രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചാല്‍ എന്തിന് അത് ഉപേക്ഷിക്കണം?; ഉണ്ണി മുകുന്ദന്‍

മലയാളികള്‍ക്കേറെ പ്രിയങ്കരനാണ് ഉണ്ണിമുകുന്ദന്‍. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. വ്യക്തമായ രാഷ്ട്രീയ അഭിപ്രായങ്ങള്‍ തുറന്ന് പറയാറുള്ള നടന്റെ വാക്കുകള്‍ പലപ്പോഴും സൈബര്‍ ആക്രമണങ്ങള്‍ക്കും കാരണമാകാറുണ്ട്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ രാഷ്ട്രീയം ഒരു മോശപ്പെട്ട കാര്യമായി തോന്നുന്നില്ലെന്ന് പറയുകയാണ് നടന്‍.

രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചാല്‍ എന്തിന് അത് ഉപേക്ഷിക്കണമെന്നും നടന്‍ ചോദിച്ചു. രാഷ്ട്രീയത്തില്‍ പ്രവേശിക്കുമോയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു. രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ അവസരം കിട്ടിയാല്‍ എന്തിന് വേണ്ടായെന്ന് വെയ്ക്കണം. രാഷ്ട്രീയം ഒരു മോശപ്പെട്ട കാര്യമല്ല. രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നത് സേവനമാണ്.

വ്യത്യസ്ത രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ ഉണ്ടാകുന്നത് നല്ലതാണ്. തമിഴ്‌നാട്ടിലെ അണ്ണാമലൈ, അദ്ദേഹത്തോട് ബഹുമാനമാണ്. ഐപിഎസുകാരനായ അദ്ദേഹം രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ രാഷ്ട്രീയത്തിലിറങ്ങി. അങ്ങനെയുള്ള ആളുകളല്ലേ രാഷ്ട്രീയത്തില്‍ ഇറങ്ങേണ്ടത്. ചെറുപ്പത്തില്‍ അടല്‍ ബിഹാരി വാജ്‌പേയിയെ ഭയങ്കര ഇഷ്ടമായിരുന്നു. അദ്ദേഹം ഒരു കവിയായിരുന്നു. അദ്ദേഹത്തെ കവിയെന്ന നിലയിലായിരുന്നു ഞാന്‍ ആദ്യം അറിഞ്ഞത്.

പിന്നീടാണ് രാഷ്ട്രീയക്കാരനാണെന്ന് അറിയുന്നത്. ഞാന്‍ പാര്‍ലമെന്റ് സെഷന്‍സ് കേട്ടത് പുള്ളിയുടെ കാലത്താണ്. പ്രമോദ് മഹാജനെ എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു. കേരളത്തില്‍ ഷാഫി പറമ്പിലിനെ എനിക്ക് ഇഷ്ടമാണ്. തിരഞ്ഞെടുപ്പില്‍ പ്രചരണത്തിന് ഇറങ്ങാന്‍ ഉദ്ദേശമില്ല. ഇപ്പോള്‍ നന്നായി ചെയ്യുന്നത് സിനിമയാണ്. കുട്ടികള്‍ക്ക് രാഷ്ട്രീയ ബോധം ഉണ്ടായിരിക്കണം, പക്ഷേ രാഷ്ട്രീയമായി ആക്ടീവാകാന്‍ പാടില്ല’, എന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

ഇന്ത്യയ്ക്ക് പകരം ഭാരതം എന്ന് വിളിക്കുന്നത് സംബന്ധിച്ച ചോദ്യത്തിന് മറുപടി ഇങ്ങനെ ‘ഭരണഘടനയില്‍ ഭാരതമെന്നും ഇന്ത്യയെന്നും ഉണ്ട്. രണ്ടായാലും പ്രശ്‌നമില്ല. ഭരണഘടനയില്‍ രണ്ടും പറഞ്ഞിട്ടുണ്ടല്ലോ. ഭാരതം എന്ന് കേള്‍ക്കാന്‍ രസമുണ്ട്. ബ്രിട്ടീഷുകാരാണ് ഇന്ത്യ എന്ന പേരിട്ടത്’. അയോധ്യയില്‍ എന്തിനാണ് വിശ്വാസികള്‍ പോകാതിരിക്കുന്നതെന്നും ഉണ്ണി ചോദിച്ചു.

‘അയോധ്യയില്‍ ഒരു അമ്പലം ഉണ്ടായിരുന്നു. അത് കഴിഞ്ഞ് പള്ളി വന്നു, പള്ളി പൊളിച്ചത് സങ്കടകരമായ കാര്യമാണ്. പക്ഷേ വീണ്ടും ക്ഷേത്രം വരാന്‍ വേണ്ടിയുള്ള സംഭവമാണ്. കോടതി അക്കാര്യത്തില്‍ വിധി പറഞ്ഞു. മുസ്ലീങ്ങള്‍ക്ക് പള്ളി പണിയാന്‍ സ്ഥലവും കൊടുത്തു. അയോധ്യയില്‍ പോകാന്‍ പാടി്‌ല്ലെന്ന് ഉണ്ടോ? ആര്‍ക്കും അവിടെ പ്രശ്‌നമല്ല. മനസില്‍ വൈരാഗ്യം വെച്ച് മുന്നോട്ട് പോകണമെന്നാണോ പറയുന്നത്? അയോധ്യയില്‍ എല്ലാവരും പോകണം. എന്തുകൊണ്ട് പോയിക്കൂട? ഞാന്‍ മനസിലാക്കുന്നത് അനുസരിച്ച് സിഎഎ മുസ്ലീം വിരുദ്ധമല്ലല്ലോ. പാക്കിസ്ഥാനില്‍ നിന്ന് വരുന്ന മുസ്ലീങ്ങള്‍ ന്യൂനപക്ഷമല്ലല്ലോ, ഹിന്ദുക്കളല്ലേ ന്യൂനപക്ഷം’, എന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

Vijayasree Vijayasree :