ലോക്‌സഭ തിരഞ്ഞെടുപ്പ്; കേരളത്തില്‍ സര്‍െ്രെപസ് നീക്കവുമായി ബിജെപി; കേരളത്തിലെ സ്ഥാനാര്‍ത്ഥികളായി നടന്‍ ഉണ്ണി മുകുന്ദനും കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനും?!

ഈ വര്‍ഷം നടക്കാനിരിക്കുന്ന നിര്‍ണായകമായ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ സര്‍െ്രെപസ് നീക്കവുമായി ബിജെപി. നടന്‍ ഉണ്ണി മുകുന്ദനെയും കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനെയും കേരളത്തില്‍ മത്സരിപ്പിക്കാനാണ് ബിജെപിയുടെ നീക്കമെന്ന് സൂചനയുണ്ട്. ഈ മാസം തന്നെ കേരളത്തിലെ ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ട്.

ഇത്തവണ രണ്ടും കല്‍പ്പിച്ചാണ് ബിജെപി കേരളത്തില്‍ അങ്കത്തിനിറങ്ങുന്നത്. ഏറെ നിര്‍ണായകമായ പത്തനംതിട്ട മണ്ഡലത്തില്‍ ഉണ്ണി മുകുന്ദനെ കളത്തിലിറക്കാനാണ് ബിജെപി പദ്ധതിയിടുന്നത്. എന്നാല്‍, നിര്‍മ്മല സീതാരാമന്‍ എവിടെ മത്സരിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് തിരുവനന്തപുരത്ത് ശശി തരൂരിനെതിരെ നിര്‍മ്മല സീതാരാമന്‍ മത്സരിച്ചേക്കും. എന്നാല്‍, ഇരുവരുടെയും സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് പാര്‍ട്ടിയില്‍ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല.

അതേസമയം, സുരേഷ് ഗോപി തൃശൂരില്‍ തന്നെ മത്സരിക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. തൃശൂര്‍ കേന്ദ്രീകരിച്ചുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആവര്‍ത്തിച്ചുള്ള തൃശൂര്‍ സന്ദര്‍ശനങ്ങളും ഇക്കാര്യം വ്യക്തമാക്കുന്നതാണ്. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി ഈ മാസം 16ന് തൃശൂരില്‍ എത്തുന്നുണ്ട്. ഗുരുവായൂര്‍ അദ്ദേഹം ദര്‍ശനവും നടത്തും.

മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരനാണ് ബിജെപിയുടെ മറ്റൊരു കരുത്തനായ സ്ഥാനാര്‍ത്ഥി. കേന്ദ്രമന്ത്രി വി മുരളീധരന്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടാന്‍ സാധ്യതയുണ്ട്. പാര്‍ട്ടിയ്ക്ക് ശക്തമായ സ്വാധീനമുള്ള തിരുവനന്തപുരത്ത് നിര്‍മ്മല സീതാരാമന് പുറമെ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍, രാജീവ് ചന്ദ്രശേഖര്‍ എന്നിവരുടെ പേരുകളും ഉയര്‍ന്നുവരുന്നുണ്ട്.

Vijayasree Vijayasree :