ഉണ്ണി മുകുന്ദനും സംവിധായകന്‍ വിഷ്ണു മോഹനും പശ്ചിമ ബംഗാള്‍ ഗവര്‍ണറുടെ എക്‌സലന്‍സ് പുരസ്‌കാരം

നടന്‍ ഉണ്ണി മുകുന്ദനും സംവിധായകന്‍ വിഷ്ണു മോഹനും പശ്ചിമ ബംഗാള്‍ ഗവര്‍ണറുടെ എക്‌സലന്‍സ് പുരസ്‌കാരം സമ്മാനിച്ചു. ഞായറാഴ്ച കൊച്ചിയില്‍ നടന്ന പരിപാടിയിലായിരുന്നു സമ്മാനദാനം. എളമക്കര ഭാസ്‌കരീയം കണ്‍വന്‍ഷന്‍ സെന്ററില്‍ വിശ്വ സംവാദ് കേന്ദ്ര സംഘടിപ്പിച്ച സോഷ്യല്‍ മീഡിയ സംഗമമായ ലക്ഷ്യ 2024 ന്റെ ഉദ്ഘാടന ചടങ്ങിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.

50,000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. സമ്മാനത്തുക സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളുടെ പഠനത്തിനായി ഉണ്ണി മുകുന്ദന്‍ നല്‍കി. സോഷ്യല്‍ മീഡിയയില്‍ സ്വാധീനം ചെലുത്തുന്ന മികച്ച 10 പേര്‍ക്ക് 10,000 രൂപ വീതമുള്ള എക്‌സലന്‍സ് അവാര്‍ഡും ചടങ്ങില്‍ പ്രഖ്യാപിച്ചു. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദ ബോസ് പരിപാടി ഉദ്ഘാടനം ചെയ്തു.

‘ഭാരതത്തെ ശിഥിലമാക്കാന്‍ ഉദ്ദേശിച്ചുള്ള ആഖ്യാനങ്ങളെ ചെറുത്ത് തോല്‍പ്പിക്കണം. ഇന്ന് സോഷ്യല്‍ മീഡിയയില്‍ അത്തരം ആഖ്യാനങ്ങള്‍ കൂടുതലായി കാണുന്നു. അതില്‍ സത്യവും അസത്യവുമുണ്ട്,’ ബോസ് പറഞ്ഞു.

ആരു തടയാന്‍ ശ്രമിച്ചാലും ഇന്ത്യ മുന്നോട്ട് പോകുമെന്നും ‘ഇന്ത്യ ഒരു മഹത്തായ രാജ്യമാണ്. അത് ലോകമെമ്പാടും അംഗീകരിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ ഇവിടെ മാത്രമാണ് ഇത് ചിലര്‍ക്ക് പ്രശ്‌നമായിരിക്കുന്നത്,’ എന്നും അദ്ദേഹം പറഞ്ഞു.

Vijayasree Vijayasree :