നഞ്ചിയമ്മയ്ക്ക് സ്റ്റാന്‍ഡിങ്ങ് ഒവേഷന്‍; അഭിനന്ദിച്ച് കേന്ദ്രമന്ത്രി അനുരാഗ് സിംഗ് താക്കൂർ, എല്ലാവർക്കും വേണ്ടി നഞ്ചിയമ്മയുടെ വക ആ ഗാനവും

മികച്ച ​ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം ഇത്തവണ ഏറ്റുവാങ്ങിയത് മലയാളത്തിന്റെ പ്രിയ ഗായിക നഞ്ചിയമ്മയായിരുന്നു. പുരസ്‌കാര വേദിയിൽ ഗായിക നഞ്ചിയമ്മയ്ക്ക് സ്റ്റാന്റിംഗ് ഒവേഷനോടെയുള്ള എതിരേൽപ്പ്. വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ സദസ്സ് ഒരേപോലെ എഴുന്നേറ്റ് നിന്നാണ് നഞ്ചിയമ്മയ്ക്ക് ആധരവ് നൽകിയത്.

നഞ്ചിയമ്മയെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി അനുരാഗ് സിംഗ് താക്കൂർ. പുരസ്കാര ചടങ്ങിന് എത്തിയ നഞ്ചിയമ്മ ‘കളക്കാത്ത സന്ദനമേറം… പൂത്തിരിക്കും പൂപറിക്കാ പോകിലാമോ…’എന്ന ഗാനം പാടുന്ന ദൃശ്യവും അനുരാഗ് സിംഗ് താക്കൂർ ട്വിറ്ററില്‍ പങ്കുവച്ചു.

മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരമാണ് നഞ്ചിയമ്മ രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിൽ നിന്ന് സ്വീകരിച്ചത്. അയ്യപ്പനും കോശിയും എന്ന സിനിമയിലൂടെയാണ് നഞ്ചിയമ്മ പുരസ്‌കാരത്തിന് അർഹയായത്. പുരസ്കാരം ഗോത്ര വിഭാഗത്തിൽ നിന്നുള്ള ഒരാളിൽ നിന്നും ഏറ്റുവാങ്ങുന്നതിൽ അഭിമാനമുണ്ടെന്ന് നഞ്ചിയമ്മ ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു.

മികച്ച നടിയ്ക്കുള്ള പുരസ്‌കാരം നടി അപർണ ബാലമുരളി ഏറ്റുവാങ്ങി. ‘സൂരറൈ പോട്ര്’ എന്ന ചിത്രത്തിലൂടെയാണ് അപർണ ബലമുരളിയ്ക്ക് പുരസ്‌കാരം ലഭിച്ചത്. മികച്ച നടനുള്ള പുരസ്‌കാരം സൂര്യ, അജയ് ദേവ്ഗൺ എന്നിവർ ഏറ്റുവാങ്ങി. അന്തരിച്ച സംവിധായകൻ സച്ചിയായിരുന്നു മികച്ച സംവിധായകനുള്ള പുരസ്‌കാരത്തിന് അർഹനായത്. സച്ചിയ്ക്കായി പുരസ്‌കാരം സ്വീകരിച്ചത് ഭാര്യ സിജി സച്ചിയായിരുന്നു. മികച്ച സഹനടനുള്ള പുരസ്‌കാരം അയ്യപ്പനും കോശിയും എന്ന സിനിമയിലൂടെ ബിജു മേനോൻ കൈപ്പറ്റി. ഈ വർഷത്തെ ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം മുതിർന്ന നടി ആശ പരേഖ് സ്വീകരിച്ചു.

‘തിങ്കളാഴ്ച നിശ്ചയ’ത്തിലൂടെ മികച്ച മലയാളം സിനിമയ്ക്കുള്ള പുരസ്‌കാരം സെന്ന ഹെഗ്‌ഡെ സ്വീകരിച്ചു. സംഘട്ടനം -മാഫിയാ ശശി, രാജശേഖര്‍, സുപ്രീം സുന്ദര്‍ (അയ്യപ്പനും കോശിയും), ഓഡിയോഗ്രഫി -വിഷ്ണു ഗോവിന്ദ് (മാലിക്), സിനിമാ പുസ്തകം -അനൂപ് രാമകൃഷ്ണന്‍ (എം ടി അനുഭവങ്ങളുടെ പുസ്തകം), ഛായാഗ്രഹണം -നിഖില്‍ എസ് പ്രവീണ്‍ (ശബ്ദിക്കുന്ന കലപ്പ), വിദ്യാഭ്യാസചിത്രം -ഡ്രീമിങ് ഓഫ് വേര്‍ഡ്‌സ് (സംവിധാനം: നന്ദന്‍), പ്രൊഡക്ഷന്‍ ഡിസൈന്‍ – അനീസ് നാടോടി (കപ്പേള) എന്നിവയാണ് മലയാളത്തിന് ലഭിച്ച മറ്റു പ്രധാന പുരസ്‌കാരങ്ങൾ.

Noora T Noora T :