കുഞ്ഞിക്കൂനൻ മിസ്റ്റർ ബട്ടലർ തുടങ്ങി മികച്ച ചിത്രങ്ങൾ സംവിധാനം ചെയ്ത് ശ്രദ്ധേയനായ ശശിശങ്കറിന്റെ മകൻ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് ‘മാളികപ്പുറം’. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റേയും കഥ പറയുന്ന ചിത്രമാണ് ‘മാളികപ്പുറം’.
ഈ ചിത്രത്തിലൂടെ ശ്രദ്ധേയനായ കുട്ടി താരമാണ് ശ്രീപഥ്. 70-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ബാലതാരത്തിനുള്ള പുരസ്കാരം ശ്രീപതിന് സ്വന്തമായിരിക്കുകയാണ്. ഈ വേളയിൽ ശ്രീപഥിന് ആശംസകളുമായി എത്തിയിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ. ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഉണ്ണി അഭിനന്ദനം അറിയിച്ചത്.
അയ്യപ്പ സ്വാമിയുടെ അനുഗ്രഹത്താൽ, പ്രിയപ്പെട്ട ശ്രീപഥ് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം നേടിയിരിക്കുകയാണ്. ഒരുപാട് സന്തോഷം എന്നാണ് ഉണ്ണി മുകുന്ദൻ കുറിച്ചത്. ശ്രീപഥിനൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. മാളികപ്പുറം എന്ന സിനിമയിൽ പിയൂഷ് ഉണ്ണി എന്ന കഥാപാത്രത്തെയാണ് ശ്രീപഥ് അവതരിപ്പിച്ചത്.
മാളികപ്പറം ചിത്രത്തിൽ ഉണ്ണിമുകുന്ദനും കല്ലുവും തന്ന പിന്തുണ വളരെ വലുതായിരുന്നുവെന്ന് ശ്രീപഥ് നേരത്തെ പറഞ്ഞിരുന്നു. ചിത്രത്തിൽ താരത്തിന്റെ അച്ഛനും ചെറിയൊരു പൊലീസ് വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. കുമാരി എന്ന സിനിമയ്‌ക്ക് ശേഷം ശ്രീപഥ് അഭിനയിച്ച സിനിമയാണ് മാളികപ്പുറം.