി മുകുന്ദനും ബാലതാരങ്ങളും അടക്കമുള്ളവര്‍ പന്തളത്തെത്തിയത്. ക്ഷേത്രദര്‍ശനത്തിനെത്തിയവരടക്കം നിരവധി പേര്‍ ചേര്‍ന്ന് ഇവരെ സ്വീകരിച്ചു.

ആരാധ്യദേവനായ അയ്യപ്പനെ കാണാന്‍ എട്ടുവയസുകാരി നടത്തുന്ന യാത്രയുടെ കഥ പറയുന്ന ചിത്രമാണ് മാളികപ്പുറം. കേരളത്തിന്റെ എല്ലാ ഭാഗത്തുമുള്ള ഷോകള്‍ ഹൗസ്ഫുള്ളാണെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പര്‍താരത്തിന്റെ, അയ്യപ്പന്റെ സിനിമയാണ്. അത് അങ്ങനെത്തന്നെയാവേണ്ടതായിരുന്നുവെന്നും ഉണ്ണി കൂട്ടിച്ചേര്‍ത്തു.

സിനിമയ്ക്ക് ലഭിക്കുന്ന സ്വീകാര്യതയില്‍ ബാലതാരങ്ങളായ ശ്രീപഥ്, ദേവനന്ദ എന്നിവരും സന്തോഷം പങ്കുവെച്ചു. പന്തളം കൊട്ടാരം നിര്‍വാഹകസംഘം പ്രസിഡന്റ് പി.ജി. ശശികുമാരവര്‍മയുടെ നേതൃത്വത്തില്‍ സിനിമാ പ്രവര്‍ത്തകരെ ആദരിച്ചു. തുടര്‍ന്ന് ക്ഷേത്രത്തിലെ അന്നദാനം ഉണ്ണി മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു.

നേരത്തേ സിനിമയുടെ ചിത്രീകരണ വിശേഷങ്ങള്‍ അറിയുന്നതിന് പന്തളം കൊട്ടാരം പ്രതിനിധികള്‍ എരുമേലിയില്‍ എത്തിയിരുന്നു. കുഞ്ഞിക്കൂനന്‍ മിസ്റ്റര്‍ ബട്ടലര്‍ തുടങ്ങി മികച്ച ചിത്രങ്ങള്‍ സംവിധാനം ചെയ്ത് ശ്രദ്ധേയനായ ശശിശങ്കറിന്റെ മകന്‍ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് ‘മാളികപ്പുറം’. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റേയും കഥ പറയുന്ന ചിത്രമാണ് ‘മാളികപ്പുറം’.

വേണു കുന്നപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യാ ഫിലിംസിന്റെയും ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയായുടേയും ബാനറില്‍ പ്രിയ വേണു, നീറ്റാ ആന്റോ എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത് . ഉണ്ണി മുകുന്ദന്‍, സൈജു കുറുപ്പ് ,മനോജ് കെ ജയന്‍, ഇന്ദ്രന്‍സ്, സമ്ബത്ത് റാം, രമേഷ് പിഷാരടി, ആല്‍ഫി പഞ്ഞിക്കാരന്‍ എന്നിവര്‍ക്കൊപ്പം ദേവനന്ദ എന്ന പുതുമുഖമാണ് കല്യാണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

‘കടാവര്‍’, ‘പത്താം വളവ്’, ‘നൈറ്റ്‌ ്രൈഡവ്’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അഭിലാഷ് പിള്ളയുടേതാണ് തിരക്കഥ. സന്തോഷ് വര്‍മ്മയുടെ ഗാനങ്ങള്‍ക്ക് രഞ്ജിന്‍ രാജ് ഈണം പകര്‍ന്നു. വിഷ്ണു നാരായണന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ഈ ചിത്രത്തിന്റെ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നത് സംവിധായകന്‍ വിഷ്ണു ശശിശങ്കര്‍ തന്നെയാണ്. അതേസമയം, ഇത്രയും വിവാദങ്ങള്‍ക്കിടയിലും തമിഴ് തെലുങ്ക് പതിപ്പുകള്‍ റിലീസിന് ഒരുങ്ങുകയാണ്. തമിഴ് തെലുങ്ക് പതിപ്പുകള്‍ ജനുവരി ആറിന് പ്രദര്‍ശനത്തിന് എത്തും.

Vijayasree Vijayasree :