അപകട ശേഷം ദിവ്യ ഖേദം പ്രകടിപ്പിക്കുകയോ വന്നുകാണുകയോ ഒന്ന് വിളിക്കുകയോ ചെയ്തില്ല, അത് വല്ലാതെ വിഷമിപ്പിച്ചു; ഉമ തോമസ്

മൃദംഗനാദം എന്ന പേരിൽ 12000ത്തോളം നർത്തകരെ ഉൾപ്പെടുത്തി എട്ട് മിനിറ്റ് ദൈർഘ്യമുള്ള ഭരതനാട്യം അവതരിപ്പിച്ചാണ് ദിവ്യ ഉണ്ണിയും സംഘവും ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയത്. നൃത്തം കൊറിയോഗ്രാഫി ചെയ്ത് മുന്നിൽ നിന്നും ലീഡ് ചെയ്തതും ദിവ്യ തന്നെയായിരുന്നു. സിനിമാ-സീരിയൽ രംഗത്ത് പ്രവർത്തിക്കുന്ന താരങ്ങളും അവരുടെ വിദ്യാർത്ഥികളും വരെ ഇതിൽ ഉൾപ്പെടുന്നു.

ദേവി ചന്ദന, ഉത്തര ഉണ്ണി, ഋതു മന്ത്ര, പാരിസ് ലക്ഷ്മി തുടങ്ങിയവരും അവരുടെ ശിഷ്യരും മൃദംഗനാദത്തിൽ പങ്കാളികളായിരുന്നു. ഒരേസമയം 12000 പേരാണ് ഭരതനാട്യം ചെയ്തത്. എന്നാൽ ഈ സംഭവം വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. ഉമാ തോമസ് എംഎൽഎ അപകടത്തിൽപ്പെട്ടതും നൃത്തപരിപാടിയുടെ പേരിൽ കൊള്ളലാഭം കൊയ്തതുമായുള്ള വാർത്തകൾ പുറത്തെത്തിയിരുന്നു.

ഇപ്പോഴിതാ കലൂർ സ്റ്റേഡിയത്തിൽ സ്റ്റേജ് കെട്ടിപ്പൊക്കിയതിൽ ​ഗുരുതരമായ വീഴ്ചയാണ് ഉത്തരവാദിത്വപ്പെട്ടവർക്ക് സംഭവിച്ചതെന്ന് പറയുകയാണ് ഉമ തോമസ്. സ്റ്റേജ് നിർമിച്ചതിൽ ​വലിയ വീഴ്ച സംഭവിച്ചിട്ടുണ്ട്. കുട്ടികൾ മണ്ണപ്പം ഉണ്ടാക്കുന്നതുപോലെയാണ് വേദി ഒരുക്കിയത്. GCDAയ്‌ക്കും (Greater Cochin Development Authority) പൊലീസിനും ക്ലീൻ ചിറ്റ് നൽകിയത് തെറ്റാണ്.

സംഘാടകർക്ക് മാത്രമാണ് തെറ്റുപറ്റിയതെന്ന് വരുത്തിതീർക്കാൻ ശ്രമം നടന്നു. കരാർ ഉൾപ്പടെയുള്ളവ പരിശോധിച്ച് ഉത്തരവാദിത്വപ്പെട്ട എല്ലാവർക്കുമെതിരെ നടപടി സ്വീകരിക്കേണ്ടതായിരുന്നു. താൻ വീണതുകൊണ്ട് മാത്രമാണ് സ്റ്റേജിന്റെ അപാകത പുറംലോകം അറിഞ്ഞത്. അപകടം സംഭവിച്ചത് കുട്ടികൾക്കായിരുന്നുവെങ്കിലോ.

പരിപാടിക്ക് നേതൃത്വം നൽകിയ നടി ദിവ്യ ഉണ്ണി ഖേദപ്രകടനം നടത്താൻ പോലും തയ്യാറാകാതിരുന്നത് ഏറെ വിഷമിപ്പിച്ചു. അപകടം സംഭവിച്ചതിന് ശേഷം ദിവ്യ ഖേദം പ്രകടിപ്പിക്കുകയോ വന്നുകാണുകയോ വിളിക്കുകയോ ചെയ്തില്ല. ഒരുദിവസം മഞ്ജു വാരിയർ തന്നെ കാണാൻ വന്നപ്പോൾ ഇക്കാര്യത്തെക്കുറിച്ച് താൻ വിഷമം പറഞ്ഞിരുന്നു.

അതിന് ശേഷം വന്ന ഒരു അവധി ദിവസമാണ് ദിവ്യ വിളിച്ചത്. കോൾ വന്നപ്പോൾ താൻ ചോദിച്ചു. ഇത് ദിവ്യ തന്നെ ആണോയെന്ന്. ദിവ്യ ഉണ്ണിയെ പോലെയുള്ളവർ സാമൂഹിക ഉത്തരവാദിത്വങ്ങൾ മറക്കരുതെന്നും ഉമാ തോമസ് പറഞ്ഞു. ഈ വിവാദങ്ങൾക്കിടെ ദിവ്യ ഉണ്ണി അമേരിക്കയിലേയ്ക്ക് മടങ്ങി പോകുകയും ചെയ്തിരുന്നു.

ഉമാ തോമസ് എംഎൽഎ അപകടത്തിൽപ്പെട്ട സംഭവത്തിൽ നടിയുടെ മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് നേരത്തേ പറഞ്ഞിരുന്നു. ഈ വേളയിലാണ് തലേദവിസം രാത്രി 11.30ന് തന്നെ കൊച്ചി വിമാനത്താവളത്തിൽ നിന്ന് സിംഗപ്പൂർ വഴി അമേരിക്കയിലേക്ക് പോകുന്ന ഫ്ലൈറ്റിൽ ദിവ്യ ഉണ്ണി മടങ്ങിയത്.

പരിപാടിയുടെ ബ്രാൻഡ് അംബാസഡറായിരുന്നു ദിവ്യ ഉണ്ണി. ഇതിലൂടെ നടിക്ക് കിട്ടിയ പ്രതിഫലം ഉൾപ്പെടെ അന്വേഷിക്കാനിരിക്കുകയായിരുന്നു. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം നടിയിലേക്ക് നീളുന്നതിനിടെയാണ് മടങ്ങിപ്പോക്ക്. പരിപാടിയുടെ നടത്തിപ്പ് സംബന്ധിച്ച് പല പരാതികളും ഉയർന്ന് വന്നിരുന്നു.

പരിപാടിക്കായി 3500 രൂപ ഓരോ കുട്ടിയിൽ നിന്നും ഈടാക്കിയിട്ടും യാതൊരു ക്രമീകരണവും കുട്ടികൾക്കായി ഒരുക്കി നൽകിയില്ലെന്നും ഈ തുകയ്ക്ക് യാതൊരു തരത്തിലുള്ള രശീതും നൽകിയിട്ടില്ലെന്നും ആരോപണമുയർന്നു. നൃത്തപരിപാടിയുടെ സാരി ഡാൻസ് സ്‌കൂളിൽനിന്ന് നൽകുകയായിരുന്നു. ആ സാരി സ്‌പോൺസർ നൽകിയതാണെന്നാണ് പറഞ്ഞത്.

അത് തയ്പ്പിച്ചതും മേക്കപ്പ്, യാത്രാച്ചെലവ് തുടങ്ങിയവയെല്ലാം പങ്കെടുത്തവർ തന്നെയാണ് വഹിച്ചത്. രജിസ്‌ട്രേഷനെന്ന് പറഞ്ഞാണ് മാസങ്ങൾക്ക് മുൻപേ രണ്ടായിരം വാങ്ങിയതെന്നും ഇവർ പറയുന്നു.പലരിൽ നിന്നും പല തുകയാണ് കൈപറ്റിയിരുന്നത്. അയ്യായ്യിരം രൂപയിലേറെ നൽകിയും പരിപാടിയുടെ ഭാഗമായവരുണ്ട്.

Vijayasree Vijayasree :